PR Sunu | തൃക്കാക്കര ബലാത്സംഗക്കേസ്: ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ എഡിജിപിയുടെ നിര്‍ദേശം
Nov 20, 2022, 14:28 IST
കോഴിക്കോട്: (www.kvartha.com) തൃക്കാക്കര ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശം. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ആരോപണം ഉയരുന്നതിനിടെ ഞായറാഴ്ച രാവിലെ ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.
ഒരാഴ്ച മുന്‍പാണ് പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ആരോപണം ഉന്നയിച്ച രണ്ട് വ്യക്തികളുടെ ഫോണ്‍ ലൊകേഷന്‍ സംഭവസമയത്ത് മറ്റ് സ്ഥലങ്ങളിലാണ് കാണിക്കുന്നത് എന്നുമായിരുന്നു പൊലീസിന്റെ വാദം. അതുകൊണ്ടുതന്നെ തെളിവുകള്‍ ഇല്ലാതെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.
ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉള്‍പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവില്‍ അവസാനിപ്പിച്ച കേസ് ഉള്‍പെടെ പുനഃപരിശോധിക്കണമെന്നാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുനു സേനയില്‍ തുടര്‍ന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.
തൃക്കാക്കരയില്‍ അടുത്തിടെ രെജിസ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗ കേസിലും സുനു ആരോപണവിധേയനായതോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വകുപ്പ് തല അന്വേഷണങ്ങളില്‍ ചെറുതും വലതുമായ അച്ചടക്ക നടപടികള്‍ നേരിട്ടെങ്കിലും കടുത്ത നടപടിയിലേക്ക് കടന്നില്ല.
തൃക്കാക്കര കേസില്‍ സുനു സംശയ നിഴലിലാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ സുനു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനല്‍ കേസുകള്‍ കോടതിയുടെയും പരിഗണനയിലാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും ശിക്ഷിച്ചാല്‍ മാത്രമേ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുത് ഉപയോഗിച്ചാണ് സുനു പൊലീസില്‍ തുടരുന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപാട്‌മെന്റല്‍ ഇന്‍ക്വറി പണിഷ്‌മെന്റ് ആന്‍ഡ് അപീല്‍ റൂള്‍സ് 36 (എ) പ്രകാരമാണ് പുനഃപരിശോധന. പൊലീസ് പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളില്‍ പുനഃപരിശോധനാധികാരം സര്‍കക്കാരിനാണ്.
അതുകൊണ്ടാണ് ആഭ്യന്തര സെക്രടറിയോട് പുനഃപരിശോധനക്ക് റിപോര്‍ട് നല്‍കിയത്. പുനഃപരിശോധയില്‍ സുനുവിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സര്‍കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല.
Keywords: Thrikkakara molest case: ADGP asks accused CI PR Sunu to go on leave, Kozhikode, News, Molestation, Allegation, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.