CI Sunu | യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതി ചേര്‍ത്ത സി ഐ സുനു ഡ്യൂടിക്കെത്തി; തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമെന്ന് വകുപ്പിന് ബോധ്യമുണ്ടെന്നും ന്യായീകരണം
Nov 20, 2022, 13:47 IST
കോഴിക്കോട്: (www.kvartha.com) ബലാത്സംഗം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു വീണ്ടും ഡ്യൂടിക്കെത്തി. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ സുനുവിനെ ചോദ്യം ചെയ്യലിനു ശേഷം പൊലീസ് വിട്ടയച്ചിരുന്നു.
എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നു വകുപ്പിന് ബോധ്യമുണ്ടെന്നും അതിനാലാണ് ഡ്യൂടിക്കെത്തിയതെന്നുമാണ് സുനുവിന്റെ ന്യായീകരണം. ഒരു കേസ് പോലും തന്റെ പേരില്‍ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം. കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സുനുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതെന്ന് നേരത്തെ എറണാകുളം സിറ്റി ഡപ്യൂടി പൊലീസ് കമിഷണര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
മൊഴിയില്‍ ചില വൈരുധ്യങ്ങള്‍ ഉള്ളതിനാലാണ് അറസ്റ്റു ചെയ്യാതിരുന്നത് എന്ന വിശദീകരണവും നല്‍കിയിരുന്നു. കേസില്‍ ഉള്‍പെട്ടതോടെ പിആര്‍ സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രടറിക്ക് റിപോര്‍ട് നല്‍കിയിയിരുന്നു.
പ്രതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വകുപ്പുതല നടപടികളിലേക്കു കടക്കൂ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതിക്കാരി നല്‍കിയ രണ്ടു മൊഴികളില്‍ പ്രകടമായ വൈരുധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവര്‍ പറയുന്ന തീയതികളില്‍ ഇരുവരും വ്യത്യസ്ത ടെലിഫോണ്‍ ടവര്‍ ലൊകേഷനുകളിലായിരുന്നുവെന്നും പറയുന്നു. കൃത്യമായ സാഹചര്യ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
പത്തു പേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നും പറയുന്നു. വ്യക്തമായ അന്വേഷണത്തിനു ശേഷം മാത്രമേ അറസ്റ്റു വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുനു ഞായറാഴ്ച ഡ്യൂടിക്ക് എത്തിയത്.
സുനു ഇപ്പോള്‍ പ്രതിയായ ആറ് ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. ആറു മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ ഒമ്പതു തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു. പിരിച്ചുവിടണമെങ്കില്‍ പുതിയ വകുപ്പുതല അന്വേഷണവും സാക്ഷി വിസ്താരവും ഉള്‍പെടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാല്‍ മാത്രമേ നടപടിക്ക് തുടക്കമാവൂ.
Keywords: Thrikkakara gang molest: CI Sunu released for lack of evidence, returns to duty, says has not seen complainant, Kozhikode, News, Molestation, Accused, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.