Uma Thomas | തൃക്കാക്കരയിലുടനീളം ഉമാതരംഗം; വോടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ പിന്നോട്ട് പോകാതെ തേരോട്ടം തുടരുന്നു; ലീഡ് ചെയ്യുന്നത് 17,782 വോടിന്; റെകോര്‍ഡ് ഭൂരിപക്ഷം നേടുമോ എന്ന് ഉറ്റുനോക്കി യുഡിഎഫ്

 


കൊച്ചി: (www.kvartha.com) തൃക്കാക്കരയിലുടനീളം ഉമാതരംഗം. വോടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ പിന്നോട്ട് പോകാതെ തേരോട്ടം തുടരുന്ന കാഴ്ചയാണ് കാണുന്നത്. ലീഡ് ചെയ്യുന്നത് 17,782 വോടിന്. ഉമ റെകോര്‍ഡ് ഭൂരിപക്ഷം നേടുമോ എന്നാണ് ഇപ്പോള്‍ യുഡിഎഫ് ഉറ്റുനോക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും ഒപ്പമെത്താനോ വെല്ലുവിളി ഉയര്‍ത്താന്‍ പോലുമോ കഴിയാതെ എല്‍ഡിഎഫ് പിന്നിലാകുകയും ചെയ്തു.

Uma Thomas | തൃക്കാക്കരയിലുടനീളം ഉമാതരംഗം; വോടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ പിന്നോട്ട് പോകാതെ തേരോട്ടം തുടരുന്നു; ലീഡ് ചെയ്യുന്നത് 17,782 വോടിന്; റെകോര്‍ഡ് ഭൂരിപക്ഷം നേടുമോ എന്ന് ഉറ്റുനോക്കി യുഡിഎഫ്

പ്രചാരണ വിഷയം വികസനത്തില്‍നിന്ന് വര്‍ഗീയതയിലേക്കും പിന്നീട് വ്യക്തിഹത്യയിലേക്കും വഴിമാറിയ കാഴ്ചയാണ് തൃക്കാക്കരയില്‍ കണ്ടത്. വ്യക്തിഹത്യയ്‌ക്കൊടുവില്‍ പിടിയുടെ ഉമയ്ക്ക് വന്‍വിജയം.

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഭരണസംവിധാനവും എല്ലാമായി കാടിളക്കി പ്രചരണം നടത്തിയിട്ടും തൃക്കാക്കര ഉമയ്‌ക്കൊപ്പം നിന്നു. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ ഭാര്യയെത്തന്നെ മണ്ഡലം നിലനിര്‍ത്താന്‍ കളത്തിലിറക്കിയ യുഡിഎഫിന് പിഴച്ചില്ലെന്നു മാത്രമല്ല മുന്‍ വിജയങ്ങളെ കവച്ചു വയ്ക്കുന്നതുമായി ഇത്തവണത്തെ നേട്ടം.

വോടെണ്ണല്‍ തുടങ്ങുന്നതു വരെ നേരിയ വിജയപ്രതീക്ഷ എല്‍ഡിഎഫിന് ഉണ്ടായിരുന്നു എങ്കില്‍ വോടെണ്ണല്‍ തുടങ്ങിയതിനു ശേഷം ഒരു ഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കണക്കുകള്‍ പറയുന്നത്, പിടി നേടിയതിനേക്കാള്‍ വലിയ മുന്നേറ്റമാണ് ഉമ തുടക്കം മുതല്‍ പുലര്‍ത്തിയത് എന്നാണ്.

2021 ല്‍ ആദ്യ റൗന്‍ഡ് വോടെണ്ണിക്കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ ലീഡ് നില 1258 ആയിരുന്നെങ്കില്‍ ഇത്തവണ അത് 2249 ആയി. രണ്ടാം റൗന്‍ഡില്‍ പിടിക്ക് 1180 വോട് ആയിരുന്നെങ്കില്‍ ഉമ നേടിയത് 1867 വോടുകള്‍. കഴിഞ്ഞ വര്‍ഷം മൂന്നാം റൗന്‍ഡില്‍ ലീഡ് 597 ആയിരുന്നെങ്കില്‍ ഇത്തവണ അത് 2371 ആയിരുന്നു എന്നതു തന്നെ യുഡിഎഫ് നേടിയ മേല്‍ക്കൈ വ്യക്തമാക്കുന്നതാണ്.

ഈ ലീഡ് നില ഒടുക്കം വരെ നിലനിര്‍ത്താന്‍ ഉമ തോമസിനായി. പലപ്പോഴും പിടിയുടെ ഓര്‍മകളില്‍ ഉമ വിതുമ്പിയപ്പോള്‍ അതിനെ അപഹസിച്ചു കൊണ്ടുള്ള സൈബര്‍ പ്രചാരണമടക്കം തൃക്കാക്കരയിലെ വോടര്‍മാര്‍ അത്ര ലഘുവായല്ല കണ്ടത് എന്നതും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പിടിയെ വിജയിപ്പിച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തിന്റെ പ്രിയഭാര്യയെ കൈവിട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ഭൂരിപക്ഷവും നല്‍കി.

പതിവിനു വിപരീതമായി വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങി എന്നതാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണത്തിന്റെ പ്രത്യേകത. സ്ലിപ് വിതരണവും വോടര്‍ പട്ടികയില്‍ ആളെ ചേര്‍ക്കലുമൊക്കെ നേരത്തേ പൂര്‍ത്തിയാക്കാനും ഫ്‌ളാറ്റ് വാസികളിലേക്ക് വരെ വോടഭ്യര്‍ഥന എത്തിക്കാനും കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വത്തിനായി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുതലുള്ള കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടിയും എന്‍കെ പ്രേമചന്ദ്രനും അടക്കമുള്ള ഘടകകക്ഷി നേതാക്കളുമൊക്കെ പ്രചാരണത്തിനെത്തി. കേരളത്തിലേക്ക് തിരിച്ചെത്തിയ എകെ ആന്റണിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ സംസ്ഥാന സര്‍കാരിനെതിരെ രംഗത്തെത്തി.

99 സീറ്റുകള്‍ ഉണ്ടായിട്ടും സെഞ്ച്വറി തികയ്ക്കാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ച് പ്രചരണം നടത്തിയിട്ടും അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല. രണ്ടാം പിണറായി സര്‍കാര്‍ ഒന്നാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ തെരഞ്ഞെടുപ്പ് പരാജയം ഒരു തിരിച്ചടി തന്നെയാണ്.

Keywords: Thrikkakara By- Election: Uma Thomas Leading by 17,782 votes, Kochi, News, By-election, Congress, Trending, Result, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia