ഗ്രാമത്തില്‍ മാരക രോഗങ്ങളുമായി മൂന്ന് സ്ത്രീകള്‍

 


ഗ്രാമത്തില്‍ മാരക രോഗങ്ങളുമായി മൂന്ന് സ്ത്രീകള്‍
രോഗബാധിതയായ ബേബിയും അമ്മ കാരിച്ചിയും 
കാഞ്ഞങ്ങാട് : ഗ്രാമത്തിന്റെ വേദനയായി മൂന്ന് സ്ത്രീകള്‍ മാരകരോഗത്തിന് അടിമപ്പെട്ട് ദുരിതമനുഭവിക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍പെട്ട മോനാച്ചയിലാണ് 200 മീറ്റര്‍ ചുറ്റളവില്‍ രോഗ ബാധയില്‍ തളര്‍ന്ന മനസ്സും ശരീരവുമായി മൂന്ന് സ്ത്രീകള്‍ ജീവിതം തള്ളിനീക്കുന്നത്.

മോനാച്ചയിലെ ബേബി (42), പൂച്ചക്കാടന്‍ വീട്ടില്‍ ഗംഗാധരന്റെ ഭാര്യ പി.ശോഭന (38), പച്ചിക്കാരന്‍ വീട്ടില്‍ വി. ഓമന (55) എന്നിവരാണ് മാരക രോഗങ്ങളുടെ പിടിയില്‍പ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍ കഴിക്കുന്നത്. കാസര്‍കോട് കെല്ലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ബേബിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് മാരകരോഗമായ കാന്‍സറാണ്. അവിവാഹിതയായ ബേബി മാതാവ് കാരിച്ചിയോടൊപ്പമാണ് താമസിക്കുന്നത്. രോഗ ബാധയെ തുടര്‍ന്ന് ബേബിയുടെ സഹോദരി നളിനി നേരത്തെ മരണപ്പെട്ടിരുന്നു. 2006 ല്‍ സ്താനാര്‍ബുദം ബാധിച്ചതോടെ ബേബിയുടെ ജീവിതം ഇരുളടഞ്ഞു. നിരവധി തവണ ചികിത്സയും ശസ്ത്രക്രിയകളും നടത്തിയതിനെ തുടര്‍ന്ന് സ്തനാര്‍ബുദം ഭേദപ്പെട്ടുവരുന്നതിനിടയില്‍ ബേബിയുടെ ഗര്‍ഭ പാത്രത്തിലും കാന്‍സര്‍ ബാധിച്ചു. തിരുവന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ബേബി ചികിത്സ തുടരുകയാണ്. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ബേബിക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ളതിനാല്‍ മാതാവ് കാരിച്ചിക്കും ജോലി ചെയ്യാന്‍ കഴിയുന്നില്ല. തുടര്‍ ചികിത്സ നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ബേബിയും കാരിച്ചിയും ഇനിയെന്തു ചെയ്യുമെന്നറിയാതെ നിസഹായവസ്ഥയിലാണ്.


ഗ്രാമത്തില്‍ മാരക രോഗങ്ങളുമായി മൂന്ന് സ്ത്രീകള്‍
ഓമനയും ജ്യേഷ്ഠന്‍ തമ്പാനും 
മോനാച്ച പൂച്ചക്കാടന്‍ വീട്ടിലെ പി ശോഭനയും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. രണ്ട് മാസം മുമ്പാണ് ശോഭയ്ക്ക് ഗര്‍ഭപാത്രത്തില്‍ അര്‍ബുദം ബാധിച്ചത്. മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ശോഭനയുടെ രോഗം ഇതുവരെ ഭേദമായിട്ടില്ല. നാല് തവണ കീമോതെറാപ്പി ചികിത്സയ്ക്ക് ശോഭന വിധേയയാകണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ രണ്ട് തവണ കീമോതെറാപ്പി ചികിത്സ നടത്തി. ശസ്ത്രക്രിയയ്ക്ക് മാത്രമായി 35,000 രൂപ ചെലവായി. മൊത്തം ഒരു ലക്ഷത്തോളം രൂപ ശോഭനയുടെ ചികിത്സയ്ക്ക് ചിലവഴിച്ചിട്ടുണ്ട്. മീങ്ങോത്ത് അംഗണ്‍വാടിയില്‍ അധ്യാപികയായി ജോലിചെയ്തിരുന്ന ശോഭനയ്ക്ക് രോഗത്തിന്റെ അവശത കാരണം രണ്ട് മാസക്കാലമായി ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഭര്‍ത്താവ് ഗംഗാധരന്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഗംഗാധരന്‍ - ശോഭന ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. 10 വയസുകാരി മൂത്തമകള്‍ ഗ്രീന ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഇളയമകള്‍ എട്ടുവയസുകാരിയായ ഗീതു പെരിയ ഗവ.എല്‍പി സ്‌കൂളിലും പഠിക്കുന്നു. ശോഭനയുടെ ചികിത്സാ ചെലവിനും കുട്ടികളുടെ പഠന ചെലവിനും പുറമെ കുടുംബം പുലര്‍ത്തേണ്ട ഉത്തരവാദിത്വം കൂടി ഗംഗാധരന് ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്. ശോഭനയുടെ സഹോദരിയായ സരോജിനി (35)യും മാരക രോഗത്തിന്റെ പിടിയിലാണ്.

ശോഭനയുടെ മാതാപിതാക്കളായ കേളുവും ഇച്ചിരയും വിവിധ രോഗങ്ങള്‍ മൂലം വലയുന്നു. കേളുവും കുടുംബത്തെ സഹായിക്കാന്‍ കൂലിവേല ചെയ്യുന്നു. അതെസമയം പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ കേളുവിനെ അലട്ടുകയാണ്. ശോഭനയെ പരിചരിക്കേണ്ടതിനാല്‍ മാതാവ് ഇച്ചിരയ്ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അംഗണ്‍വാടി വര്‍ക്കര്‍മാരുടെയും നാട്ടുകാരുടെയും സഹായങ്ങള്‍ മാത്രമാണ് ശോഭനയുടെ കുടുംബത്തിന് അല്‍പമെങ്കിലും ആശ്വാസം.
ഗ്രാമത്തില്‍ മാരക രോഗങ്ങളുമായി മൂന്ന് സ്ത്രീകള്‍
കിടപ്പിലായ ശോഭനയും അമ്മയും 


തലച്ചോറിന് അസുഖം ബാധിച്ച് മോനാച്ച പച്ചിക്കാരന്‍വീട്ടില്‍ വി ഓമനയും ശോഭനയെയും ബേബിയെയും പോലെ ജീവിതത്തോടും മരണത്തോടുംപൊരുതുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ആലയിലെ നാരായണന്‍ ഉപേക്ഷിച്ച് പോയതോടെ ഓമന ജീവിതത്തില്‍ തനിച്ചാവുകയായിരുന്നു. ഇതിനിടെയാണ് ഓമനയുടെ തലച്ചോറിന് ഗുരുതരമായ രോഗം ബാധിച്ചത്. തലച്ചോറിലേക്കുള്ള രണ്ട് നാഡികളില്‍ രക്തം കട്ടകെട്ടുന്ന അസുഖവും മാരകമായ വൃക്കരോഗവുമാണ് ഓമനയുടെ ജീവിതം തളര്‍ത്തിയത്. കൂലിപ്പണി ചെയ്താണ് ഓമന നേരത്തെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. രോഗത്തിന്റെ കാഠിന്യമേറിയതോടെ ഓമനയ്ക്ക് ഒരു ജോലിയും ചെയ്യാന്‍ കഴിയുന്നില്ല. ഓമനയ്‌ക്കൊപ്പം താമസിക്കുന്ന ജ്യേഷ്ഠന്‍ തമ്പാന്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് അടിമയാണ്. മാത്രമല്ല ചിലപ്പോള്‍ തമ്പാന്‍ അക്രമാസക്തനാവുകയും ചെയ്യുന്നു. എല്ലാമാസവും ശോഭനയ്ക്ക് 3, 000 രൂപയുടെ മരുന്നുകള്‍ ആവശ്യമാണ്. ഓമനയുടെ ഏക മകള്‍ സുമതി വിവാഹിതയായി കണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പമാണ് താമസം. രോഗവും കണ്ണീരുമായി കഴിയുന്ന ഈ വീട്ടമ്മമാര്‍ക്ക് മുന്നില്‍ സഹായ ഹസ്തവുമായി ആരെങ്കിലും വരുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Keywords:  kasaragod, kanhangad, Kerala, Women 










ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia