പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു; പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു; ധീരജവാന്റെ മൃതദേഹം അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പിക്കാനും എത്തിയത് ആയിരങ്ങള്‍

 


തൃശൂര്‍: (www.kvartha.com 11.12.2021) കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. 

ഇവിടെ പൊതുദര്‍ശനത്തിനുവച്ചശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുപോകും. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പിക്കാന്‍ ആയിരങ്ങള്‍ സ്‌കൂളിലേക്ക് ഒഴുകിയെത്തുകയാണ്. 

സംസ്‌കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സുലൂര്‍ വ്യോമതാവളത്തില്‍ നിന്നു വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. ഉച്ചയ്ക്കു 12.30 ന് വിലാപയാത്ര വാളയാര്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പിച്ചു. 

പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു; പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു; ധീരജവാന്റെ മൃതദേഹം അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പിക്കാനും എത്തിയത് ആയിരങ്ങള്‍

ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികള്‍ അര്‍പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നവര്‍ മണിക്കൂറുകളോളമാണ് വിലാപയാത്ര വരുന്ന വഴിയില്‍ കാത്തുനിന്നത്.

ഡെല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഇവിടെവച്ചു ടി എന്‍ പ്രതാപന്‍ എംപി ആദരാഞ്ജലി അര്‍പിച്ചു. 

ടി എന്‍ പ്രതാപനും കേന്ദ്രമന്ത്രി വി മുരളീധരനും ആംബുലന്‍സിനെ സുലൂരില്‍ നിന്നു അനുഗമിച്ചു. മരണവിവരം അറിഞ്ഞയുടന്‍ പ്രദീപിന്റെ സഹോദരന്‍ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാന്‍ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാല്‍ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനല്‍കൂ എന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സഹോദരന്‍ തൃശൂരിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന്‍ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസിലാക്കാനാകാത്തവിധം വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണന്‍ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് അമ്മ കുമാരി.

വെന്റിലേറ്ററില്‍ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട ഹെലികോപ്റ്ററിന്റെ ഫ് ളൈറ്റ് ഗണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 

ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകള്‍കെതിരായ ഓപെറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉള്‍പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. ആറു മാസം മുന്‍പാണു കോയമ്പത്തൂര്‍ സൂലൂരിലെത്തിയത്.

Keywords:  Thousands gather to pay homage to IAF officer Pradeep, Thrissur, News, Dead Body, Helicopter Collision, Funeral, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia