Sentencing | തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈകോടതി
● പ്രതികള്‍ ഓരോരുത്തരും 1.10 ലക്ഷം രൂപ പിഴ ഒടുക്കണം
● കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവര്‍
● പിഴ തുകയില്‍ 5 ലക്ഷം ഷിബിന്റെ പിതാവിന് നല്‍കണം
● ബാക്കി തുക പരുക്കേറ്റവര്‍ക്ക്
കൊച്ചി: (KVARTHA) ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന നാദാപുരം തൂണേരിയിലെ ഷിബിന്‍ വധക്കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈകോടതി. വിചാരണക്കോടതി വിട്ടയച്ച പ്രതികള്‍ക്കാണ് ഹൈകോടതി ജീവപര്യന്തം ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും വിധിച്ചത്. ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈകോടതി ശിക്ഷ പ്രഖ്യാപിച്ചത്.
പിഴ തുകയില്‍ അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവര്‍ക്കും തുല്യമായി നല്‍കണമെന്ന് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി ഒളിവിലുള്ള ഇസ്മഈല്‍, രണ്ടാം പ്രതി സഹോദരന്‍ മുനീര്‍, നാലാം പ്രതി സിദ്ദീഖ്, അഞ്ചാം പ്രതി മുഹമ്മദ് അനീസ്, ആറാം പ്രതി ഷുഐബ്, 15ാം പ്രതി ജാസിം, 16ാം പ്രതി സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇവര്‍ക്കൊപ്പം വിചാരണ കോടതി വിട്ടയിച്ചിരുന്ന മൂന്നാം പ്രതി അസ്ലാമും കുറ്റക്കാരനാണെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിട്ടയച്ചതിന് പിന്നാലെ അസ്ലാം കൊല്ലപ്പെട്ടു.
പ്രതികള്‍ ഓരോരുത്തരും പിഴ നല്‍കേണ്ടത് 1.10 ലക്ഷം രൂപ. ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം ആറു മാസം കഠിന തടവ്, ഒരു വര്‍ഷം കഠിന തടവ്, രണ്ടുവര്‍ഷം കഠിന തടവ്, മൂന്നു വര്‍ഷം കഠിന തടവ് എന്നിവയ്ക്കു പുറമെയാണ് ജീവപര്യന്തം ശിക്ഷ. ഇതെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. നാലാം പ്രതി സിദ്ദീഖിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2015 ജനുവരി 22നായിരുന്നു ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡി വൈ എഫ് ഐ - സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കി എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതി 17 പ്രതികളെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാരും ഷിബിന്റെ പിതാവ് ഭാസ്‌കരന്‍, ആക്രമണത്തില്‍ പരുക്കേറ്റവര്‍ എന്നിവര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഹൈകോടതി 1, 2, 4, 5, 6, 15, 16 പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇവരെ ചൊവ്വാഴ്ച ഹാജരാക്കാനും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതി ഒഴികെയുള്ളവര്‍ കഴിഞ്ഞദിവസം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തുകയും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ രാവിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
#ShibinMurderCase #KeralaJudiciary #LifeImprisonment #PoliticalViolence #MuslimLeague #DYFI