Election | കെഎം മാണിയുടെ സ്‌മരണകളിൽ തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ക്ക് പാലായിൽ തുടക്കമായി; മനസിൽ സൂക്ഷിക്കുന്നത് ജനങ്ങളോടൊപ്പം നിൽക്കണമെന്ന രാഷ്ട്രീയ ഗുരുനാഥന്റെ ഉപദേശം

 


കോട്ടയം: (KVARTHA) അധ്വാനവർഗത്തിൻ്റെ ക്ഷേമത്തിനും കാർഷിക മേഖലയുടെ സംരക്ഷണത്തിനും നിരാലംബർക്കും നിർധനർക്കും ആശ്രയമായി പ്രവർത്തിച്ച കെ എം മാണിയുടെ സ്‌മരണകളിൽ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ക്ക് പാലായില്‍ തുടക്കമായി. രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ രാഷ്ട്രീയ ഗുരുനാഥന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യപര്യടന കേന്ദ്രമായ കൊല്ലപ്പള്ളിയ്ക്ക് ചാഴികാടന്‍ പുറപ്പെട്ടത്.

Election | കെഎം മാണിയുടെ സ്‌മരണകളിൽ തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ക്ക് പാലായിൽ തുടക്കമായി; മനസിൽ സൂക്ഷിക്കുന്നത് ജനങ്ങളോടൊപ്പം നിൽക്കണമെന്ന രാഷ്ട്രീയ ഗുരുനാഥന്റെ ഉപദേശം

മന്ത്രി വി എന്‍ വാസവനാണ് പാലാ നിയോജക മണ്ഡലം പര്യടനത്തിന്‍റെ തുടക്കം കൊല്ലപ്പള്ളി ടൗണില്‍ നിര്‍വഹിച്ചത്. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു. കെ എം മാണിയുടെ ഉപദേശം ജനങ്ങളോടൊപ്പം നിൽക്കണം എന്നായിരുന്നു തോമസ് ചാഴികാടൻ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി 53 വര്‍ഷം പാലായിലെ ജനപ്രതിനിധിയായിരിക്കാന്‍ കെ എം മാണിക്ക് കഴിഞ്ഞത് വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാലാണെന്നും അദ്ദേഹം പകര്‍ന്നു നല്‍കുന്ന ഊര്‍ജമാണ് തന്‍റെ ശക്തിയെന്നും തോമസ് ചാഴികാടൻ കൂട്ടിച്ചേർത്തു.

33 വര്‍ഷത്തെ ബന്ധമാണ് കെ എം മാണിയുമായുള്ളത്. ഏറ്റവും അവസാനം അദ്ദേഹം എന്നോടു പറഞ്ഞ അവസാനത്തെ വാക്കുകള്‍, 'ടോമി ജനത്തിന് വേണ്ടത് വികസനമാണ്. അതുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ ജനം വോട് ചെയ്യും' എന്നായിരുന്നു. അര നൂറ്റാണ്ടിനപ്പുറം നീണ്ട ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ മാണിയുടെ ഏറ്റവും അവസാനത്തെ വാർത്താസമ്മേളനവും അവസാന തീരുമാനവും എന്നെ ലോക്സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതായിരുന്നു. മാണി പറഞ്ഞ ആ വാക്കുകളാണ് 100 ശതമാനം തുക വിനിയോഗത്തിനും 4100 കോടിയുടെ പദ്ധതികള്‍ കോട്ടയത്തെത്തിക്കാനും തനിക്ക് കരുത്തായതെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു

100 ശതമാനം തുക വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ ഒന്നാമനായ എംപിയെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയത്ത് വീണ്ടും മത്സരിപ്പിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ വികസനവും വ്യക്തിത്വവുമാണ് തോമസ് ചാഴികാടനെ മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോസ് കെ മാണി എംപിയും പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട് അഭ്യര്‍ഥനയുമായി കടകള്‍ കയറിയിറങ്ങി. പാലാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് ചൊവ്വാഴ്ച നടക്കുന്നത്. കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, മീനച്ചില്‍, എലിക്കുളം പഞ്ചായതുകളിലാണ് പര്യടനം. രാത്രി 8.30ന് പൈക ടൗണിലാണ് ഒന്നാം ഘട്ട പര്യടനത്തിന്‍റെ സമാപനം.

അതിനിടെ, തിര‌ഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്ന തോമസ് ചാഴികാടന്റെ നിർദേശവും ശ്രദ്ധേയമായി. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി മാലയും ബൊക്കെയുമായി അനവധി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള നിര്‍ദേശം. ഒരു പൂക്കളോ ഒരു ഹസ്തദാനമോ ധാരാളമാണെന്നാണ് അദ്ദേഹം പറയുന്നത്.

പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടി വരും. അതും പിന്നീട് ഉപയോഗ യോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്നാണ് നിര്‍ദേശം.
പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തിൽ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്.

അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാൽ ഓരോ സ്ഥലവും പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.

വലിയ പ്രതീക്ഷയോടെയാണ് തോമസ് ചാഴികാടൻ ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ വോടായി മാറുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,06,259 വോടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയത്ത് നിന്ന് വിജയിച്ചത്. ഇത്തവണ അതിനെയും മറികടക്കുന്ന ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

Keywords: News, Kerala, Kottayam, Politics, Election, Thomas Chazhikadan, Candidate, K M Mani, Agriculture,  Thomas Chazhikadan's election campaign started in Pala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia