Sanitation Worker | 'ഊര്‍ജം പകരുന്ന മാതൃക'; നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് മറിഞ്ഞ ഓടയിലെ മാലിന്യം കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണ തൊഴിലാളിയെ മന്ത്രി എംബി രാജേഷ് വീട്ടിലെത്തി ആദരിച്ചു
Oct 22, 2022, 17:16 IST
തിരുവനന്തപുരം: (www.kvartha.com) നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് മറിഞ്ഞ ഓടയിലെ മാലിന്യം കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണ തൊഴിലാളി മുരുകനെ തദ്ദേശ മന്ത്രി എം ബി രാജേഷും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വീട്ടിലെത്തി ആദരിച്ചു. മുരുകന്റേത് സമൂഹത്തിന് ഊര്‍ജം പകരുന്ന മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. മുരുകന്‍ ഓട വൃത്തിയാക്കുന്ന ചിത്രങ്ങളും മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
'തിരുവനന്തപുരത്ത് മഴവെള്ളം റോഡില്‍ നിന്ന് നീക്കാന്‍ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ് മാധ്യമങ്ങളില്‍ വന്ന ഈ ചിത്രം. ഓട അടച്ച് കിടക്കുന്ന മണ്ണ്, മണ്‍വെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ഈ ശ്രമം. പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ്, മുരുകനെക്കുറിച്ച് മനസിലാക്കിയത്. വൈകുന്നേരം മുരുകനെ വീട്ടിലെത്തി ആദരിച്ചു.
മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്റെ പ്രതീകമാണ് മുരുകന്‍. കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിനു ശുചീകരണത്തൊഴിലാളികളിലൊരാള്‍. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുന്നു മുരുകനെപ്പോലെയുള്ളവര്‍.
Keywords: News,Kerala,Thiruvananthapuram,Minister,Facebook,Labours,Facebook Post,Social-Media,Top-Headlines, Thiruvananthapuram: Minister MB Rajesh honoured sanitation worker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.