Bus Shelter | വിവാദത്തിലായ ആ ബസ് കാത്തിരിപ്പ് കേന്ദ്രം ഇനിയില്ല; പൊളിച്ച് മാറ്റി ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ സ്ഥാപിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍; ദുരാചാരം കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Jul 21, 2022, 15:45 IST
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം ഗവന്‍മെന്റ് എന്‍ജിനീയറിങ് കോളജിന്(സിഇടി) സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. ഷെല്‍ടര്‍ നിര്‍മിച്ചത് അനധികൃതമായാണെന്നും പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ നഗരസഭ നിര്‍മിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ പൊളിച്ചു നീക്കിയത്. കഴിഞ്ഞ ദിവസമാണ് ബസ് സ്‌റ്റോപിലെ ഇരിപ്പിടങ്ങള്‍ ചിലര്‍ പൊളിച്ച് നീക്കിയത്. നീളമുള്ള ഇരിപ്പിടം മൂന്ന് ഭാഗങ്ങളായി വെട്ടിമുറിച്ച് സിംഗിള്‍ സീറ്റ് ആക്കി മാറ്റുകയായിരുന്നു.
പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് ആരോപിച്ച് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളും രംഗത്തെത്തി.
ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.
മുന്‍ എംഎല്‍എയും സിഇടിയിലെ മുന്‍ വിദ്യാര്‍ഥിയുമായ കെ എസ് ശബരീനാഥന്‍ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം വൈറലായതിന് പിന്നാലെ വിദ്യാര്‍ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ദുരാചാരം കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സിഇടി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.