തന്നെ ഓടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

 


കോഴിക്കോട്: (www.kvartha.com 19.12.2021)  തന്നെ ഓടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരെ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ ആക്രമണവും വധശ്രമവും തനിക്ക് നേരെ നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

തന്നെ ഓടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

ശനിയാഴ്ച രാത്രി 9-30 മണിയോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബിന്ദു അമ്മിണിയെ ഓടോറിക്ഷ ഇടിച്ചത്. അപകടത്തില്‍ സാരമായ പരിക്കുകളോടെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ബിന്ദു അമ്മിണി പറയുന്നത്:

ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ഓടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് തന്നെ ഇടിച്ചതെന്നും അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

'വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓടോറിക്ഷ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസിലായിട്ടില്ല' . ഇടിയുടെ ആഘാതത്തില്‍ ഞാന്‍ നിലത്തേക്ക് വീണ് നന്നായി ചോരയൊഴുകി. വായ്ക്കുള്ളിലാണ് വലിയ മുറിവുണ്ടായത്. വാഹനം വന്നിടിച്ചപ്പോള്‍ വണ്ടിയുടെ സൈഡ് മിറര്‍ ആണ് മുഖത്തിടിച്ചത്.

ആ ശക്തിയില്‍ വണ്ടിയുടെ മിറര്‍ ഒടിഞ്ഞ് താഴെവീണിട്ടുണ്ട്. ഇടിയില്‍ പല്ലുമിളകിയിട്ടുണ്ട്. തലയ്ക്ക് തരിപ്പും വേദനയും അനുഭവപ്പെടുന്നതിനാല്‍ മെഡികല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.
സംഭവം നടക്കുന്ന സമയം പരിസരത്താരും ഉണ്ടായിരുന്നില്ല. അതിനാല്‍ സിഐയെ ആണ് ഉടന്‍ സഹായത്തിനായി വിളിച്ചത്.

കഷ്ടിച്ച് നടക്കുന്നതിനിടെ ഒരു ഇരുചക്രവാഹനക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ഒടിഞ്ഞ മിററുള്ള വാഹനം അന്വേഷിച്ചും സിസിടിവി പരിശോധിച്ചും ഇടിച്ചതാരാണെന്ന് എളുപ്പം കണ്ടുപിടിക്കാവുന്നതേയുള്ളൂ. പൊലീസ് ഈ കേസില്‍ നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

പൊയില്‍ക്കാവില്‍ റെഡിമെയ്ഡ് തുണിപ്പീടിക നടത്തുന്നുണ്ട് ബിന്ദു അമ്മിണി. ഇതിനോട് ചേര്‍ന്ന് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനാല്‍ അതിന്റെ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫിസിലെ ജോലി കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴാണ് വധശ്രമം നടന്നത്.

തനിക്കെതിരെയുള്ള അക്രമം ആദ്യസംഭവമല്ലെന്ന് പറഞ്ഞ ബിന്ദു അമ്മിണി ഇതിനു മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചും ബൈക് യാത്രികരായ അജ്ഞാതരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സമയത്താണ് ഇത്തരം വധശ്രമങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം തനിക്ക് പ്രൊടെക്ഷന്‍ നല്‍കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ടെന്നും അതു തനിക്ക് നിലവില്‍ ലഭിക്കുന്നില്ലെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളം പൊലീസ് കൂടെയുണ്ടായിരുന്നപ്പോഴും ചെറിയ രീതിയിലുള്ള അക്രമസംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പൊലീസ് പ്രൊടെക്ഷന്‍ ഇല്ലാതായതിനുശേഷമാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായതെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

Keywords:  They tried to kill me on the instructions of the Sangh Parivar says Bindu Ammini, Kozhikode, News, Attack, Injured, Hospital, Treatment, Police, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia