തിരുവനന്തപുരം: (www.kvartha.com 20.05.2021) രണ്ടാം പിണറായി സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആളെണ്ണം വീണ്ടും കുറച്ചു. സത്യപ്രതിജ്ഞ പന്തലില്‍ 240 കസേര മാത്രമാവും ഉണ്ടാവുക. അധികം ആളെത്തിയാല്‍ മാത്രം കസേരയുടെ എണ്ണം കൂട്ടും. നേരത്തെ 500 പേര്‍ക്കാണ് പ്രവേശനം എന്നാണ് പറഞ്ഞിരുന്നത്.
കോവിഡ് പ്രോടോകോള്‍ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങള്‍ പോലും സജ്ജമാക്കിയിട്ടുണ്ട്. നിയുക്ത മന്ത്രിമാരും മുന്‍ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്‍നിരയില്‍ തന്നെ ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഒരു പ്രധാന പന്തലിനൊപ്പം രണ്ട് ഉപ പന്തലുകള്‍ വേറെയും സജ്ജമാക്കിയിട്ടുള്ളത്. ചടങ്ങിനെത്തുന്നവര്‍ പോലും പരസ്പരം ഇടകലരാതെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വിധമാണ് ക്രമീകരണങ്ങള്‍.
അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തിട്ടുണ്ട്. ഓണ്‍ലൈനായി സത്യപ്രതിജ്ഞ കാണാനാണ് തീരുമാനം എന്ന് പ്രതിപക്ഷം അറിയിക്കുകയും ചെയ്തു. ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും കോവിഡ് വ്യാപന കാലത്തെ ഔചിത്യം കണക്കിലെടുത്ത് പ്രമുഖരില്‍ പലരും എത്തില്ലെന്നും അറിയിപ്പുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് തടസമില്ലാതെ കാണാന്‍ വലിയ വിഡിയോ വാളുകള്‍ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം പിണറായി സര്‍കാരിന്റെ സത്യപ്രതിജ്ഞ ആവേശം ചോരാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ വെര്‍ച്വല്‍ സംഗീത ആല്‍ബം പ്രദര്‍ശനത്തിന് സജ്ജമായി. 52 ഗായകരും സംഗീതഞ്ജരും അണിചേര്‍ന്നാണ് നവകേരള ഗീതാഞ്ജലി ഒരുങ്ങുന്നത്. ഇ എം എസ് മുതല്‍ പിണറായി വിജയന്‍ സര്‍കാര്‍ വരെ നവകേരള നിര്‍മ്മാണത്തില്‍ വഹിച്ച പങ്ക് വരച്ച് കാട്ടുന്നതാണ് സംഗീത ആല്‍ബം.
വൈകിട്ട് മൂന്നരയ്ക്കാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
കോവിഡ് പ്രോടോകോളും ട്രിപിള്‍ ലോക്ക്ഡൗണും നിലനില്‍ക്കെ പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന നിര്‍ദേശവും പലകോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണമെന്ന് ഹൈകോടതിയും നിര്‍ദേശിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.