ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പെടാനായി വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി, അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കളക്ടര്‍ക്ക് കത്തും അയച്ചു; വൈറലായി കളക്ടറുടെ മറുപടി

 



മലപ്പുറം: (www.kvartha.com 23.11.2019) ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയും അതിന് കളക്ടര്‍ നല്കിയ മറുപടിയും വൈറലായി. എംബിബിഎസിനു ചേരാനാണെന്ന് കാണിച്ച് വിദ്യാര്‍ഥിനി നേരത്തെ കളക്ടറേറ്റില്‍ അപേക്ഷ നല്‍കിയിരുന്നു. അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും വിദ്യാര്‍ഥിനി പറഞ്ഞിരുന്നു.

ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പെടാനായി വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി, അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കളക്ടര്‍ക്ക് കത്തും അയച്ചു; വൈറലായി കളക്ടറുടെ മറുപടി

ഇതിന് വിദ്യാര്‍ത്ഥിക്ക് ഫെയ്സ്ബുക്കിലൂടെ കളക്ടര്‍ മറുപടിയും നല്കി. 'നിയമം പാലിക്കാനുള്ളതാണ്, അത് വളച്ചൊടിക്കാനോ ഭേദഗതി ചെയ്യാനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരമില്ല' എന്ന തലക്കെട്ടില്‍ ഷമാനയ്ക്കുള്ള ഒരു തുറന്ന കത്ത് ആയാണ് (ഷമാന എന്നത് ശരിയായ പേരല്ല) കലക്ടര്‍ മറുപടി നല്‍കിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നിയമം പാലിക്കാനുള്ളതാണ്, അത് വളച്ചൊടിക്കാനോ ഭേദഗതി ചെയ്യാനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരമില്ല ഷമാനയ്ക്കുള്ള ഒരു തുറന്ന കത്ത് (ഷമാന എന്നത് ശെരിയായ പേരല്ല ).

പ്രിയ ഷമാന,

താങ്കള്‍ക്ക് അനുകൂലമായി ഒരു റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ താങ്കള്‍ ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന കത്ത് എനിക്ക് ലഭിച്ചു. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു -

താങ്കള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തിയല്ലെന്ന് അറിഞ്ഞുകൊണ്ട് പോലും ബിപിഎല്‍ വിഭാഗത്തില്‍ എംബിബിഎസിന് അപേക്ഷിച്ചു. ആദ്യ ഘട്ട പരിശോധനയില്‍ തന്നെ താങ്കളുടെ വീട് 1400 ചതുരശ്ര അടിയില്‍ അധികമാണ് എന്ന് അറിയുകയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടാന്‍ 1000 ചതുരശ്ര അടിയില്‍ കുറവായിരിക്കണം എന്നതിനാല്‍ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിരുന്നതുമാണ്. ആദ്യ പരിശോധന റിപ്പോര്‍ട്ടിനെതിരെ താങ്കള്‍ അപ്പീല്‍ സമര്‍പ്പിക്കുകയും പുനരവലോകനത്തിനായി ആവശ്യപ്പെടുകയും ഇതിനിടയില്‍ വീടിന്റെ വിസ്തൃതി 1000 ചതുരശ്ര അടിയില്‍ കുറവ് വരുന്നതിന് താങ്കളുടെ വീടിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തുവെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും പരിശോധനയിലും ഇത് 1000 ചതുരശ്ര അടിയിലധികമായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ പരിശോധനകള്‍ക്ക് ശേഷം നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നിങ്ങള്‍ എപിഎല്‍ വിഭാഗത്തില്‍ പെടുന്നതായി അന്തിമ റിപ്പോര്‍ട്ട് എന്ട്രന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിട്ടുള്ളതാണ്. താങ്കള്‍ വീടിന്റെ കുറച്ചുഭാഗം കൂടി പൊളിച്ചുമാറ്റിയെന്നും അതുകൊണ്ടുതന്നെ ഒന്നുക്കൂടെ പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് അയക്കണമെന്നും ആവശ്യപ്പെട്ട് എന്നെയും എന്റെ സ്റ്റാഫിനെയും സമീപിച്ച് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിചിട്ടുള്ളതും, എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുനപരിശോധന നടത്തുന്നത് നിയമപരമല്ല എന്നതിനാല്‍ താങ്കളുടെ ആവശ്യം നിരസിച്ചിട്ടുള്ളതുമാണ് . അതുകൊണ്ടുതന്നെ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുള്ള താങ്കളുടെ ഭീഷണി എന്നെയോ എന്റെ സ്റ്റാഫിനേയോ യാതൊരു രീതിയിലും ബാധിക്കുന്നതല്ല എന്ന വസ്തുത താങ്കളെ അറിയിക്കുന്നു.

ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും ഞങ്ങളുടെ പ്രാഥമിക കടമ നിയമം നടപ്പിലക്കുക എന്നതാണെന്നും നിയമം ലംഘിക്കുക എന്നതല്ല എന്നും വ്യക്തമാക്കുന്നു. ദരിദ്രരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിശോധനയില്‍ താങ്കള്‍ ബി പി എല്‍ വിഭാഗത്തില്‍ പെടുന്നയാളല്ല എന്ന് വ്യക്തമായിട്ടും താങ്കള്‍ ആവശ്യപ്പെടുന്ന പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് നിയമ ലംഘനം മാത്രമല്ല ഏറ്റവും ദരിദ്രരും നിര്‍ധനരുമായവിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായത്തിന്റെ ദുരുപയോഗം കൂടെയാണ് . അതുകൊണ്ട് തന്നെ താങ്കളുടെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല എന്ന വിവരം വീണ്ടും അറിയിക്കുന്നു . താങ്കളുടെ കത്തില്‍ പറഞ്ഞതുപോലെയുള്ള എന്തെങ്കിലും തെറ്റായ തീരുമാനം താങ്കള്‍ കൈക്കൊള്ളുകയാണെങ്കില്‍ ഞാന്‍ സത്യത്തിന്റെയും നിയമത്തിന്റെയും ഭാഗത്തായതിനാല്‍ എനിക്ക് ഒന്നും സംഭവിക്കില്ല, പക്ഷേ നിങ്ങളുടെ കുടുംബത്തിന് ശോഭനമായ ഭാവിയുള്ള ഒരു ഡോക്ടറെ നഷ്ടപ്പെടും എന്നുകൂടി ഓര്‍ക്കുമല്ലോ.

താങ്കളുടെ ഫീസ് അടയ്ക്കാന്‍ ആത്മാര്‍ത്ഥമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ താങ്കള്‍ക്കായി സ്‌പോണ്‌സര്‍ഷിപ്പുകളോ മറ്റോ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാം .

തെറ്റായ വഴികള്‍ താങ്കളെ ഒരിക്കലും ശരിയായ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകില്ല.

ഇത് ഒരു ഉപദേശമായി പരിഗണിക്കുമല്ലോ.

ജാഫര്‍ മലിക് ഐ.എ.എസ്

ജില്ലാ കളക്ടര്‍,

മലപ്പുറം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Malappuram, District Collector, Student, Facebook, BPL, APL, Government Employee, MBBS, House, The Viral Facebook Post Reply of Malappuram Collector for Student

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia