Feature | ഓണത്തിന് അടക്കം മധുരം പകരുന്ന മറയൂർ ശർക്കരയുടെ ഈ പ്രത്യേകത അറിയാമോ? ജിഐ ടാഗിന്റെ കഥ
മറയൂർ ശർക്കരയ്ക്ക് 2013-ൽ ജിഐ ടാഗ് ലഭിച്ചു.
മറയൂർ ശർക്കരയ്ക്ക് മറ്റു ശർക്കരകളിൽ നിന്ന് വ്യത്യസ്തമായി ഗന്ധവും രുചിയും മധുരവും കൂടുതലാണ്.
നിർമ്മാണ പ്രക്രിയയിൽ അധികം കെമിക്കൽസ് ചേർക്കാറില്ല.
ഡോണൽ മുവാറ്റുപുഴ
(KVARTHA) ജി ഐ ടാഗ് അല്ലെങ്കിൽ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്നത് ചില പ്രത്യേക ഉൽപ്പന്നങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവർ കൊടുക്കുന്ന അംഗീകാരമാണ്. ഇതിൽ ഉദാഹരണമായി എടുത്തു പറയാവുന്ന ഒരു പ്രത്യേക ഉൽപ്പന്നം മറയൂർ ശർക്കരയാണ്. കേരളത്തിൻ്റെ പൂന്തോട്ടം എന്ന് അറിയപ്പെടുന്ന മൂന്നാറിന് തൊട്ടടുത്ത് കിടക്കുന്ന മറയൂർ എന്ന സ്ഥലത്ത് ഉൽപ്പാദിപ്പിച്ചെടുക്കുന്ന ഈ ശർക്കരയ്ക്ക് ലോകമെങ്ങും വൻ ഡിമാൻ്റാണ് ഉള്ളത്. ഇടുക്കി ജില്ലയിൽ ആണ് മറയൂർ.
മറയൂർ ശർക്കരയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് അതിന് ജി ഐ ടാഗ് എന്നുള്ളത്. മറയൂർ ശർക്കരയെക്കുറിച്ച് പലർക്കും നല്ല അറിവ് ഉണ്ടെങ്കിലും ഇങ്ങനെയൊരു കാര്യം അറിയുന്നവർ വളരെ വിരളമായിരിക്കും. ജി ഐ ടാഗ് എന്നത് ഒരു പ്രത്യേക ഭൂമിശാസ്ത്ര മേഖലയിൽ നിന്നും ഉത്പന്നങ്ങൾക്ക് നൽകുന്ന ഒരു അംഗീകാരമാണ്. ഈ ടാഗ് ഉള്ള ഉൽപ്പന്നങ്ങൾക്ക് ആ പ്രത്യേക സ്ഥലത്തിന്റെ പ്രത്യേകതകളോ, പരമ്പരാഗത നിർമ്മാണ രീതികളോ, സവിശേഷതകളോ ഉണ്ടായിരിക്കും.
ഇതിന്റെ ഉദ്ദേശം, ഉൽപ്പന്നത്തിന്റെ സംരക്ഷണവും ആ പ്രദേശത്തേയും കർഷകരെയും സംരക്ഷിക്കുന്നതുമാണ്. മറയൂർ ശർക്കരയ്ക്ക് 2013-ലാണ് ജി ഐ ടാഗ് ലഭിച്ചത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ മറയൂർ പ്രദേശത്താണ് ഇത് പ്രധാനമായും നിർമ്മിക്കുന്നത്. മൂന്ന് പ്രത്യേകതകളാണ് മറയൂർ ശർക്കരക്കുള്ളത്.
1.മറയൂർ ശർക്കരയ്ക്ക് മറ്റു ശർക്കരകളിൽ നിന്ന് വ്യത്യസ്തമായി ഗന്ധവും രുചിയും മധുരവും കൂടുതലാണ്.
2. നിർമ്മാണ പ്രക്രിയയിൽ അധികം കെമിക്കൽസ് ചേർക്കാറില്ല. പ്രകൃതിദത്ത മെത്തേഡുകളാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. 3. മറയൂർ ശർക്കരയിൽ ധാരാളം മൂലകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇതുകൊണ്ട് തന്നെയാണ് മറയൂർ ശർക്കരയ്ക്ക് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്.
ശർക്കര എന്ന് കേൾക്കുമ്പോൾ ആദ്യമായി മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന നാമമാണ് മറയൂർ ശർക്കര എന്നത്. പേര് മറയൂർ ശർക്കര ആണെങ്കിലും ശർക്കര ഉണ്ടാക്കുന്നത് മറയൂരിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള കാന്തല്ലൂരിലാണ്. അവിടെയാണ് കരിമ്പ് കൃഷി ഏറ്റവും അധികം ഉള്ളത്. കരിമ്പിൽ നിന്ന് ശർക്കര ഉണ്ടാക്കുന്ന മൂന്ന് ചെറുകിട സംരംഭങ്ങൾ ഉണ്ട്. ഇതുകൊണ്ട് ഒക്കെ തന്നെയാണ് അതിന് അത്തരത്തിൽ ഒരു അംഗീകാരവും ലഭിച്ചത്.
ഓണം ആണ് വരുന്നത്. പായസം നിർബന്ധമായും മലയാളിക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നുമാണ്. നല്ല പായസത്തിന് ശർക്കര നല്ലത് ആയിരിക്കണം. അങ്ങനെയൊരു ശർക്കര കേരളത്തിൽ ഉണ്ടെങ്കിൽ അത് ജി ഐ ടാഗ് ലഭിച്ച മറയൂർ ശർക്കര തന്നെയാകും എന്നതിൽ സംശയം വേണ്ട. മൂന്നാർ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ തീർച്ചയായും കണേണ്ട ഒന്നാണ് മറയൂർ ശർക്കര ഉണ്ടാക്കുന്ന വിധം. മറയൂരിൽ എത്തുന്നവർക്ക് അത് സൗജന്യമായി കാണാനുള്ള അവസരം അവിടെത്തന്നെയുണ്ട്. തീർച്ചയായും ഈ ഉൽപ്പന്നം ഉണ്ടാക്കുന്ന വിധം കാണാൻ ശ്രദ്ധിക്കുക. അത് വലിയൊരു അനുഗ്രഹവും അറിവും ആയിരിക്കും.
#MarayoorJaggery #GItag #Kerala #OrganicFood #Onam #IndianFood