Warning | 40 കാരികളെ പ്രണയിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ? ഇത്തരം പ്രണയങ്ങൾ ഏറിവരുന്നതിന് പിന്നിൽ
● സോഷ്യൽ മീഡിയ ഇത്തരം ബന്ധങ്ങൾക്ക് സഹായകമാകുന്നു.
● സാമ്പത്തിക തട്ടിപ്പും വൈകാരിക പീഡനവും സാധാരണമാണ്.
● സ്ത്രീകൾ സ്വന്തം സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
● കുടുംബബന്ധങ്ങളെ തകർക്കാൻ ഇത്തരം ബന്ധങ്ങൾ കാരണമാകുന്നു.
റോക്കി എറണാകുളം
(KVRTHA) ഇന്ന് അവിഹിത വാർത്തകൾ നമ്മുടെ സമൂഹത്തിൽ ഏറി വരികയാണ്. വിവാഹിതകളായ സ്ത്രീകളെ പ്രണയിച്ച് വലയിൽ വീഴ്ത്തുന്ന പ്രവണത കൂടി വരികയാണ്. സോഷ്യൽ മീഡിയായിലൂടെയും മറ്റും അടുപ്പം സ്ഥാപിച്ച് ഇങ്ങനെ സ്ത്രീകളെ വലയിലാക്കുന്നു. പ്രണയത്തിലാകുന്നവർ പഴയപോലെ മധുര പതിനേഴുകാരികളല്ലെന്ന് കേൾക്കുമ്പോഴാണ് മൂക്കത്ത് വിരൽ വെച്ചു പോകുന്നത്. കുട്ടികളും കുടുംബവും ഭർത്താവും ഒക്കെയുള്ള സ്ത്രീകളെയാണ് കൂടുതലായും ചിലർ പ്രണയിക്കാൻ ഇറങ്ങിയിരിക്കുന്നത്.
ഇങ്ങനെയുള്ള സ്ത്രീകളുടെ പ്രായം 40 ന് മുകളിലോട്ട് ആണെന്ന് കേൾക്കുമ്പോഴാണ് അതിശയം തോന്നുന്നത്. എന്താണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഒരു വലിയ മാറ്റം തന്നെ നമ്മുടെ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് പ്രണയിക്കാൻ കൂടുതൽ പേരും കുടുംബിനികളെ തന്നെ തേടുന്നതിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? അതുമായി ബന്ധപ്പെട്ട് വന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: നാൽപതിലെ പ്രണയം. (നാല്പതിലെ പ്രണയത്തെ പുകഴ്ത്തി പല രചനകളും കണ്ടതിന്റെ അടിസ്ഥാനത്തിൽ എഴുതുന്നത്. ഇത് എല്ലാവർക്കും ഒരുപോലെ ബാധകമല്ല) നാൽപത് കഴിഞ്ഞ പെണ്ണുങ്ങളെ നോട്ടമിട്ടു കൊണ്ട് കുറച്ചു നാളായി എഴുത്തും, ഷോട്ട് ഫിലിംസും, റീൽസുമൊക്കെ ഇറങ്ങിയിട്ടുണ്ട്. ഇതു കണ്ടിട്ട് ഇളക്കം കൂടി കുറച്ചുപേരൊക്കെ കുഴിയിൽ ചാടിയിട്ടുമുണ്ട്. അവിഹിതത്തിനെ പ്രോത്സാഹിപ്പിക്കുന്നവർ ആദ്യം സ്വന്തം വീട്ടിലുള്ളവരെയൊക്കെ പ്രോത്സാഹിപ്പിക്കണം. അപ്പോൾ ചെറുതായൊന്നു പൊള്ളും. അപ്പഴും പൊള്ളിയില്ലെങ്കിൽ നിങ്ങൾ സ്വയം വിലയിരുത്തണം എന്തിനീ ഭാരം ഭൂമിയ്ക്കു നൽകുന്നുവെന്ന്.
എന്റെ പ്രിയപ്പെട്ട നാൽപതുകാരികളെ, നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങടെ അതു നല്ലതാ മറ്റതു നല്ലതാ ഇതു നല്ലതാ എന്നൊക്കെ പറഞ്ഞു വരുന്ന നാറികളെ നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ, പണവും, സ്വർണ്ണവും, സമാധാനവും, കുടുംബവും പോകുന്ന വഴി അറിയില്ല. വയസ്സാംകാലത്ത് ഇച്ചിരി ചൂടു വെള്ളം അനത്തിത്തരാൻ മക്കളോ കേട്ടിയോനോ മാത്രമേ കാണുള്ളൂ എന്നും ഓർക്കണം. പെറ്റമ്മയെന്നൊരു സെന്റിമെന്റസ്, എന്റെ കെട്ടിയോൾ, എന്റെ പിള്ളേരുടെ അമ്മ എന്നൊരു തോന്നലൊക്കെ അവർക്കുണ്ടാകും. ചിലപ്പോ ഇച്ചിരി താമസിക്കും. സ്വന്തം ജീവിതം നശിപ്പിക്കണം, സഹിക്കണം എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം.
അത്ര ബുദ്ധിമുട്ട് ജീവിതത്തിലുണ്ടെങ്കിൽ മക്കളേം കൊണ്ട് മാറി താമസിക്കണം. മലയാളികൾ മൊത്തം നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ കൂടെ നിൽക്കും. ഗുണദോഷവുമായി വരുന്ന ബന്ധുക്കളെ ആരേം നോക്കണ്ട. മിക്കവാറും എല്ലായിടത്തും അങ്ങനെ കൊറേ ഉപദേശികളുണ്ട്. നല്ല മറുപടി കൊടുത്തു വിടുക. നനഞ്ഞയിടം കുഴിക്കാൻ വരുന്ന ------കളെയും മനസ്സിലാക്കണം. ഒരെണ്ണത്തിനും ആത്മാർത്ഥത ഉണ്ടാവില്ല. വെറുതേ വള്ളിക്കേസൊന്നുമെടുത്തു തലയിൽ വയ്ക്കരുത്. നാല്പതു വയസ് കഴിയുമ്പോഴാണ് മിക്ക സ്ത്രീകളും ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്.
ഉത്തരവാദിത്തത്തോടെ അമ്മയെ സ്നേഹിക്കാൻ മക്കൾ തോളൊപ്പം വളരുന്ന കാലഘട്ടം. അമ്മയുടെ ഉറക്കമില്ലായ്മയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളുമൊക്കെ തിരിച്ചറിഞ്ഞു കൂടെ നിൽക്കാൻ മക്കൾ ഉണ്ടാവുന്ന കാലം. നാട്ടിലെയോ, എഫ്ബിയിലേയോ, ഇൻസ്റ്റയിലെയോ, നവ മാധ്യമങ്ങളിലെയോ പ്രധാന കോഴികുഞ്ഞുങ്ങളുടെ കൂട്ടിൽ കയറരുത്. പപ്പും പൂടേം കൊത്തിപ്പറിച്ചു വലിച്ചെറിയാൻ ഒരു മടിയും കാണിക്കില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ കുടുംബ ജീവിതം ആസ്വദിക്കാൻ അറിയാത്ത, പ്രവാസത്തിലും നാട്ടിലും കഴിയുന്ന, പുറമേ സ്നേഹം കാണിക്കാൻ അറിയാത്ത ആണുങ്ങളുടെ മനപ്രാക്കും കൊണ്ട് എവിടെ പോയാലും സുഖം നീണ്ടു നിൽക്കില്ല.
നാൽപതിലെ തരുണീമണികൾ ജാഗ്രതൈ. നിങ്ങൾ വല്യ സംഭവം അല്ലെന്നും സാധാരണ ഒരു സ്ത്രീയാണെന്നും സൗന്ദര്യവും ആരോഗ്യവും സമ്പത്തും തൊലി വെളുപ്പും കറപ്പുമൊക്കെ എപ്പോ വേണേലും മാറി മറിയുമെന്നും എത്ര സുഖിപ്പിക്കാൻ നോക്കിയാലും അതിലൊളിഞ്ഞിരിക്കുന്ന ചതിയെ കണ്ടെത്തുമെന്നുമുളള ചിന്തയിൽ ജീവിക്കുക. നാൽപതുകളിലെ പ്രണയം എന്ന വിഷയം ചില എഴുത്തുകാരികൾ തന്നെ എഴുതിയിട്ടുണ്ട്, പ്രേമിക്കുകയാണെകിൽ 40 കഴിഞ്ഞവളെ പ്രണയിക്കണം എന്ന്. ഈ വരികൾ വായിക്കുന്ന എല്ലാവരും പ്രണയിക്കാൻ, അല്ലെങ്കിൽ സ്നേഹിക്കപ്പെടാൻ മുട്ടി നിൽക്കുന്നവരല്ല. എല്ലാവരും ചക്കര വാക്കിൽ ഒട്ടുകയുമില്ല.
ഇവിടുത്തെ പ്രശ്നം എന്നത് അറിവില്ലായ്മ അല്ല. ചില വിരുതന്മാർ കുടുംബ ബന്ധങ്ങളിലെ വിളളലുകൾ മനസ്സിലാക്കി വിടവടയ്ക്കാൻ പോകാറുണ്ട്. ആരാലും സ്നേഹിക്കപ്പെടുന്നില്ല, കേൾക്കാൻ ആളില്ല, മനസ്സിലാക്കാൻ ആളില്ല എന്നൊക്കെ പറഞ്ഞിരിക്കുന്ന സ്ത്രീകൾ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സ്വാന്തനം ലഭിക്കുന്ന വാക്കുകളിലേക്ക് ചായുന്നു. ഇത് മുതലെടുക്കുന്നു, ഭീഷണിപ്പെടുത്തുന്നു അങ്ങനെ പല കാര്യങ്ങളും തുടരുന്നു. കുഞ്ഞു മക്കളെ വരെ ഉപേക്ഷിച്ച് പോകാൻ വിധത്തിൽ സ്ത്രീ ഹൃദയം അധഃപതിയ്ക്കുന്നു. അവന്റെ ആവശ്യം കഴിയുമ്പോൾ അടുത്ത ചട്ടിയിൽ കൈയിടാൻ അവൻ പോകും. എന്ത് ചെയ്യണമെന്നറിയാതെ അവസാനം അവൾ ഒടുങ്ങും.
ഇപ്പറഞ്ഞതിന്റെ അർത്ഥം പെണ്ണുങ്ങൾ എല്ലാം പുണ്യവതികൾ എന്നും ആണുങ്ങൾ കൊള്ളരുതാത്തവരെന്നുമല്ല. പരസ്പരം ബഹുമാനം നൽകി സ്നേഹിക്കട്ടെ, സങ്കടം പങ്കു വയ്ക്കട്ടെ, ഒരു സഹായം ആവശ്യമെങ്കിൽ ചെയ്യട്ടെ അതൊക്കെ മനുഷ്യന് നൽകാൻ കഴിയുന്നത് ആവും വിധത്തിൽ ചെയ്യട്ടെ. അല്ലാതെ ഓരോ പ്രായത്തിൽ കണ്ടവരോടെല്ലാം തോന്നുന്ന ഒരു ആകർഷണത്തിന് പ്രണയം എന്ന പേര് നൽകരുത്. പ്രണയം ആരേയും വേദനിപ്പിക്കില്ല, ചതിയ്ക്കില്ല, പ്രണയം ശരീരം കൊണ്ട് ഒന്നാവാനും കൊതിയ്ക്കാറില്ല. പ്രണയിക്കുക എന്നതും പ്രണയിക്കപ്പെടുക എന്നതും വലിയ ഭാഗ്യം ആണ്.
അല്ലാതെ കണ്ട അവിഹിതത്തിനൊക്കെ പ്രണയം എന്ന് പറഞ്ഞ് കൊഴുപ്പിക്കരുത്. അവിഹിതം ഹിതമല്ലാത്തതാണ്. അതിന് പ്രണയവുമായി ഒരു ബന്ധവുമില്ല. പ്രണയത്തിനു ജാതിയോ മതമോ പ്രായമോ സൗന്ദര്യമോ ഒന്നും നോട്ടമില്ല. അത് ഏതൊക്കെയോ ജന്മങ്ങളുടെ പുണ്യങ്ങളിൽ ഒന്നായി യോഗ്യതയുള്ളവരിലേക്ക് എത്തിപ്പെടുന്നതാണ്'.
ഇതാണ് ആ പോസ്റ്റ്. ഈ കാലഘട്ടത്തിന് മനസിലാക്കാൻ പറ്റണം ഇതിലെ സന്ദേശം. 40 കാരികളെ പ്രണയിക്കാൻ ഇറങ്ങുന്നവർക്ക് പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന വസ്തുത മനസ്സിലാക്കുക.. ഇത് ഒരിക്കലും ആർക്കും ഒരു സമാധാനവും നൽകുന്നതല്ല. സ്വസ്ഥമായ കുടുംബ ജീവിതം തകരുന്നത് തന്നെ മിച്ചം. കൂടുതൽ ആത്മഹത്യകൾ നാട്ടിൽ നടക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇത്തരത്തിലുള്ള ചതിക്കുഴികൾ തന്നെ.
#LoveAfter40, #Relationships, #SocialIssues, #Marriage, #FamilyDynamics, #ModernLove