Phone call | കെണിയില്‍ വീഴ്ത്താനെത്തിയ ആ ഫോണ്‍ കോള്‍

 


നബീസാന്റെ്‌റ മകന്‍ മജീദ് (ഭാഗം -38) 

- കൂക്കാനം റഹ് മാന്‍

(www.kvartha.com) മജീദ് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അതിനിടയില്‍ ഒരു ദിവസം പോലും വിശ്രമിക്കാന്‍ അവസരം ഉണ്ടായില്ല. സദാ കര്‍മ്മ നിരതന്‍ തന്നെ ഇപ്പോഴും. മജീദ് നട്ടുനനച്ച് വളര്‍ത്തിയ സംഘടന ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടികൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വിവിധ പ്രൊജക്ടുകള്‍ സംഘടനയ്ക്ക് വാങ്ങിക്കൊടുക്കാന്‍ മജീദിന് സാധ്യമായി. അതിനു വേണ്ടി പ്രൊജക്ടുകളുടെ പ്രവര്‍ത്തനം മാതൃകാപരമാക്കാന്‍ കഠിന പ്രയത്‌നത്തിലാണ് മജീദ്. അതില്‍ പ്രധാനപ്പെട്ട ഒരു പദ്ധതി എയ്ഡ്‌സ് പ്രിവന്‍ഷന്‍ പദ്ധതിയാണ്. രോഗം സമൂഹത്തില്‍ പിടിപെടാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനം അനിവാര്യമാണ്. രോഗം പിടിപെടാന്‍ സാധ്യതയുളളവരേയും, അത് പടര്‍ത്താന്‍ സാധ്യതയുളളവരേയും കണ്ടെത്തി ബോധവല്‍ക്കരണവും ശുശ്രൂഷയും പ്രതിരോധവും സംഘടിപ്പിക്കുകയുമാണ് പ്രൊജക്ടിന്റെ ലക്ഷ്യം.
                   
Phone call | കെണിയില്‍ വീഴ്ത്താനെത്തിയ ആ ഫോണ്‍ കോള്‍

പ്രവര്‍ത്തകരുടേയും ഔദ്യോഗിക രംഗത്തുളളവരുടേയും ഫോണ്‍ കോളുകളുടെ പ്രവാഹം നിത്യേന ഉണ്ടാവും. അവരുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. സംശയങ്ങള്‍ ദൂരികരിക്കുകയും വേണം. സ്ത്രീ ലൈംഗീക തൊഴിലാളികളെ ലക്ഷ്യമാക്കിയുളള പ്രൊജക്ടാണ് മജീദിന്റെ നേതൃത്വത്തിലുളള ടീം ചെയ്തു വരുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും അവഹേളനവും കുത്തു വാക്കുകളും സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അജ്ഞാത ഫോണ്‍കോളുകള്‍ മജീദ് അറ്റന്‍ഡ് ചെയ്യാറില്ല. പലതും വിളിച്ചു പറയുന്നതിന് മറുപടി പറയാന്‍ സാധ്യമല്ലാത്തതിനാലാണ് അങ്ങിനെ ചെയ്യുന്നത്.

വീട്ടില്‍ വന്ന അതിഥികളോട് സംസാരിച്ചു കൊണ്ടിരിക്കെ ഒരു ഫോണ്‍കോള്‍ ശ്രദ്ധിക്കാതെ അറ്റന്‍ഡ് ചെയ്തു. ഹലോ എന്ന് വിളിച്ചപ്പോള്‍ വളരെ സൗമ്യതയോടെ സംസാരിക്കുന്ന സ്ത്രീ ശബ്ദമാണ് കേട്ടത്. 'ആരാണ്?' മജീദിന്റെ ചോദ്യത്തിന് മറുപടി കിട്ടിയത് ഇങ്ങിനെയാണ്, 'സാറിനോട് ഒരു സംശയം ചോദിക്കാനുണ്ട് ചോദിച്ചോട്ടെ സാര്‍?', വന്ന അതിഥികളെ പറഞ്ഞു വിടാനുളളതുകൊണ്ട് അഞ്ചു മിനിട്ട് കഴിഞ്ഞ് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞ് മജീദ് ഫോണ്‍ വെച്ചു. വീട്ടില്‍ വന്നവരെ യാത്രയാക്കി മജീദ് കസേരയിലിരുന്ന് ആലോചിച്ചു. ആരായിരിക്കുമത്. ഇതേവരെ കേള്‍ക്കാത്ത ശബ്ദം സ്ത്രീ ലൈംഗീക തൊഴിലാളികള്‍ ഒരിക്കലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താറില്ല.
        
Phone call | കെണിയില്‍ വീഴ്ത്താനെത്തിയ ആ ഫോണ്‍ കോള്‍

പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിനോടും ഇത്തരം സഹോദരിമാരുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്ന് തരുന്ന നിര്‍ദ്ദേശവും അതു തന്നെയാണ്. അതേ വരെ കണ്ടെത്തിയവരുടെ പൂര്‍ണ വിവരം ശേഖരിച്ചു വെച്ചിട്ടുണ്ട്. പക്ഷേ പുതുതായി കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ വിഷമിക്കുകയാണ്. ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയ സ്ത്രീ ഇതുപോലുളള ആളായിരിക്കുമോ?, അങ്ങിനെയാണെങ്കില്‍ അവര്‍ തുറന്നു പറയുമോ?, കിട്ടിയാല്‍ ഒരു സ്ത്രീയെ കൂടി ന്യൂ ഐഡന്റിഫിക്കേഷന്‍ ആക്കി മാറ്റാം.

മജീദ് തിരിച്ചു വിളിക്കാന്‍ ഫോണ്‍ എടുത്തതേയുളളൂ. അപ്പോഴേക്കും അതേ നമ്പറില്‍ നിന്ന് വീണ്ടും വിളി വന്നു. മജീദ് വളരെ കൂള്‍ ആയിട്ടാണ് ചോദിച്ചത്, നിങ്ങള്‍ ആരാണ്, എവിടുന്നാണ് വിളിക്കുന്നത്?. മറുപടി നിരാശജനകമായിരുന്നു. 'പേരും നാടുമൊക്കെ പിന്നെ പറയാം, എനിക്കൊരു സംശയം ഉണ്ട് അതൊന്ന് ചോദിച്ചോട്ടെ?', 'ഓ ചോദിച്ചോളൂ', 'ചോദിക്കാന്‍ ഒരു പകല്‍ സാറിനോട് ആവുമ്പോള്‍ ചമ്മലിന്റെ ആവശ്യമില്ല. എങ്കിലും ഞാന്‍ ആദ്യമായിട്ടല്ലേ സാറിനോട് സംസാരിക്കുന്നത്'. 'അത് സാരമില്ല ചമ്മല്‍ മാറ്റാന്‍ സഹോദരിയെക്കുറിച്ചുളള മറ്റു കാര്യങ്ങള്‍ പറയൂ'. 'പറയാം സാര്‍, ഞാന്‍ പിജി വരെ പഠിച്ചു. ബിഎഡ് കഴിഞ്ഞു. പ്ലസ് ടു അധ്യാപികയായി കയറാം. പക്ഷേ അതിനുളള ഭാഗ്യം ഇതേവരെ കിട്ടിയില്ല. വിവാഹിതയാണ്, ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് വിദേശത്താണ്', ഇത്രയും കേട്ടപ്പോള്‍ ഈ സഹോദരി താന്‍ ഉദ്ദേശിച്ചപോലെയുളള സ്ത്രീ അല്ലെന്ന് മജീദിന് ബോധ്യമായി.

വീണ്ടും കോള്‍ വന്നു. 'സാറിനെ നേരിട്ടറിയില്ലെങ്കിലും എന്റെ ഒരു സുഹൃത്ത് മുഖേനയാണ് സാറിനെ പരിചയപ്പെട്ടത്. സാറ് നേതൃത്വം കൊടുക്കുന്ന പ്രൊജക്ടിന്റെ ഒരു ഉപഭോക്താവാണ് എന്റെ സുഹൃത്ത്', ഈ പ്രസ്താവന കേട്ടപ്പോള്‍ മജീദ് മാഷിന്റെ മനസ്സ് ആദ്യ ചിന്തയിലേക്ക് പോയി. അങ്ങിനെയാവാന്‍ സാധ്യതയില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ട്. കുടുംബമുണ്ട് എന്ന് വീണ്ടും മാഷിന്റെ ചിന്ത പോയി. ആ സ്ത്രീ വീണ്ടും പറഞ്ഞു തുടങ്ങി. 'അദ്ദേഹം രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ ലീവിനു വരും. അതേ വരെ കുട്ടികളുടെ പഠനവും ജീവിതവും ഒക്കെ ഞാന്‍ തനിച്ചാണ് നടത്തേണ്ടത്. ഞാനും ഒരു മനുഷ്യ സ്ത്രീയല്ലേ സാര്‍? എനിക്കു വികാരങ്ങള്‍', അവള്‍ സംസാരം പെട്ടെന്ന് നിര്‍ത്തി.

ആ സഹോദരി അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ച് ഏകദേശ രൂപം മജീദിന്റെ മനസ്സിലേക്കോടി. ഏതായാലും തിരിച്ചു വിളിക്കാമെന്ന് തീരുമാനിച്ചു. 'ഹലോ ഇതേവരെ ചോദ്യം ചോദിച്ചില്ലല്ലോ?', ഇനി ചോദിക്കാം. ഫോണിലൂടെ മറുപടി വന്നു. 'സാറും സാറിന്റെ സഹപ്രവര്‍ത്തകരും സ്റ്റാഫ് മീറ്റില്‍ എടുക്കുന്ന ക്ലാസിനെക്കുറിച്ച് എന്റെ സുഹൃത്ത് എന്നോട് പറയാറുണ്ട്. സെയ്ഫ് സെക്‌സ്‌നെക്കുറിച്ചുളള വിശദമായ ക്ലാസാണ് അവിടെ നിന്ന് ലഭിച്ചതെന്ന് അവള്‍ എന്നോട് പങ്കുവെക്കാറുണ്ട്. അതു കേട്ടപ്പോഴാണ് എനിക്കൊരു സംശയം ഉദിച്ചത്. ഏതായാലും ഞാന്‍ ആ സംശയം സാറിനോട് നേരിട്ട് ചോദിക്കാം, ഏറ്റവും ഗുണകരവും അപകടകരവുമല്ലാത്ത സുരക്ഷിത സെക്‌സ് ഏതാണ് സാര്‍?'.

ചോദ്യം കേട്ട മാത്രയില്‍ മജീദ് ഒന്നു പരുങ്ങി. സാധാരണ പ്രയോഗത്തിലുളള സെയ്ഫ് സെക്‌സ് കാര്യങ്ങള്‍ വളരെ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു. പക്ഷേ അവള്‍ അതുകൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. 'അതൊക്കെ പരമ്പരാഗത രീതിയാണ് സാര്‍. ഏറ്റവും ലേറ്റസ്റ്റ് ഒരു രീതിയുണ്ട്. എന്നാണവള്‍ പറഞ്ഞു വെച്ചത്. അതെന്താണെന്ന് വിശദമാക്കാന്‍ മജീദ് ആവശ്യപ്പെട്ടില്ല. അത് ഞാന്‍ മാഷിന് അനുഭവപ്പെടുത്തിത്തരാം എന്നാണവള്‍ പറഞ്ഞു വെച്ചത്. മാഷിന്റെ ഡിപി.കണ്ടപ്പോള്‍ വല്ലാത്ത ആകര്‍ഷണീയത തോന്നി'. മജീദ് ആ പ്രസ്താവനയ്ക്ക് മറുപടി പറയുന്നതിന് മുമ്പേ അവള്‍ തുടര്‍ന്നു, 'മുഖത്ത് തെളിയുന്ന ചിരിയും ചുണ്ടിന്റെ ചുവപ്പും മനസ്സിനകത്ത് പ്രകമ്പനം ഉണ്ടാക്കുന്നു. നേരിട്ടു കാണാന്‍ പറ്റില്ലെന്നറിയാം എങ്കില്‍ ഇങ്ങിനെ ഫോണിലൂടെ സംസാരിക്കാമല്ലോ. സാറിന്റെ ശബ്ദവും ഇമ്പമുളളതാണ്. സ്‌നേഹത്തോടെ രണ്ട് വാക്ക് തിരിച്ചു പറയാന്‍ പറ്റുമോ? അത് കേള്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാന്‍'.

ഇത്രയുമായപ്പോഴേക്ക് തന്നെ മജീദ് വീര്‍പ്പുമുട്ടാന്‍ തുടങ്ങി. കക്ഷിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടു. കസേരയില്‍ അമര്‍ന്നിരുന്നു. എന്തായിരിക്കാം ആ സ്ത്രീയുടെ ലക്ഷ്യം?, അവളുടെ മനസ്സ് തുറന്നു സംസാരിക്കുമോ?, ലൈംഗീക തൊഴിലാളിയായിരിക്കുമോ?, അതായിരിക്കില്ലേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീയുമായി സൗഹൃദം പുലര്‍ത്തുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത്. രണ്ട് മിനിട്ട് കഴിഞ്ഞതേയുളളൂ. വീണ്ടും അവള്‍ വിളിക്കുകയാണ്. 'സാര്‍ തിരിച്ചു വിളിക്കില്ലായെന്നറിയാം ഭയപ്പെട്ടുപോയോ? എന്നോട് അതൃപ്തി തോന്നിയോ? ഇത്തരം ടെലഫോണ്‍ സംഭാഷണത്തിലൂടെയാണ് സാര്‍ പുരുഷന്‍മാരെ സ്ത്രീകള്‍ വലയില്‍ വീഴ്ത്തുക. തുടര്‍ന്ന് സംഭാഷണം ലൈംഗീക അവയവങ്ങളെക്കുറിച്ചും അവയുടെ രൂപ ഭാവങ്ങളെക്കുറിച്ചും സംസാരിക്കും. പിന്നെ ഭാവനയിലൂടെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാനുളള സാങ്കല്‍പ്പിക ഒരുക്കങ്ങള്‍ സംഭാഷണത്തിലൂടെ നടത്തും. പരസ്പരം വികാര മൂര്‍ച്ഛയുണ്ടാവും. ആണിനും പെണ്ണിനും തൃപ്തി ഉണ്ടാവും. ഇതാണ് സാര്‍ ഞാന്‍ പറഞ്ഞ ഏറ്റവും അനുയോജ്യമായ സെയ്ഫ് സെക്‌സ്'.

മജീദ് അത്ഭുതപ്പെട്ടുപോയി. ഇങ്ങിനെയുമുണ്ട് ലൈംഗീക കേളിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. പരസ്പരം കാണാതെ ബന്ധപ്പെടാതെ ലൈംഗീകസ്വാദനം നടത്തുന്ന സെയ്ഫ് സെക്‌സ് തന്നെയാണിതെന്ന് മജീദ് വിലയിരുത്തി. ഇതില്‍ വഞ്ചന പതുങ്ങിയിരിക്കുന്നുണ്ടോ എന്നറിയില്ല. പരസ്പരം വീഡിയോ കോളിലൂടെ നഗ്‌നത കാണുകയും സംസാരിക്കുകയും ചെയ്താല്‍ അവ ഉപയോഗപ്പെടുത്തി ചൂഷണത്തിനു വഴിയൊരുക്കാമല്ലോ?. പ്രസ്തുത സ്ത്രീ സെക്‌സ് വര്‍ക്കറല്ല. ആളുകളെ കബളിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവളാകാം. സംസാരത്തില്‍ ചൂഷണം ചെയ്യാനുളള ത്വരകാണുന്നുണ്ട്., അവളുടെ ചോദ്യം പരീക്ഷിക്കുവാനുളളതാവാം. കൂടുതല്‍ സംസാരിക്കാതിരുന്നത് നന്നായി. മജീദ് പ്രസ്തുത ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇനി വിളിയും ശല്യപ്പെടുത്തലുമുണ്ടാവില്ലല്ലോ? നബീസുമ്മ മനസ്സിലുറപ്പിച്ചു തന്ന വസ്തുത 'സ്ത്രീകളെ ശ്രദ്ധിക്കണം, കെണിയില്‍ വീണു പോകരുത്', അക്കാര്യം മുറുക്കെ പിടിച്ചു പോവുന്നതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയാണ്.

Keywords:  Kerala, Article, Mobile Phone, Phone-Call, Story, That phone call to trap.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia