Bail | തലശേരിയില്‍ എസ്‌ഐയെ അക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസ്; റിമാന്‍ഡിലുള്ള യുവാവിന് ജാമ്യം
Jul 12, 2022, 16:02 IST
കണ്ണൂര്‍: (www.kvartha.com) രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവിന് കോടതി ജാമ്യം അനുവദിച്ചു.
തലശേരി കടല്‍ പാലത്തിനടുത്ത് വച്ച് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രത്യുഷിനാണ് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസിനെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് കഴിഞ്ഞ ദിവസം കോടതി പ്രത്യുഷിനെ റിമാന്‍ഡ് ചെയ്തത്. തലശേരി സബ്ജയിലിലുള്ള ഇയാള്‍ വൈകുന്നേരം ജയില്‍ മോചിതനാകും.
ഭാര്യയോടൊപ്പം കടല്‍ കാണാനെത്തിയ പ്രത്യുഷ്, പൊലീസിന്റെ കൃത്യനിര്‍വഹണത്തിനിടയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലശേരി എസ് ഐ മനുവിനെയും പ്രജിഷിനെയും മര്‍ദിച്ചുവെന്നാണ് പരാതി.
എന്നാല്‍ പ്രത്യുഷും ഭാര്യയും പൊലീസിനെ മര്‍ദിച്ചെന്ന തലശ്ശേരി പൊലീസിന്റെ വാദം തള്ളുന്നതാണ് പ്രത്യുഷിന്റെ മെഡികല്‍ റിപോര്‍ട്. പ്രത്യുഷിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുണ്ടെന്നാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡികല്‍ റിപോര്‍ടില്‍ വ്യക്തമാക്കുന്നത്. ഇടത് കാലിനും വലത് മുട്ടിനും പരുക്കേറ്റിട്ടുണ്ടെന്നും കണ്ണിന് താഴെ രക്തം കല്ലിച്ചെന്നും റിപോര്‍ടിലുണ്ട്.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കടല്‍പ്പാലത്തിലെത്തിയ ദമ്പതികളെ പൊലീസ് കാരണമില്ലാതെ മര്‍ദിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമാണ് പ്രത്യുഷിന്റെ ഭാര്യയും ധര്‍മടം സ്വദേശിനിയുമായ മേഘ നല്‍കിയ പരാതി.
എന്നാല്‍ ദമ്പതികള്‍ പൊലീസിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് പ്രത്യുഷിനെ അറസ്റ്റ് ചെയതെന്നായിരുന്നു തലശ്ശേരി പൊലീസ് വ്യക്തമാക്കിയത്. മേഘയുടെ പരാതിയില്‍ സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷനര്‍ ഉത്തരവിട്ടിരുന്നു.
അന്വേഷണ റിപോര്‍ട് സമര്‍പിക്കാനിരിക്കേയാണ് മെഡികല്‍ റിപോര്‍ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ പ്രത്യുഷിന്റെ മര്‍ദനമേറ്റ് എസ്‌ഐ മനു സിവില്‍ പൊലീസ് ഓഫിസര്‍ പ്രജീഷ് എന്നിവര്‍ക്കും പരിക്കേറ്റതായി പരാതിയുണ്ട്.
തന്നെയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത തലശേരി സിഐ, എസ്‌ഐ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യുഷിന്റെ ഭാര്യ മേഘ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കമിഷനര്‍ ആര്‍ ഇളങ്കോ അ ന്വേഷണത്തിന് ഉത്തരവിട്ടത്. തലശേരി എ എസ് പി വിഷ്ണു പ്രസാദാണ് അന്വേഷണം നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.