ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: ബാംഗലൂരൂവില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തിയ 41 കാരിയായ ഐടി ജീവനക്കാരി പൂവാറിലെ റിസോര്‍ട്ടില്‍  മാനഭംഗത്തിനിരയായ സംഭവത്തില്‍  റിസോര്‍ട്ടിലെ കരാര്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അസം സ്വദേശികളായ ലക്കിനാഥ് (20), പെര്‍സോനാഗം(22) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന മുറിയില്‍ നിന്നു ലഭിച്ച ബ്രേസ്‌ലെറ്റ് മുത്തുകളാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പഴയ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ മാനേജ്‌മെന്റ് റിസോര്‍ട്ടിലെ  ജീവനക്കാരില്‍ നാലുപേര്‍ ഇത്തരം ബ്രേസ്‌ലെറ്റുകള്‍ ധരിച്ചിരുന്നതായി കണ്ടെത്തുകയും ഇക്കാര്യം  പോലീസിനെ അറിയിക്കുകയുമായിരുന്നു.

യുവതിയെ പീഡിപ്പിക്കുന്ന അവസരത്തിലുണ്ടായ മല്‍പ്പിടിത്തത്തില്‍ പ്രതികളുടെ ശരീരത്തിലേറ്റ നഖപ്പാടുകളും ഇവരുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

കോട്ടയത്തെ പെസ്റ്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരാണു പ്രതികള്‍. അറസ്റ്റ് ചെയ്ത ലക്കിനാഥ് രണ്ടു വര്‍ഷമായും പെര്‍സോനാഗം രണ്ടു മാസമായും റിസോര്‍ട്ടില്‍ ജോലിചെയ്തുവരികയാണ്. നവംബര്‍  28നു പുലര്‍ച്ചെ 2.30 മണിയോടെയാണു യുവതി പീഡനത്തിനിരയായത്.

 യുവതി റിസോര്‍ട്ടില്‍  താമസിച്ച മുറിയുടെ പിന്‍വാതില്‍ തുറന്ന് അകത്തുകയറിയാണ് പ്രതികള്‍ പീഡനം നടത്തിയത്. ബാംഗലൂരൂവിലെ ഐടി കമ്പനിയില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തിയ  31 അംഗ സംഘത്തോടൊപ്പമാണ് യുവതി  പൂവാറിലെ റിസോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന സംഭവത്തില്‍ ബാംഗലൂരില്‍ എത്തിയത്തിനു ശേഷമാണ്   യുവതി പരാതി നല്‍കുന്നത്.

റിസോര്‍ട്ടില്‍ മുറിയെടുത്ത യുവതി മുറിയില്‍ നിന്നും പുറത്തുപോയ അവസരത്തില്‍ പെസ്റ്റ് കണ്‍ട്രോളിനെന്ന വ്യാജേന  ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്  മുറിക്കകത്ത് കടന്ന്  ലക്കിനാഥ് പിറകിലത്തെ വാതിലിന്റെ പൂട്ടിന്റെ സ്‌ക്രൂ ഇളക്കിവെച്ചു. രാത്രി ഒരു മണിയോടെ രണ്ടുപേരും  വാതില്‍ തള്ളിത്തുറന്ന് അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും യുവതി എഴുന്നേറ്റതിനാല്‍ ഇവര്‍ പിന്മാറി.

അതിനുശേഷം രണ്ടരമണിയോടെ വീണ്ടും  വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പ്രതികള്‍ ഒന്നുമറിയാത്ത മട്ടില്‍ റിസോര്‍ട്ടില്‍ ജോലിചെയ്യുകയായിരുന്നു. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍  കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇനി   പ്രതികളെ യുവതി തിരിച്ചറിയേണ്ടതുണ്ട്.

അതേസമയം കിടക്കയില്‍ നിന്നു ലഭിച്ച മുടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനാണു കേസെടുത്തിരിക്കുന്നത്. ആസാം സ്വദേശികളാണെങ്കിലും  മലയാളം അറിയാവുന്ന പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാനായി മലയാളത്തിലാണു പരസ്പരം സംസാരിച്ചിരുന്നത്.

റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി: വൈ.ആര്‍. റസ്റ്റം, സിഐമാരായ അനില്‍കുമാര്‍, വിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
Lakkinadha-Personagam
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Aldo Read:
പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റില്‍

Keywords:  Techie's rape in Kerala resort: Two migrant workers arrested,Thiruvananthapuram, Arrest, Police, Bangalore, Woman, Kottayam, Assam, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia