Obituary | കണ്ണൂരില്‍ കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി


ദുരന്തമുണ്ടായത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ
മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു
ചെളി നിറഞ്ഞ കുളത്തില്‍ രണ്ടുപേരും പുതഞ്ഞു പോയി
കണ്ണൂര്‍: (KVARTHA) ജില്ലയെ നടുക്കത്തിലാഴ്ത്തി കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. അഞ്ചരക്കണ്ടി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും കണ്ണീര്‍ വാര്‍ത്തു.

തങ്ങളുടെ കൂടെ കളിചിരിയുമായി ക്ലാസ് ബെഞ്ചിലും സ്‌കൂള്‍ അങ്കണത്തിലും നിറഞ്ഞ് നിന്നിരുന്ന സഹപാഠികള്‍ ഇനി വരില്ലല്ലോയെന്ന വേദനയാണ് കണ്ണീരായി പെയ്തത്. പെരുമഴ ദുരന്തമായി പെയ്ത കഴിഞ്ഞ ശനിയാഴ്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പിടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചത്. ഇവരുടെ സൈകിളും വസ്ത്രങ്ങളും ചെരുപ്പുകളും കുളത്തിന്റെ കരയിലുണ്ടായിരുന്നു.
മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12), മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ് ബാഹുള്‍ അമീര്‍(12) എന്നിവരാണ് അതി ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ചെളി നിറഞ്ഞ കുളത്തില്‍ രണ്ടുപേരും പുതഞ്ഞു പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിര്‍മാണ തൊഴില്‍ ചെയ്തിരുന്ന ബിജേഷ്, ജിനീഷ് ,സാജു എന്നിവരെത്തി മുങ്ങിയെടുത്ത് പ്രദേശവാസികളുടെ സഹായത്തോടെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കുളമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആദിലിന്റെ പിതാവ് നവാസ് ഗള്‍ഫിലാണ്. അന്‍സിയയാണ് ഉമ്മ. സഹോദരന്‍: അദി നാന്‍. മുനീറാണ് അമീറിന്റെ പിതാവ്. സാജിദയാണ് മാതാവ്, യഹ് നാന്‍ സഹോദരനാണ്. ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ഭൗതിക ശരീരങ്ങള്‍ മൗവ്വഞ്ചേരി മദ് റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.