Study | ഇംഗ്ലീഷ് പഠിക്കാനുള്ള കുട്ടികളുടെ ബുദ്ധിമുട്ട് അധ്യാപകരും അറിയണം

 


മിന്റാ മരിയ തോമസ്

(KVARTHA)
ജൂൺ മാസം ആകുന്നു. സ്‌കൂൾ തുറക്കാൻ സമയമായി. വിദ്യാർത്ഥികൾ ഒക്കെ പുതിയ അധ്യയന വർഷത്തിലേയ്ക്കുള്ള തയാറെടുപ്പിലാണ്. ജൂൺ മാസത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഈ മാസത്തിൽ എല്ലാ ജില്ലാകളിലും അദ്ധ്യാപക പരിശീലനക്ലാസ് നടക്കുകയാണ്. ഏതാണ്ട് അഞ്ച് ദിവസത്തോളമാണ് ഈ ക്ലാസ്. മിക്കവാറും എല്ലാ അദ്ധ്യാപകരും സർക്കാർ നടത്തുന്ന ഈ ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളെ മനസ്സിലാക്കി പഠിക്കുക എന്ന രീതിയിലാണ് ഈ ക്ലാസ് തയാറാക്കിയിരിക്കുന്നതെന്നാണ് മനസിലാക്കിയിരിക്കുന്നത്.
  
Study | ഇംഗ്ലീഷ് പഠിക്കാനുള്ള കുട്ടികളുടെ ബുദ്ധിമുട്ട് അധ്യാപകരും അറിയണം

കുട്ടികൾ ഏത് വിഷയത്തിലാണോ പഠനത്തിൽ പിന്നോക്കം നിൽക്കുന്നത് അതിൻ്റെ കാരണങ്ങൾ അധ്യാപകർക്ക് കൂടി ബോധ്യമാകുന്ന രീതിയിലുള്ള പരിശീലമാണ് ഈ ക്യാമ്പിൽ അധ്യാപകർക്ക് നൽകുന്നതെന്നാണ് മനസിലാകുന്നത്. കുട്ടികളുടെ ഇംഗ്ലീഷ് പഠിക്കാനുള്ള ബുദ്ധിമുട്ട് എങ്ങനെയെന്ന് അധ്യാപകരെ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തുകൊണ്ടുള്ള അദ്ധ്യാപക പരിശീലനത്തെ വി കെ ദീപ എന്ന അധ്യാപിക സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. അദ്ധ്യാപക പരിശീലന ക്ലാസിൻ്റെ ഗതി എന്തായിരുന്നുവെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്. അത് ഇങ്ങനെയായിരുന്നു:

'അദ്ധ്യാപക പരിശീലന ക്ലാസിലായിരുന്നു അഞ്ച് ദിവസമായി. ഒന്നാം ക്ലാസിലെ അദ്ധ്യാപകർ ആകാംക്ഷയോടെയാണ് പുതിയ പാഠപുസ്തകത്തിന് കാത്തിരുന്നത്. മാനുഷിക മൂല്യങ്ങൾക്ക് ശ്രദ്ധാപൂർവ്വമായ ഊന്നൽ നൽകിയ പുതിയ പാഠപുസ്തകങ്ങളെക്കുറിച്ച് സൂചിപ്പിച്ച് ട്രെയിനർ ഒരു ചോദ്യം ചോദിച്ചു, 'മുൻപ് നിങ്ങളുടെ ക്ലാസിൽ ഒരേ പേരുള്ള രണ്ട് കുട്ടികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞിരുന്നത്?' അന്നൊക്കെ നമ്മൾ എന്തെങ്കിലും ആവശ്യത്തിന് ഒരേ പേരുള്ള രണ്ട് കുട്ടികളിൽ ഏതെങ്കിലും ഒരു കുട്ടിയെ ഒന്ന് വിളിച്ചു കൊണ്ടുവരാൻ മറ്റ് കുട്ടികളോട് ആവശ്യപ്പെട്ടാൽ അവർ ചോദിക്കും. തടിച്ച / മെലിഞ്ഞ അദ്ധ്യാപക പരിശീലന ക്ലാസുകൾ ലഭിക്കാൻ തുടങ്ങിയ ശേഷമാണ് പലരും മനസ്സിലാക്കിയത് സ്വയവും, പിന്നെ കുട്ടികളിലും ഇത് തിരുത്തിയേ മതിയാവൂ എന്ന്.

അദ്ധ്യാപകർ കുട്ടികളുടെ ഇനീഷ്യൽ ഉപയോഗിച്ച് തന്നെ ഇത്തരം അവസരങ്ങൾ കൈകാര്യം ചെയ്തു. കുട്ടികളും അത് കേട്ട് സ്വാഭാവികമായി തന്നെ ശരീരപരമായ കാര്യങ്ങൾ ഒരാളെ സൂചിപ്പിക്കാൻ ഉപയോഗിക്കാതെ ഇത്തരം അവസരങ്ങളിൽ കെ.എം നെ ആണോ പി.കെയെ ആണോ വിളിക്കേണ്ടത് എന്ന് കുട്ടിയുടെ ഇനീഷ്യൽ വെച്ച് ചോദിച്ച് തുടങ്ങി. ഇങ്ങനെ സംസ്കാരപരമായും സാമൂഹികപരമായും (പെരുമാറ്റത്തിലും) വമ്പൻ മാറ്റങ്ങൾ അധ്യാപകരുടെ മനസ്സിലും കുട്ടിയുടെ മനസ്സിലും വന്നു. അല്ല, നിരന്തര പരിശീലനത്തിലൂടെ ബോധവൽക്കരണം തന്ന് ഇരുകൂട്ടരേയും മാറ്റിയെടുത്തു. അതൊരു ചെറിയ കാര്യമല്ല. ഏറെ കാത്തിരുന്ന ഒന്നാം ക്ലാസിലെ പുതിയ പുസ്തകങ്ങൾ പരിചയപ്പെട്ടു. പഠിപ്പിക്കേണ്ട പാഠങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. സമയത്തിനുള്ളിൽ പഠിപ്പിച്ചെത്തുമോ എന്ന ഒരു ബേജാറ് തോന്നി.
  
Study | ഇംഗ്ലീഷ് പഠിക്കാനുള്ള കുട്ടികളുടെ ബുദ്ധിമുട്ട് അധ്യാപകരും അറിയണം

ഒന്ന് രണ്ട് മാസം പഠിപ്പിച്ചു കഴിഞ്ഞാലെ പുസ്തകത്തെക്കുറിച്ച് വിലയിരുത്താനാവൂ. കഴിഞ്ഞ വർഷങ്ങളിലെ ഒന്നാം ക്ലാസ് പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷായിരുന്നു ഒരു കീറാമുട്ടി. ഇംഗ്ലീഷിൽ വലിയ ആഖ്യാനമുള്ള കഥകൾ പലപ്പോഴും കുട്ടികൾക്ക് സ്വന്തമായി വായിക്കാൻ പ്രയാസം നേരിട്ടു. എന്നാൽ പുതിയ ഇംഗ്ലീഷ് പാഠപുസ്തകം നിറയെ ചിത്രങ്ങളോടെ ലളിതമാക്കിയിട്ടുണ്ട്, വലിയ ആശ്വാസം തോന്നി, സന്തോഷവും. ഇനിയത് പ്രയോഗിക തലത്തിൽ എങ്ങനെ എന്നത് ഫസ്റ്റ് ടേം കഴിയുമ്പോഴറിയാം. ഏറ്റവും കൗതുകകരവും രസകരവുമായ ഒരു കാര്യം ഇത്തവണത്തെ പരിശീലനത്തിൽ ഉണ്ടായിരുന്നു. അത് പങ്കുവെക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്.

ബുദ്ധിപൂർവ്വം ആരോ പ്ലാൻ ചെയ്ത ഒരു വെറൈറ്റി അനുഭവം, സാധാരണ ഇംഗ്ലീഷ് കുട്ടികളെ എങ്ങനെയൊക്കെ പഠിപ്പിക്കാം? പഠിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എന്ന ധാരണകൾ ആണ് പരിശീലനത്തിൽ തരാറ്. എന്നാൽ ഇത്തവണ ഇംഗ്ലീഷ് ക്ലാസിൻ്റെ ഒരു സെഷനിൽ ഗ്രീക്ക് എന്ന ഭാഷ പഠിപ്പിച്ചു തരികയാണുണ്ടായത്. ഒരു പുതിയ ഭാഷ കാണുമ്പോൾ ഉള്ള അന്തംവിടല് ചില അദ്ധ്യാപകർക്ക്, ചിലർക്ക് എക്സൈറ്റ്മെൻ്റ്, ചിലർ വേഗം ഗ്രീക്ക് പഠിച്ചു. പിന്നെയത് പ്രയോഗിച്ചു നോക്കി. ചിലര് തപ്പിത്തടഞ്ഞു. ഒന്നിലെ കുട്ടികൾ ആദ്യമായി ഇംഗ്ലീഷ് വാക്കുകൾ എഴുതും പോലെ തട്ടിമുട്ടി അദ്ധ്യാപകർ ഗ്രീക്ക് അക്ഷരങ്ങൾ പകർത്തി എഴുതി. എല്ലാവരും കുട്ടികളായി സ്വയമറിയാതെ മാറി, ഗ്രീക്ക് പറയാൻ, മനസ്സിലാക്കാൻ, എഴുതാൻ ഒക്കെ ടീച്ചർമാരും കഷ്ടപ്പെട്ടു.

ഒന്നിലെ കുട്ടി ഇംഗ്ലീഷ് പഠിച്ചെടുക്കും പോലെ തന്നെ. പരിചിതമല്ലാത്ത ഒരു പുതിയ ഭാഷ പഠിക്കുമ്പോൾ കുട്ടി അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും അദ്ധ്യാപകർ അനുഭവിച്ച് തന്നെ അറിഞ്ഞു. ഇത് വരെ കുട്ടിയുടെ ആ പ്രയാസം ഒരു സങ്കല്പമായിരുന്നു. പക്ഷേ അനുഭവിച്ചപ്പോൾ അത് ശരിക്കും ഫീൽ ചെയ്തു. 'പാവം നമ്മുടെ കുട്ടികളും ഇങ്ങനെയല്ലേ ഇംഗ്ലീഷിനെ സമീപിച്ചിട്ടുണ്ടാവുക', എന്ന് പലരും പറയുന്നത് കേട്ടു. ഗ്രീക്ക് ഭാഷയിലെ പദങ്ങൾ തിരിച്ചറിയാനും വായിക്കാനും പറയാനും പഠിച്ചപ്പോൾ അദ്ധ്യാപരുടെ ആഹ്ലാദം രസകരമായിരുന്നു. ഒന്നാം ക്ലാസിലെ അദ്ധ്യാപകർക്ക് എപ്പോഴും ആസ്വദിക്കാൻ പറ്റുന്ന കുട്ടിമനസ്സ് കുറച്ച് കൂടുതലാണ്.

ഒരു വിദേശ ഭാഷ പഠിപ്പിക്കുമ്പോൾ എങ്ങനെയാണത് കുട്ടി ഉൾക്കൊള്ളുന്നത്? അവനുണ്ടാവുന്ന പ്രയാസങ്ങൾ എന്തൊക്കെ? അത് എങ്ങനെ മറികടക്കാം? ഭാഷാപഠനം എങ്ങനെ രസകരമാക്കാം? എന്നത് സ്വന്തം നിലയ്ക്ക് അനുഭവിപ്പിച്ച് തന്ന് തന്നെ ഓരോ അദ്ധ്യാപകരേയും മനസ്സിലാക്കിച്ചു. അത് ഞങ്ങൾക്ക് വലിയൊരു തിരിച്ചറിവ് നൽകലാണ്. വളരെ ശാസ്ത്രീയമായ രീതി. ഈ ബുദ്ധി ഉദിച്ച അക്കാദമിക് തലയ്ക്ക് ഒരു കുതിരപ്പവൻ! വാട്ട് ആൻ ഐഡിയ സാബ് ജീ. റിയലി ഗ്രെറ്റ്. ഗ്രീസ് ഒരു ഡ്രീം ഡെസ്റ്റിനേഷൻ ആണ്. പോയിട്ടില്ല . വൈകാതെ പോവണം. എന്നിട്ട് വേണം ഏതേലും ഗ്രീക്ക് കാരനോട് 'എഫ്കാരിസ്റ്റോ'ന്ന് ഒന്ന് പറയാൻ. പിന്നെ, 'ഓച്ചേ ഓച്ചേ' എന്നും. ഇനിയുമുണ്ട് കയ്യിൽ കൊറച്ചും കൂടെ ഗ്രീക്ക് ഭാഷ. ഗ്രീസിലൊന്ന് എത്തിയിട്ട് വേണം അത് പുറത്തിറക്കാൻ. ഈ പോസ്റ്റിലെഴുതിയ ഗ്രീക്ക് ഒക്കെ യ്ക്ക് വായിക്കാനറിയാലോ'.

ഇങ്ങനെയായിരുന്നു ആ പോസ്റ്റ്. പല ടീച്ചർമാരും ഇന്ന് അവരവരുടെ വിഷയങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് മന:പാഠമാക്കി കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കുകയാണ് പഠിവ്. പിന്നെ കുട്ടികൾ തങ്ങൾ ഉദ്ദേശിച്ച രീതിയിൽ പഠിക്കണമെന്ന് അദ്ധ്യാപകർക്ക് നിർബന്ധവും. ആ രീതിയിൽ പഠിച്ചില്ലെങ്കിൽ കുട്ടികൾ മണ്ടന്മാരും പൊട്ടന്മാരും ഒക്കെ ആകും. അതിൽ നിന്ന് വ്യത്യസ്തമായി ഒരു കുട്ടി എന്തുകൊണ്ട് പാഠങ്ങൾ മനസിലാക്കുന്നില്ലെന്ന് അധ്യാപകർക്ക് കാണിച്ചു കൊടുക്കുകയാണ് ഇവിടെ. എന്തായാലും ഇങ്ങനെയായിരുന്നു അദ്ധ്യാപന പരിശീലനക്ലാസ് എങ്കിൽ നന്നായിരുന്നു, സൂപ്പർ.

Keywords: News, News-Malayalam-News, Kerala, Teachers should know difficulty of children in learning English.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia