Accident | ദേശീയപാതയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു
● പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍
● വന്‍ ദുരന്തം ഒഴിവായത് ടാങ്കര്‍ ലോറി കാലിയായതിനാല്‍
കണ്ണൂര്‍: (KVARTHA) ദേശീയപാതയില്‍ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)ക്കാണ് പരുക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടാങ്കര്‍ ലോറി കാലിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ തളിപ്പറമ്പ് ചിറവക്ക് വളവില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
എം എച്ച് 43 ബിപി 6916 എന്ന ഓയില്‍ ടാങ്കര്‍ ലോറിയാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്.
രാവിലെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് അഗ്നി രക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനിലെ എംവി അബ്ദുല്ല, പിവി ഗിരീഷ്, എംടി റാഷിദ്, ഷിജില്‍ കുമാര്‍ മിന്നാടന്‍, കെ ഭാസ്‌ക്കരന്‍, എ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
#TankerLorry #Accident #DriverInjury #CriticalCondition