തളിപ്പറമ്പിൽ മാലിന്യപ്രശ്‌നം കയ്യാങ്കളിയിലേക്ക്: കൗൺസിൽ യോഗം സംഘർഷഭരിതം


● ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി.
● ചിറവക്കെ ബാബു ഫ്രഷ് റെസ്റ്റോറൻ്റ് മാലിന്യം വിഷയമായി.
● ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.
● യൂത്ത് ലീഗ് നേതാവിൻ്റെ പരാമർശം പ്രകോപനമായി.
● മുതിർന്ന അംഗങ്ങൾ ഇടപെട്ട് രംഗം ശാന്തമാക്കി.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലിൽ നിന്നും തോട്ടിലേക്ക് തള്ളിയ ശുചിമുറി മാലിന്യം സംബന്ധിച്ച ചർച്ച നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു. ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള ഉന്തുംതള്ളലാണ് യോഗത്തെ സംഘർഷഭരിതമാക്കിയത്. ചൊവ്വാഴ്ച (15/07/2025) രാവിലെ പതിനൊന്നിനാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ചിറവക്കെ ബാബു ഫ്രഷ് റെസ്റ്റോറന്റിൽ നിന്ന് കക്കൂസ് മാലിന്യങ്ങൾ കീഴാറ്റൂരിലെ തോട്ടിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. ഈ വിഷയം അവതരിപ്പിച്ച പ്രതിപക്ഷ കൗൺസിലർ സി.വി. ഗിരീശൻ ഭരണപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. നഗരത്തിലെ മിക്ക സ്ഥാപനങ്ങളും മലിനജലം പൈപ്പുകളിലൂടെ പൊതു ഓടകളിലേക്ക് ഒഴുക്കിവിടുകയാണെന്നും, കക്കൂസ് മാലിന്യങ്ങൾ പോലും ഇത്തരത്തിൽ ഓടകളിലേക്ക് വിടുന്നതായും അദ്ദേഹം ആരോപിച്ചു. വി. വിജയൻ, കെ.എം. ലത്തീഫ്, ഡി. വനജ, പി. വത്സല എന്നിവരും ഭരണപക്ഷത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു.
വാക്കേറ്റം കയ്യാങ്കളിയിലേക്ക്
പ്രതിപക്ഷത്തിന്റെ വിമർശനം തുടരുന്നതിനിടെ ഭരണപക്ഷത്തുനിന്നും യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ പി.സി. നസീർ എഴുന്നേറ്റ്, 'മാലിന്യമുക്ത കേരളത്തിലല്ലേ മാലിന്യമുക്ത തളിപ്പറമ്പ്' എന്ന് ചോദിച്ചത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. തളിപ്പറമ്പിലെ മാലിന്യപ്രശ്‌നത്തെക്കുറിച്ച് പറയുമ്പോൾ സംസ്ഥാനത്തെ മാലിന്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ചാടിയെഴുന്നേറ്റതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇരുവിഭാഗവും സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് ഏറ്റുമുട്ടലിന് ഒരുങ്ങി.
ഇതിനിടയിൽ, സുപ്രധാനമായ പ്രശ്‌നങ്ങൾ ചർച്ചക്കെടുക്കുമ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ഒത്തുകളിച്ച് ഏറ്റുമുട്ടൽ നാടകം നടത്തുകയാണെന്ന് ബി.ജെ.പി. കൗൺസിലർ പി.വി. സുരേഷ് ഇരുപക്ഷത്തെയും വിമർശിച്ചു. ഇത് കേട്ടതോടെ കെ.എം. ലത്തീഫ് ഓടിയെത്തി സുരേഷിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മറ്റ് കൗൺസിലർമാർ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റി. പ്രകോപിതനായ സുരേഷിനെ മുതിർന്ന അംഗങ്ങൾ അനുനയിപ്പിച്ച് കൗൺസിൽ ഹാളിന് പുറത്തെത്തിച്ചതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പി.പി. മുഹമ്മദ് നിസാർ, കെ. നബീസ ബീവി, ഒ. സുഭാഗ്യം എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
തളിപ്പറമ്പിലെ മാലിന്യപ്രശ്‌നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക.
Article Summary: Physical altercation in Taliparamba Municipal Council over hotel waste.
#Taliparamba #MunicipalCouncil #WasteDisposal #Kattayankali #Kannur #LocalPolitics