TN Prathapan | ടി എൻ പ്രതാപൻ ചിരിക്കുന്നു, തൃശൂരിൽ കിട്ടിയത് ലോട്ടറി

 


/ മിന്റാ മരിയ തോമസ്

(KVARTHA) തൃശൂരിൽ നിലവിലെ എം.പി ടി.എൻ പ്രതാപന് കിട്ടിയത് ലോട്ടറി എന്ന് തന്നെ വേണം പറയാൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എം.പിമാരെല്ലാം ജയിച്ച അതാത് മണ്ഡലങ്ങളിൽ മത്സരിക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്തത്. കാരണം, തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ തന്നെ നിലവിലെ പല എം.പി മാർക്കും ഇനി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പലരുടെയും ലക്ഷ്യം നിയമസഭ ആയിരുന്നു. ഈ തെരഞ്ഞെടുപ്പിലും കേന്ദ്രത്തിൽ മോദി തന്നെ ഭരണത്തിൽ എത്തുമെന്ന് ചിന്തിക്കുന്ന കോൺഗ്രസ് എം.പിമാർ തന്നെയാണ് സംസ്ഥാനത്ത് ഏറെയും. അവർക്ക് ഇനി ഒരു അഞ്ച് കൊല്ലം കൂടി പാർലമെൻ്റിൽ അധികാരമില്ലാതെ ഒരു എം.പി മാത്രമായിരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്.

TN Prathapan | ടി എൻ പ്രതാപൻ ചിരിക്കുന്നു, തൃശൂരിൽ കിട്ടിയത് ലോട്ടറി

ഇക്കൂട്ടത്തിൽ പെടുന്ന പ്രധാന ആളായിരുന്നു തൃശൂരിലെ എം.പി ടി.എൻ പ്രതാപൻ. അടുത്ത തവണ ഇവിടെ എതെങ്കിലുമൊരു നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നിയമസഭയിൽ എം.എൽ.എ ആയി യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മന്ത്രിയാകാൻ വേഷം കെട്ടി നടന്നയാളാണ് പ്രതാപൻ. ഇത് മനസിലാക്കിയ കോൺഗ്രസ് നേതൃത്വം എല്ലാ എം.പി മാരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതാപനെപ്പോലുള്ളവർ മനസില്ലാ മനസോടെ മറ്റ് യാതൊരു നിർവാഹവുമില്ലാതെ അതിന് സമ്മതം മൂളുകയായിരുന്നു. പ്രതാപൻ തൃശൂരിൽ കളത്തിലിറങ്ങിയപ്പോൾ തന്നെ ഒരു പരാജയവും മണത്തിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുരേഷ് ഗോപിയോടും ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.എസ് .സുനിൽ കുമാറിനോടും പിടിച്ചു നിൽക്കാൻ പ്രതാപന് പറ്റുമോ എന്ന ഒരു അവസ്ഥവരെയുണ്ടായി. ഇത് ടി.എൻ പ്രതാപനും മനസിലാക്കിയിരിന്നു.

അപ്പോഴാണ് ലീഡർ കെ.കരുണാകരൻ്റെ മകളും വടകര എം.പി കെ.മുരളീധരൻ്റെ സഹോദരിയുമായ പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി പാളയത്തിൽ പോയത്. അവർ എൻ.ഡി.എ സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്ന് മത്സരിക്കുമെന്ന ശ്രുതിയും ഉണ്ടായി. പത്മജാ, സുരേഷ് ഗോപിയ്ക്ക് വേണ്ടി തൃശ്രൂരിൽ പ്രചാരണത്തിന് ഇറങ്ങിയാൽ അത് മറ്റ് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ബാധിക്കുമെന്ന ചിന്ത കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഉണ്ടായി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ തൃശൂരിൽ ബി.ജെ.പിയുടെയും സുരേഷ് ഗോപിയുടെയും മുന്നേറ്റത്തെ പ്രതിരോധിക്കാൻ തൃശൂരിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ അല്ല പത്മജാ വേണുഗോപാലിൻ്റെ സഹോദരൻ കെ മുരളീധരൻ ആണെന്ന ഒരു കാഴ്ചപ്പാട് വന്നു. അങ്ങനെ കെ മുരളീധരൻ വടകരയിൽ നിന്ന് തൃശൂർക്ക് പറിച്ചു നടപ്പെട്ടു എന്ന് വേണം പറയാൻ.

വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ എത്തുകയും ചെയ്തു. മുരളീധരൻ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയപ്പോൾ ലോട്ടറി അടിച്ചത് ടി.എൻ.പ്രതാപന് ആണ്. മത്സരിക്കാൻ താല്പര്യമില്ലാതിരുന്ന അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെട്ടപ്പെട്ടപ്പോൾ പാർട്ടിയിൽ രക്തസാക്ഷിയുടെ പരിവേഷമാണ് ഉണ്ടായത്. താൻ എന്തോ ത്യാഗം ചെയ്തപോലെ മുരളീധരന് സീറ്റ് മാറിക്കൊടുക്കുകയായിരുന്നു എന്ന രീതിയിൽ പ്രചാരണമാണ് പ്രതാപൻ അഴിച്ചു വിടുന്നത്. അതുകൊണ്ട് തന്നെ പിറ്റേന്ന് അദ്ദേഹം കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റുമായി. ഇനി വൈകാതെ ഈ പേരിൽ സഹതാപം സൃഷ്ടിച്ച് നിയമസഭയിലേയ്ക്ക് ഒരു സീറ്റും ഒപ്പിച്ചു കൂട്ടാം. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ സ്ഥാനത്യാഗം പറഞ്ഞ് എല്ലാവരെയും കരയിപ്പിച്ച് ഒരു സംസ്ഥാനമന്ത്രിയുമാകാം. അച്ഛൻ ഇച്ചിച്ചതും പാൽ, മകൻ കൽപ്പിച്ചതും പാൽ എന്നപോലെയായി കേരളത്തിൽ പ്രതാപൻ്റെ കാര്യങ്ങൾ.

ഇങ്ങനെ ജനിക്കണമെങ്കിലും പുണ്യം ചെയ്യണം. പത്മജാ വേണുഗോപാൽ ഒക്കെ തനിക്ക് ഒരു പരിഗണയും തരുന്നില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് വിട്ടത്. അപ്പോഴാണ് പ്രതാപന് കിട്ടിയ ലോട്ടറി. മുരളീധരൻ സ്ഥാനാർത്ഥിയായി തൃശൂരിലേയ്ക്ക് വരുന്നു എന്ന് പ്രഖ്യാപനമുണ്ടായപ്പോൾ മുരളീധരൻ്റെ പേര് ആദ്യം മതിലിൽ എഴുതി അദ്ദേഹത്തിൻ്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത് ഈ പ്രതാപൻ ആയിരുന്നെന്ന് ഓർക്കണം. അത്രമാത്രം ഉണ്ടായിരുന്നു പ്രതാപൻ്റെ ഉള്ളിലെ ആഹ്ലാദം. ഇനി മുരളീധരൻ തൃശൂരിൽ സുരേഷ് ഗോപിയോടും സുനിൽ കുമാറിനോടുമൊക്കെ മത്സരിച്ചു തോൽക്കുകയോ ജയിക്കുകയോ ഒക്കെ ചെയ്യട്ടെ. തൻ്റെ കാര്യം സ്വസ്ഥമായി.

സുഖം മാത്രമല്ല, മനസമാധാനവും ഭാഗ്യവും കൂടി ചേരും നമ്മുടെ പ്രതാപന്. പ്രതാപന് കിട്ടിയത് ലോട്ടറി തന്നെ. ഇതിന് കടപ്പാട് ശരിക്കും അദ്ദേഹത്തിൻ്റെ സൃഹൃത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ആയിരിക്കാം. ഇവർ നേരത്തെ നിയമസഭയിൽ ഒന്നിച്ച് ഇരിക്കുമ്പോൾ ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ ഫോം ചെയ്തിരുന്നു. എന്തായാലും കെ മുരളീധരൻ തൃശൂരിൽ യു.ഡി.എഫിന് കിട്ടാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ്. പാർട്ടി പ്രവർത്തകരെ ഏകോപിപ്പിച്ച് പ്രവർത്തനം കൊണ്ടുപോകാൻ മുരളീധന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. മികച്ച സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് എന്ന് പേരെടുത്തിട്ടുള്ള ആളുമാണ് കെ മുരളീധരൻ. പിന്നെ നേമത്തും വട്ടിയൂർക്കാവിലുമൊക്കെ ബി.ജെ.പിയോട് നേർക്കുനേർ പോരാടിയ ചരിത്രവും കെ മുരളീധരനുണ്ട്.

Keywords: News, Kerala, Politics, Election, Lok Sabha Election, Thrissur, T N Prathapan, Congress, Candidate, T N Prathapan got lottery in Thrissur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia