Statement | 'സുന്നികള്‍ മുസ്ലിംകളല്ലെന്ന പ്രസ്താവനയിൽ മുജാഹിദ് നേതൃത്വം മറുപടി പറയണം'; 4 ചോദ്യങ്ങളുമായി എസ് വൈ എസ്
അംഗീകരിക്കുന്നില്ലെങ്കില്‍ പരസ്യമായി തിരുത്തുകയും ക്ഷമാപണം നടത്തുകയും വേണമെന്ന് ആവശ്യം
കോഴിക്കോട്: (KVARTHA) സുന്നികളുടെ പള്ളികള്‍ അമ്പലങ്ങളാണെന്നും ഇമാമുമാര്‍ സ്വാമിമാരാണെന്നും അത്തരം ഇമാമുമാരെ തുടര്‍ന്ന് നിസ്‌കരിക്കല്‍ അസ്വീകാര്യമാണെന്നും സുന്നികള്‍ മുസ്ലിംകളേ അല്ലെന്നുള്ള മുജാഹിദ് വിഭാഗം പ്രമുഖ പ്രഭാഷകര്‍ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസ്താവന മുജാഹിദ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സുന്നി യുവജന സംഘം (SYS).
ചുഴലി അബ്ദുല്ല മൗലവിയുടെ നിലപാട് അംഗീകരിക്കുന്നില്ലെങ്കില്‍ പരസ്യമായി തിരുത്തുകയും ക്ഷമാപണം നടത്തുകയും വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതിനുമുമ്പ് സുന്നി യുവജന സംഘത്തിന്റെ അധ്യക്ഷന്‍ ഇ കെ ഹസന്‍ മസ്ലിയാര്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ മുസ്ലിമാകണമെന്നു പറഞ്ഞ് കത്തയച്ച മുജാഹിദ് സംസ്ഥാന പ്രസിഡന്റ് കെ ഉമര്‍ മലവിയുടെ നിലപാട് നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ഏവരാലും ആദരിക്കപ്പെട്ടിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മന്ത്രിക്കുന്നത് ഒളിക്യാമറയിലൂടെ വീഡിയോ ചിത്രീകരിച്ച് കേരളത്തിലെ ബഹുദൈവ വിശ്വാസികളുടെ തലവന്‍ എന്ന് അറബിഭാഷയില്‍ പ്രമുഖ അറബികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതും ഇവരായിരുന്നു. ലോകത്ത് എക്കാലത്തും മഹാഭൂരിപക്ഷം സുന്നികളായിരുന്നു. അവര്‍ മുസ്ലിംകളല്ലെങ്കിൽ ചില ചോദ്യങ്ങള്‍ക്ക് മുജാഹിദ് നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സുന്നിയായ പിതാവിന്റെ അനന്തരാവകാശം മുജാഹിദായ മകന് അര്‍ഹതയില്ലാത്തതിനാല്‍ ഇതിനകം മരണപ്പെട്ട സുന്നികളായ പിതാക്കന്‍മാരുടെ അനന്തരാവകശാം സ്വീകരിച്ച മുജാഹിദുകള്‍ അവ തിരിച്ചുകൊടുക്കുമോ?, മുസ്ലിം സംഘടനകളുടെ യോഗത്തിലേക്ക് സുന്നികളെ വിളിക്കുമ്പോള്‍ അവര്‍ മുസ്ലിംകളല്ലാത്തതിനാല്‍ അവരെ മാറ്റിനിര്‍ത്തണമെന്ന് ഇനിമുതല്‍ മുജാഹിദ് നേതൃത്വം ആവശ്യപ്പെടുമോ?,
സൗഹൃദ ഇഫ്താര്‍ വേദികളില്‍ നടക്കുന്ന നിസ്‌കാരത്തില്‍ ഇമാം നില്‍ക്കുന്ന സുന്നി നേതാക്കന്‍മാരെ ഇതിനകം തുടര്‍ന്ന് നിസ്‌കരിച്ച മുജാഹിദ് നേതാക്കള്‍ ആ നിസ്‌കാരം മടക്കിനിസ്‌കരിക്കുമോ?, സുന്നികള്‍ അറവു നടത്തിയ മൃഗത്തിന്റെ മാംസം കഴിക്കല്‍ അനുവദനീയമല്ലാത്തതിനാല്‍ മുജാഹിദുകള്‍ കേരളത്തിലുടനീളം പ്രത്യേകം അറവുശാലകള്‍ സ്ഥാപിക്കുമോ? എന്നീ നാല് ചോദ്യങ്ങൾക്ക് മുജാഹിദ് നേതൃത്വം മറുപടി പറയണമെന്നും നേതാക്കൾ വ്യക്തമാക്കി.