Swapna Suresh | 'എച്ആര്‍ഡിഎസ് നിലനിര്‍ത്താനും സംരക്ഷിക്കാനും ഒരുപാട് ശ്രമിച്ചു; ജനങ്ങളെ സംരക്ഷിക്കണ്ട മുഖ്യമന്ത്രി തന്റെ അന്നം മുട്ടിച്ചു, എല്ലാത്തിനും കാരണം സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചതിന്'; പിണറായി വിജയനും ക്രൈംബ്രാഞ്ചിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
Jul 7, 2022, 18:02 IST
കൊച്ചി: (www.kvartha.com) തന്റെ ജോലി പോയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതി സ്വപ്ന സുരേഷ്. നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി തന്റെ അന്നം മുട്ടിച്ചെന്നാണ് സ്വപ്നയുടെ പ്രധാന ആരോപണം.
ജനങ്ങളെ സംരക്ഷിക്കണ്ട മുഖ്യമന്ത്രി ഒരു സ്ത്രീയുടെയും മക്കളുടെയും അന്നം മുട്ടിച്ചെന്നും ശരിക്കും പട്ടിണിയിലാക്കി ഉപദ്രവിക്കുന്നുവെന്നും ഇതിനെല്ലാം കാരണം ഞാന്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ എന്ന പേരില്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നെന്നാണ് മറ്റൊരു ആരോപണം.
ജീവിച്ചിരിക്കുന്നിടത്തോളം കാലം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും ഉടുതുണിക്കു മറുതുണിയില്ലാതെ ബസ് സ്റ്റാന്‍ഡില്‍ കിടക്കേണ്ടി വന്നാലും തെരുവിലാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് സത്യം മനസിലാക്കി കൊടുക്കുമെന്നും സ്വപ്ന വ്യക്തമാക്കി.
'മുഖ്യമന്ത്രി തുടര്‍ച്ചയായി എച്ആര്‍ഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിര്‍ത്തിയതിന് എച്ആര്‍ഡിഎസിന് നന്ദിയുണ്ട്. എച്ആര്‍ഡിഎസ് എന്നെ നിലനിര്‍ത്താനും സംരക്ഷിക്കാനും ഒരുപാടു ശ്രമിച്ചതാണ്. സ്ഥാപനത്തിലെ 200-300 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും വിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടല്‍ നടത്തുമ്പോള്‍ എങ്ങനെ സംരക്ഷിക്കാനാണ്? എച്ആര്‍ഡിഎസ് എനിക്കു വാഹനവും ശമ്പളവും തന്ന് സംരക്ഷിച്ച് ഓരോന്നു ചെയ്യിക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ്, റവന്യു, സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങി എല്ലാവരും ഓരോ ബ്രാഞ്ചിലും ഓഫിസിലും കയറി ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നിട്ടും അവര്‍ എന്നെ നിലനിര്‍ത്തിയത് അതൊരു എന്‍ജിഒ ആയതുകൊണ്ടു മാത്രമാണ്. അവരോട് എനിക്ക് നന്ദിയുണ്ട്'. സ്വപ്ന പറഞ്ഞു.
'ജനങ്ങളെ സംരക്ഷിക്കണ്ട മുഖ്യമന്ത്രി ഒരു സ്ത്രീയുടെയും മക്കളുടെയും അന്നം മുട്ടിച്ചു. ശരിക്കും പട്ടിണിയിലാക്കി ഉപദ്രവിക്കുന്നു. ഇതിനെല്ലാം കാരണം ഞാന്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്. സ്ഥാപനം എന്നെ ജോലിയില്‍ നിന്നു പുറത്താക്കിയത് നിവൃത്തികേടുകൊണ്ടാണ് എന്നു വ്യക്തമാക്കിയാണ്. ഇനി മറ്റൊരു സ്ഥാനത്തിരുന്ന് സാമൂഹ്യ സേവനം ചെയ്യാമെന്നാണ് തീരുമാനം. മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. കേരളത്തിലുള്ള എല്ലാ പെണ്‍മക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അല്ലാതെ സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ. ഞങ്ങളെയെല്ലാം അദ്ദേഹം പെണ്‍മക്കളായി കാണണം.'
'ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസ് എടുപ്പിച്ച് ചോദ്യം ചെയ്യിച്ചു. അതിനെ ചോദ്യം ചെയ്യല്‍ എന്നു പറയാനാവില്ല. ശരിക്കും ഉപദ്രവിക്കലായിരുന്നു. ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ എന്നാണ് പറയാനുള്ളത്. അന്വേഷണത്തോട് സഹകരിക്കും. ഗൂഢാലോചനയാണെന്ന് കണ്ടുപിടിച്ച് തെളിയിക്കണം. ചോദ്യം ചെയ്യലിന്റെ പേരില്‍ അവര്‍ക്കു വേണ്ടത് വേറെ ചില കാര്യങ്ങളാണ്. ഇനി അതിന്റെ പേരില്‍ കേസെടുത്താലും കാര്യങ്ങള്‍ പറയും.'
'എച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തില്‍നിന്ന് ഒഴിയണം എന്ന ആവശ്യമാണ് ചോദ്യം ചെയ്യലിന്റെ പേരില്‍ ആദ്യം എന്റെ മുന്നില്‍ വച്ചത്. അതു ഗൂഢാലോചനക്കേസിന്റെ ഭാഗമല്ല എന്നിരിക്കെയാണത്. അഭിഭാഷകന് നല്‍കിയിട്ടുള്ള വക്കാലത്ത് ഒഴിവാക്കുക എന്നതായിരുന്നു മറ്റൊരു ആവശ്യം. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ബിസിനസ് ഇടപാടുകളുടെയും ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെയും തെളിവ് എവിടെയാണ്? 164 മൊഴിയില്‍ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് എന്നെല്ലാമാണ് ചോദിച്ചത്.'
'അഭിഭാഷകന്റെ ഫേസ്ബുക് പോസ്റ്റ് കാണിച്ചിട്ട്, കമ്യൂനിസത്തിന് എതിരെ പോസ്റ്റിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനു ഗൂഢാലോചനക്കേസുമായി എന്താണ് ബന്ധം എന്നറിയില്ല. കൃഷ്ണരാജ് എന്ന വക്കീലിനു വക്കാലത്തു കൊടുക്കുമ്പോള്‍ ആ കുടുംബം എന്താണ്, എന്തെല്ലാം ചെയ്യുന്നു, അയാളുടെ വിശ്വാസം എന്താണ് എന്നതൊന്നും കക്ഷി എന്ന നിലയില്‍ എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. അയാളുടെ വിനോദമോ വിശ്വാസമോ ഒന്നും ബാധകമല്ല. തുറന്നുപറഞ്ഞാല്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തി അല്ലാത്തതിനാല്‍ അവിടുത്തെ ചിട്ടകള്‍ പോലും അറിയില്ല. എന്നാല്‍ സംസാരിക്കുന്ന ഓരോ കാര്യവും തെറ്റാതെ തന്നെയാണ് ആവര്‍ത്തിച്ചു പറയുന്നത്. എന്റെ വാക്കുകള്‍ മറ്റൊരാളുടേത് ആക്കാനാവില്ല. 2016 മുതല്‍ 2020 വരെ നടന്ന കാര്യങ്ങള്‍ ഇന്നലെ വന്ന വക്കീലിനോ എച്ആര്‍ഡിഎസ് ഇന്‍ഡ്യയ്‌ക്കോ പറയിക്കാനാവില്ല.'
'വീണാ വിജയന് ബിസിനസ് നടത്തിക്കൂട എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. 164 മൊഴി നല്‍കിയതിനാണ് പൊലീസ് ഗൂഢാലോചനക്കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എന്റെ കുറ്റസമ്മത മൊഴി എന്റെ കേസാണ്. വീണാ വിജയന്റെ ബിസിനസ് വിവരങ്ങള്‍ ചോദിക്കുന്നതാണോ എന്നെ ചോദ്യം ചെയ്യുക എന്ന് പറഞ്ഞു ചെയ്യുന്നത്. ഇതെല്ലാം ഉപദ്രവിക്കലാണ്. ആദ്യം ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടു. പല കേസുകള്‍ എടുക്കുന്നു. എല്ലാ വകുപ്പുകളിലും കയറിയിറങ്ങുകയാണ്.''
'ക്രൈംബ്രാഞ്ച് എന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം. ഒരു കാര്യത്തിലും അവരുടെ ഉപദേശങ്ങള്‍ ആവശ്യമില്ല. 770 കലാപ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ എല്ലാം പ്രതിയാക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. എത്ര കേസ് വേണമെങ്കിലും രെജിസ്റ്റര്‍ ചെയ്യട്ടെ. കയറിക്കിടക്കുന്ന വാടകവീട്ടിലേക്ക് പൊലീസിനെയും പട്ടാളത്തെയും വിട്ട് ഉപദ്രവിച്ചാലും തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡിലാണെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും സത്യത്തിന്റെ അറ്റം കാണുന്നതുവരെ പോരാടും. ഇതുകൊണ്ടൊന്നും പിന്‍മാറില്ല. മുഖ്യമന്ത്രിയും ഉള്‍പെട്ടിരിക്കുന്ന ആളുകളും എന്താണെന്ന് വച്ചാല്‍ ചെയ്‌തോളൂ' - സ്വപ്ന പറഞ്ഞു.
നേരത്തെ, സ്വപ്ന സുരേഷിനെ എച്ആര്‍ഡിഎസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. എച്ആര്‍ഡിഎസില്‍ സ്ത്രീശാക്തീകരണം സിഎസ്ആര്‍ വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു സ്വപ്ന. സ്വപ്‌നയ്ക്ക് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണം പരാതിയായി കണക്കാക്കിയാണ് ഒഴിവാക്കുന്നതെന്നായിരുന്നു വിശദീകരണം.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സര്‍കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ച് എച്ആര്‍ഡിഎസിനെ വേട്ടയാടുന്നതായി സ്വപ്ന നേരത്തെ വിമര്‍ശിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.