Suspension | എഡിഎം നവീന്‍ ബാബുവിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍


● സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍
● പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ നവീന്‍ ബാബുവിന് പണം നല്‍കിയിരുന്നു എന്ന് പ്രശാന്ത് ആരോപിച്ചിരുന്നു
കണ്ണൂര്‍: (KVARTHA) മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്.
ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സര്‍വീസ് ചട്ടലംഘനമെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇയാള്‍ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്പെന്‍ഷന്‍ ഉത്തരവ് വന്നിരിക്കുന്നത്.
പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ നവീന്‍ ബാബുവിന് പണം നല്‍കിയിരുന്നു എന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വച്ചാണ് പണം നല്‍കിയതെന്നും ആരോപിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി നല്‍കിയതെന്നും പറഞ്ഞിരുന്നു. ഒക്ടോബര്‍ ആറിന് ക്വാര്‍ടേഴ്‌സില്‍ എത്തിയാണ് പണം കൈമാറിയതെന്നും അതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന പ്രശാന്തിന് എങ്ങനെയാണ് പെട്രോള്‍ പമ്പ് അപേക്ഷ നല്‍കാന്‍ സാധിക്കുക, പ്രശാന്തിന് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഭിമുഖീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രശാന്തിനെതിരെ അന്വേഷണം നടത്തുന്നതും ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കുന്നതും.
#KeralaNews, #ADMDeath, #Bribery, #Suspension, #HealthDepartment, #Controversy