Suspended | മന്ത്രിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയ സംഭവം; ലൈന്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

 



ആലപ്പുഴ: (www.kvartha.com) കൃത്യമായി വൈദ്യുതി ബില്‍ അടച്ചിട്ടും കൃഷി മന്ത്രി പി പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ കണക്ഷന്‍ കെ എസ് ഇ ബി അധികൃതര്‍ വിഛേദിച്ചെന്ന പരാതിയില്‍ നടപടി. സംഭവത്തില്‍ ലൈന്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹരിപ്പാട് ഡപ്യൂടി ചീഫ് എന്‍ജിനീയര്‍ക്ക് വൈദ്യുതി ബോര്‍ഡ് വിതരണവിഭാഗം ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി. 

അടച്ചിട്ടിരുന്ന ഈ വീടിന്റെ വൈദ്യുതി ബില്‍ യഥാസമയം അടയ്ക്കാത്തത് മൂലമാണ് കണക്ഷന്‍ വിഛേദിച്ചതെന്നും ബില്‍ അടച്ചതിന് പിന്നാലെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി ഓഫിസില്‍നിന്ന് ലൈന്‍മാന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലൈന്‍മാന്‍ അലംഭാവം കാട്ടിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

എന്നാല്‍ മന്ത്രിയുടെ വീടാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വൈദ്യുതി പുനഃസ്ഥാപിച്ചെന്ന് കരുതിയെന്നും  അടച്ചിട്ടിരുന്ന വീടായതിനാല്‍ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നുമാണ് വിഷയത്തില്‍ ലൈന്‍മാന്‍ നല്‍കിയ വിശദീകരണം.

സംഭവത്തില്‍ കെഎസ്ഇബി ഹരിപ്പാട് സര്‍കിള്‍ ഓഫിസില്‍നിന്ന് ഉന്നതോദ്യോഗസ്ഥര്‍ നൂറനാട് കെഎസ്ഇബി ഓഫിസിലെത്തി തെളിവെടുത്തിരുന്നു. നൂറനാട്ടെ മന്ത്രിയുടെ വീട്ടിലെത്തിയും പരിസരത്തുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

നൂറനാട് വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ പാലമേല്‍ മറ്റപ്പള്ളിയിലാണ് മന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്നത്. 490 രൂപയുടെ ബില്‍ ആണ് വന്നത്. മന്ത്രി ഫെബ്രുവരി 24 ന് രാവിലെ 9.38 ന് ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപയും അടച്ചിരുന്നു. എന്നാല്‍ ബില്‍ അടച്ചതിനുശേഷം മാര്‍ച് രണ്ടാം തീയതിയാണ് കണക്ഷന്‍ കട് ചെയ്തിരിക്കുന്നത്. ഫ്യൂസ് ഊരി മാറ്റാതെ വൈദ്യുതി പോസ്റ്റില്‍ നിന്നും കേബിള്‍ വിച്ഛേദിച്ചാണ് കെ എസ് ഇ ബി ജീവനക്കാര്‍ കണക്ഷന്‍ കട് ചെയ്തത്.

Suspended | മന്ത്രിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയ സംഭവം; ലൈന്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം


മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും പലപ്പോഴും നൂറനാട്ടെ കുടുംബ വീട്ടില്‍ എത്താറുണ്ട്. ഇവിടെ മന്ത്രിയെ കാണാന്‍ പാര്‍ടിക്കാരും, സമീപവാസികളും, സന്ദര്‍ശകരുമൊക്കെ വരാറുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ പാര്‍ടി പഞ്ചായത് അംഗമായ കെ അജയഘോഷിനെ ചുമതലപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്.

അജയഘോഷ് വൈദ്യുതി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ കട് ചെയ്തിരിക്കുന്നതെന്ന് അറിയുന്നത്. ഉടന്‍ തന്നെ വിവരം മന്ത്രിയെ ധരിപ്പിച്ചു. ഫെബ്രുവരി 24-നു പണമടച്ചത് ശ്രദ്ധിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരമൊരു പിഴവ് സംഭവിച്ചത്. തുടര്‍ന്ന് ബില്‍ അടച്ചെന്ന് ബോധ്യമായതോടെ ഉദ്യോഗസ്ഥരെത്തി പോസ്റ്റിലേക്കുള്ള കണക്ഷന്‍ വയര്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

Keywords:  News,Kerala,State,Alappuzha,Suspension,Minister,Electricity,Top-Headlines,Latest-News,Trending,House,Punishment, Lineman suspended disconnecting electricity fues at minister Prasad's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia