K Sudhakaran | അതിജീവിത കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂടറുടെ നിയമനം വൈകുന്നത് എന്തുകൊണ്ടെന്ന് കെ സുധാകരന്‍ എംപി

 


തിരുവനന്തപുരം: (www.kvartha.com) നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്പെഷ്യല്‍ പ്രോസിക്യൂടര്‍ക്ക് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍കാര്‍ തയാറാകുന്നില്ലെന്നകാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

  K Sudhakaran | അതിജീവിത കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂടറുടെ നിയമനം വൈകുന്നത് എന്തുകൊണ്ടെന്ന് കെ സുധാകരന്‍ എംപി

ഇക്കാലയളവില്‍ രണ്ടു സ്പെഷ്യല്‍ പ്രോസിക്യൂടര്‍മാര്‍ രാജിവെച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യല്‍ പ്രോസിക്യൂടര്‍ രാജിവെച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഒരാളെ നിയമിക്കാന്‍ സര്‍കാരിന് ഇതുവരെ കഴിഞ്ഞില്ല. അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സര്‍കാരെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂടര്‍ രാജിവെച്ചയുടനെ പുതിയ പ്രോസിക്യൂടറെ നിയമിക്കുമായിരുന്നല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപോര്‍ട് നല്‍കാന്‍ സര്‍കാര്‍ തയാറായതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സര്‍കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാന്‍ ആദ്യം സര്‍കാര്‍ തയാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ എവിടെയൊക്കെയോ പൊലീസിന് കൈവിറയലുണ്ടായി എന്നല്ലേ കരുതേണ്ടത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാത്ത സര്‍കാര്‍ നടപടിക്കും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിനും എതിരെ കേരളീയ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാത്രമാണ് കുറ്റപത്രം നല്‍കാന്‍ സമയം നീട്ടിചോദിക്കാന്‍ സര്‍കാര്‍ തയാറായത്.

അത് വൈകിവന്ന വിവേകം മാത്രമാണ്. നടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സിപിഎം സെക്രടറി കോടിയേരി ബാലകൃഷ്ണനും എല്‍എഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്നും സുധാകരന്‍ പറഞ്ഞു.

വീണ്ടും കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കം സര്‍കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഒരുഘട്ടത്തില്‍ ശരിയായ ദിശയിലായിരുന്ന കേസിന് ഗതിമാറ്റം ഉണ്ടായത് അന്വേഷണം ചിലരിലേക്ക് എത്തിയപ്പോഴാണ്.

കേസുമായി ബന്ധപ്പെട്ട ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യണമെന്ന് പൊലീസ് തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരെ എന്തിനാണ് മുഖ്യമന്ത്രിയും പൊലീസും ഭയക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടുത്ത കാലത്ത് നടന്ന നിയമനത്തെ തുടര്‍ന്നാണ് കേസ് വഴിതെറ്റാന്‍ തുടങ്ങിയതെന്ന ആക്ഷേപമുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Survivor case: K Sudhakaran Criticized Pinarayi Govt, Thiruvananthapuram, News, Politics, Actress, Complaint, K.Sudhakaran, Criticism, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia