Surgical Blade | ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: സര്‍ജികല്‍ ബ്ലേഡും ഏഴു ലക്ഷം രൂപയും കണ്ടെത്തി; ക്ലോറോഫോം മണപ്പിച്ച ശേഷമാണ് കഴുത്തറുത്തതെന്ന നിഗമനത്തില്‍ പൊലീസ്


അമ്പിളിയുടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് തമിഴ് നാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്
അമ്പിളിക്ക് സര്‍ജികല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയ പാറശാല സ്വദേശി സുനിലിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: (KVARTHA) ക്വാറി ഉടമ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സര്‍ജികല്‍ ബ്ലേഡും ഏഴു ലക്ഷം രൂപയും വീടിന് തൊട്ടടുത്തുള്ള സ്ഥലത്തുനിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ക്ലോറോഫോം മണപ്പിച്ച ശേഷമാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പൊലീസ്.
ക്വാറി ഉടമയായ ദീപുവിനെ നാഗര്‍കോവില്‍-തിരുവനന്തപുരം ദേശീയപാതയില്‍ കളിയിക്കാവിള ഒറ്റാമരത്തിനരികെയുള്ള പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച അര്‍ധരാത്രിയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കാറില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് തമിഴ് നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട സ്വദേശി അമ്പിളിയുടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ചെ രണ്ടു മണിയോടെ തമിഴ് നാട് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
കൈയില്‍ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിന്റെ പിന്‍സീറ്റിലിരുന്നാണ് കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജികല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്.
അമ്പിളിക്ക് സര്‍ജികല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയ പാറശാല സ്വദേശി സുനിലിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
സുനിലിന്റെ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജികല്‍ ഉപകരണങ്ങളുടെ കട നടത്തുകയാണ് സുനില്‍. മണ്ണുമാന്തി യന്ത്രം വാങ്ങാന്‍ 10 ലക്ഷം രൂപയുമായാണ് ദീപു വീട്ടില്‍നിന്നു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്പിളിയെ മലയം മലവിളയില്‍ നിന്ന് തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാല്‍ കാറുമായി വന്ന് കൂട്ടാമെന്ന് സുനില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫായിരുന്നു എന്നാണ് അമ്പിളി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയില്‍ പോയി ഓടോറിക്ഷ പിടിക്കാന്‍ സഹായം തേടി. എന്നാല്‍ അത് ലഭിച്ചില്ല. ഇതോടെ ഇയാള്‍ നടന്ന് ബസ് സ്റ്റാന്‍ഡില്‍ പോയി. നേരെ വീട്ടില്‍ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗില്‍ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയില്‍ വലിച്ചെറിയുകയായിരുന്നു. കത്തിച്ച വസ്ത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി.
കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏഴ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഒറ്റാമരം പെട്രോള്‍ ബങ്കിന് എതിര്‍വശം ചെറുവാരക്കോണം സഹകരണ ബാങ്ക് അയിങ്കാമം ശാഖയിലെ സിസിടിവിയില്‍ കൊല നടത്തിയെന്ന് സംശയിക്കുന്ന പ്രതി കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്.
ദീപുവിന്റെ മൊബൈലിലേക്ക് എത്തിയ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. രണ്ടു കൊലപാതക കേസുകളില്‍ ഉള്‍പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അമ്പിളി എന്ന് പൊലീസ് പറഞ്ഞു.