Tribute | പി പി മുകുന്ദന്റെ ജ്വലിക്കുന്ന ഓര്‍മ്മകളെന്നും പ്രചോദനമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
● കുടുംബത്തില്‍ ആധികാരികമായ ഇടപെടല്‍ നടത്തി.
● കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തിയപ്പോള്‍ 12 വര്‍ഷം ആതിഥേയത്വം നല്‍കി.
കണ്ണൂര്‍: (KVARTHA) ആര്‍എസ്എസ്-ബിജെപി നേതാവായിരുന്ന പി.പി. മുകുന്ദന്റെ (PP Mukundan) ജ്വലിക്കുന്ന ഓര്‍മ്മകള്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എക്കാലത്തും വലിയ പ്രചോദനമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി (Suresh Gopi) പറഞ്ഞു. കണ്ണൂര്‍ പി.പി. മുകുന്ദന്‍ ഒന്നാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ പോലെയുളള നിരവധി പേര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം പ്രേരണയും പ്രചോദനവുമായിട്ടുണ്ട്. രാഷ്ട്രീയത്തിനധീതമായ ബന്ധം വെച്ചു പുലര്‍ത്തിയ അദ്ദേഹവുമായുളള ബന്ധത്തിന്റെ ഫലമായാണ് രാഷ്ട്രീയ രംഗത്തേക്ക്, സംഘ ആദര്‍ശങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും മാനസികമായി താന്‍ പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുന്നേ തന്നെ തന്റെ വീടുമായി വളരെ അടുത്ത ബന്ധം മുകുന്ദേട്ടന്‍ പുലര്‍ത്തി പോന്നു. 1986-88 കാലത്ത് മേനകാ സുരേഷാണ് മുകുന്ദേട്ടനുമായി കൂടികാഴ്ചയ്ക്കായി വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ ആധികാരികമായ ഇടപെടല്‍ അച്ഛനെ പോലെ വലിയച്ഛനെ പോലെ അദ്ദേഹം തന്റെ കുടുംബത്തില്‍ നടത്തി. കണ്ണൂരിലെത്തിയാല്‍ തലതൊട്ടപ്പന്‍ മുകുന്ദേട്ടനായിരുന്നു. 12 വര്‍ഷക്കാലത്തോളം കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തിയപ്പോള്‍ മുകുന്ദേട്ടന്റെ വീട് തനിക്ക് ആതിഥേയത്വം നല്‍കി. പി.പി. മുകുന്ദന്റെ വേര്‍പാട് വ്യക്തിപരമായി എനിക്കും ഒപ്പം കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വര്‍ഷം കൂടി ജീവിച്ചിരുന്നുവെങ്കില്‍ സന്തോഷ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. സന്തോഷം ഏറ്റുവാങ്ങാന്‍ മുകുന്ദേട്ടന്‍ ഇല്ലാ എന്നത് ദുഃഖമായി എല്ലാകാലത്തും ഓര്‍മ്മയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വൈരുദ്ധ്യം പൊതു നന്മയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് നല്ല ഉദാഹരണമാണ് മുകുന്ദേട്ടന്റെ പ്രവര്‍ത്തനങ്ങളെന്ന് സംഘര്‍ഷ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ നെടും തൂണായിരുന്ന പി.പി. മുകുന്ദന്റെ സ്മൃതി നൈരന്തര്യം തുടര്‍ന്നു കൊണ്ടേയിരിക്കണം. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഓര്‍മ്മകള്‍ മനസില്‍വെച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഓരോ പ്രവര്‍ത്തകര്‍ക്കും സാധിക്കണം. അദ്ദേഹത്തിന്റെ പേരിലുളള ആദ്യ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നുവെന്നത് അനുഗ്രഹമാണെന്നും വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന്റെ പേരിലുളള പുരസ്‌ക്കാരം നല്‍കാന്‍ തന്റെ മകളുടെ പേരിലുളള ട്രസ്റ്റില്‍ നിന്നും പത്ത് കൊല്ലത്തേക്കുളള തുക കൈമാറുമെന്നും രാഷ്ട്രീയ ഭേദമന്യേ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ആര്‍ക്കും ആ പുര്സക്കാരം നല്‍കാമെന്നും സുരേഷ്ഗോപി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഹിന്ദുഐക്യ വേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദന്‍ മാസ്റ്റര്‍, സെക്രട്ടറി കെ. രഞ്ചിത്ത്, ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.
#PPMukundan #SureshGopi #RSS #BJP #Kerala #politics #memorial