Sinoj | ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ എന്റെ കൂടെ വരുന്നോ എന്ന് ചോദിച്ചു, അന്ന് തൊട്ട് കൂടെയുണ്ട്; 18 വര്‍ഷമായി തന്റെ മേകപ് മാന്‍ ആയിരുന്ന ആളെ കേന്ദ്രമന്ത്രി ആയപ്പോള്‍ സ്റ്റാഫില്‍ അംഗമാക്കി സുരേഷ് ഗോപി
കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിനോജ് ആണ് ആ ഭാഗ്യവാന്‍
പതിനെട്ട് വര്‍ഷമായി അദ്ദേഹം പറയുന്നത് മാത്രമാണ് ചെയ്തിട്ടുള്ളത്, ഇനി ചെയ്യുന്നതും അങ്ങനെ തന്നെ
തിരുവനന്തപുരം: (KVARTHA) 18 വര്‍ഷമായി തന്റെ മേകപ് മാന്‍ ആയിരുന്ന ആളെ കേന്ദ്രമന്ത്രി ആയപ്പോള്‍ കൈവിടാതെ സ്റ്റാഫില്‍ അംഗമാക്കി സുരേഷ് ഗോപി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിനോജ് ആണ് ആ ഭാഗ്യവാന്‍. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സ്റ്റാഫില്‍ അംഗമായതില്‍ അങ്ങേയറ്റം സന്തോഷത്തിലാണ് സിനോജ്.
സ്റ്റാഫ് ആയി നിയമിച്ചതിനെ കുറിച്ച് സിനോജ് പറയുന്നത്:
പതിനെട്ട് വര്‍ഷമായി സുരേഷ് ഗോപിക്കൊപ്പം മേകപ് മാനായും സഹായിയായും പ്രവര്‍ത്തിക്കുന്ന ആളാണ്. ചേട്ടന്‍ കേന്ദ്രമന്ത്രിയാകുമ്പോള്‍, ഒരുപക്ഷേ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനാകും. പതിനെട്ട് വര്‍ഷമായി അദ്ദേഹം പറയുന്നത് മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനി ചെയ്യുന്നതും അങ്ങനെ തന്നെ.
രാജ്യ സഭാ അംഗമായപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നു. ഒരു വര്‍ഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചിട്ടുണ്ട്. സുരേഷേട്ടന്റെ മേകപ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടുന്നത്. അപ്രതീക്ഷിതമായാണ് മേകപ് മാന്‍ ആയി എന്നെ അദ്ദേഹം പരിഗണിക്കുന്നത്. ആദ്യം മേകപ് ഇട്ടപ്പോള്‍ ചെറിയ വിറയലൊക്കെ ഉണ്ടായിരുന്നു. അത് പേടികൊണ്ടാണെന്ന് സുരേഷേട്ടനും അറിയാമായിരുന്നു.
ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ അടുത്ത പടത്തില്‍ എന്റെ കൂടെ വരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് തൊട്ട് ഇപ്പോള്‍ വരെ സുരേഷേട്ടനൊപ്പം ഞാനുണ്ട്- എന്നും സിനോജ് പറയുന്നു.