Suresh Gopi | മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി നടക്കാവ് പൊലീസിന് മുന്നില്‍ ഹാജരായി, അകമ്പടിയായി 100 കണക്കിന് പ്രവര്‍ത്തകരും ആരാധകരും

 


കോഴിക്കോട്: (KVARTHA) മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടക്കാവ് പൊലീസിന് മുന്നില്‍ ഹാജരായി. സംഭവത്തില്‍ ഐ പി സി 354 എ വകുപ്പ് ചുമത്തിയാണ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. 

18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നേരത്തെ പൊലീസ് നോടിസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് താരം സ്റ്റേഷനില്‍ ഹാജരായത്. സുരേഷ് ഗോപിയുടെ അറസ്റ്റ് ഉടന്‍തന്നെ രേഖപ്പെടുത്തിയേക്കും. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആയതിനാല്‍ ജാമ്യവും നല്‍കിയേക്കും.

Suresh Gopi | മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി നടക്കാവ് പൊലീസിന് മുന്നില്‍ ഹാജരായി, അകമ്പടിയായി 100 കണക്കിന് പ്രവര്‍ത്തകരും ആരാധകരും

സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, വികെ സജീവന്‍ അടക്കമുള്ള നേതാക്കളും അഭിഭാഷകരും സ്റ്റേഷനിലേക്ക് അനുഗമിച്ചു. കൂടാതെ സ്റ്റേഷന് പുറത്ത് താരത്തെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ആരാധകരും തടിച്ചുകൂടി. ജാഥയായി സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് കണ്ണൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ബസുകള്‍ വഴിതിരിച്ചുവിട്ടു.

കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെപിഎം ട്രൈസെന്‍ഡ ഹോടെലിന് മുന്നില്‍ ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. 

സുരേഷ് ഗോപി മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിനെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പരാതി. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവച്ചു.

ഇതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ താരം മാപ്പപേക്ഷയുമായി രംഗത്തുവന്നിരുന്നു. താന്‍ മോശം ഉദ്ദേശത്തോടെയല്ല മാധ്യമ പ്രവര്‍ത്തകയെ സ്പര്‍ശിച്ചതെന്നും വളരെ വാത്സല്യത്തോടെയാണെന്നും താരം ഫേസ് ബുക് വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ തന്നെ മാധ്യമ പ്രവര്‍ത്തക തീരുമാനിക്കുകയായിരുന്നു.

Keywords: Suresh Gopi appears for quizzing amid tight security; BJP supporters hold rally in vicinity, Kozhikode, News, Suresh Gopi, Police Station, Clash, BJP Leader, Complaint, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia