Stray Dogs | തെരുവുനായ്ക്കളുടെ ശല്യം: കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
Sep 13, 2022, 08:30 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ അക്രമകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. അക്രമകാരികളായ നായ്ക്കളുടെ കാര്യം കോടതിക്കുതന്നെ ബോധ്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ നായ്ക്കളെ കൊല്ലാന്‍ നിയമപരമായ തടസങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, അടിയന്തര നടപടിയെന്ന നിലയില്‍ തെരുവുനായഭീതി ഒഴിവാക്കാന്‍ ഊര്‍ജിത വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ ഉപയോഗിച്ചാകും ഡ്രൈവ് നടത്തുക. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി പ്രത്യേക വാഹനം വാടകയ്‌ക്കെടുക്കാം. വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള 300 പിജി ഡോക്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.
കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയ വോളന്റിയര്‍മാരെ തെരഞ്ഞെടുത്തു പരിശീലനം നല്‍കി വാക്‌സിനേഷന്‍ ഡ്രൈവിനായി നിയോഗിക്കും. ഇവരുടെ പരിശീലനം ഈ മാസം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും.
തെരുവുനായ്ക്കളെ വാക്‌സിനേറ്റ് ചെയ്യാന്‍ എത്തിക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്‍കും. നായ്ക്കളെ പിടികൂടി വാക്‌സിന്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുന്ന രീതി അവലംബിക്കുന്ന കാര്യവും പരിശോധിക്കും. എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും ഒക്ടോബര്‍ 30-നകം വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അനിമല്‍ ബെര്‍ത് കന്‍ട്രോള്‍ പ്രോഗ്രാം (എബിസി) 152 ബ്ലോകുകളിലായി 72 സെന്ററുകള്‍ ആരംഭിക്കാന്‍ നേത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 37 സെന്ററുകള്‍ ഇപ്പോള്‍ സജ്ജമാണ്. വാക്‌സിനേഷനൊപ്പം ഈ കേന്ദ്രങ്ങളില്‍ നായ്ക്കളുടെ വന്ധ്യംകരണ നടപടികളും നടക്കും. മറ്റിടങ്ങളില്‍ 50 ദിവസത്തിനകം ഇവ തയാറാക്കാന്‍ നടപടി സ്വീകരിക്കും. എബിസി പദ്ധതി നടപ്പിലാക്കാന്‍ നേരത്തേ കുടുംബശ്രീയെ നിയോഗിച്ചിരുന്നെങ്കിലും ഹൈകോടതി തടഞ്ഞിരുന്നതിനാല്‍ ഇക്കാര്യത്തിലെ നിയമതടസം നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, തദ്ദേശഭരണ പ്രിന്‍സിപല്‍ ഡയറക്ടര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തെരുവുനായ്ക്കളെ പാര്‍പിക്കാനുള്ള ഷെല്‍ടറുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.