എ പി - ഇ കെ പോരിന്റെ അമ്പരപ്പിക്കുന്ന പുതിയ വിവരങ്ങളുമായി റിപ്പോര്‍ട്ട്

 


തിരുവനന്തപുരം: (www.kvartha.com 14.08.2015) കേരളത്തിലെ മുസ്്‌ലിം സമുദായത്തിലെ ശക്തമായ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഇടക്കാലത്തിനു ശേഷം ശക്തമായ പോരും പടയുമാണെന്ന വെളിപ്പെടുത്തലുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം.

വെള്ളിയാഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയിലാണിത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി ജംഇയ്യത്തുല്‍ ഉലമ, ഇ കെ വിഭാഗം എന്ന് അറിയപ്പെടുന്ന പിളര്‍പ്പിനു മുമ്പുള്ള ഔദ്യോഗിക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയും തമ്മില്‍ പള്ളികളുടെയും മദ്രസകളുടെയും പേരില്‍ നിയമയുദ്ധം ഉള്‍പ്പെടെ നടക്കുന്നു എന്നു ചൂണ്ടിക്കാണിക്കുന്നതാണു റിപ്പോര്‍ട്ട്.

'തെരുവിലും തീരുന്നില്ല സുന്നിത്തര്‍ക്കം' എന്ന തലക്കെട്ടില്‍ കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വിവിധ വിഭാഗം നേതാക്കളുടെ പ്രതികരണങ്ങളുണ്ട്. സമവായത്തിനും സമാധാനത്തിനും നേതാക്കള്‍ മുന്‍കൈയെടുക്കണം എന്നും അണികളെ നിയന്ത്രിക്കണം എന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇതില്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്യങ്ങള്‍ പിടിവിട്ടു പോകുന്നത് സമുദായത്തിനു ഗുണകരമല്ല എന്ന ആശങ്കയാണു പലരും പങ്കുവയ്ക്കുന്നത്. പക്ഷേ, ആരു വെടിനിര്‍ത്തുമെന്നു വ്യക്തമാക്കാന്‍ മടിക്കുകയും ചെയ്യുന്നു.

മലബാറിലെ മുസ്്‌ലിം പള്ളികളില്‍ നമസ്‌കാരത്തിനു കയറുന്ന കാര്യത്തില്‍പ്പോലും സംഘടനാപരമായ വിഭാഗീയത നിലനില്‍ക്കുന്നു എന്നു വാദിക്കുന്ന റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ സമീപകാലത്തു വന്ന ഏറ്റവും വിശദമായ വിശകലനമാണു നടത്തുന്നത്. അതേസമയം, ഐക്യത്തിന്റെയും സമവായത്തിന്റെയും ശബ്ദങ്ങള്‍ രണ്ടു പക്ഷത്തുനിന്നും ഇടയ്ക്കു കേള്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടു ചൂണ്ടിക്കാണിക്കുന്നു.

മുസ്്‌ലിം ലീഗും കോണ്‍ഗ്രസും സുന്നിത്തര്‍ക്കത്തെ മുതലെടുക്കുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കുന്ന പ്രതികരണങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് വിവാദമാകാന്‍ ഇടയുണ്ട്. ഇ കെ പക്ഷത്തെ തീവ്രവാദിയായി ആക്ഷേപിക്കപ്പെടുന്ന പ്രമുഖ നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  എ പി പക്ഷക്കാരന്‍ കൂടിയായ മലപ്പുറം ഡിസിസി ട്രഷറര്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ നിലപാടു വ്യക്തമാക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്കിടയിലും ''യോജിപ്പിന്റെ വാതില്‍ ഞങ്ങളുടെ പക്ഷത്ത് എപ്പോഴും തുറിന്നിട്ടിരിക്കുകയാണെന്നും എങ്ങനെയെങ്കിലും യോജിക്കണം എന്ന അഭിപ്രായമാണ് തനിക്കു വ്യക്തിപരമായുള്ളതെന്നും '' പ്രമുഖ നേതാക്കളിലൊരാള്‍ പറയുന്നുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia