Statement | 'സര്‍ജികല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിന് ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ല; മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുനില്‍കുമാര്‍ പൊലീസിനോട്'
തിരുവനന്തപുരം: (KVARTHA) സര്‍ജികല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിന് ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ക്വാറി ഉടമ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കീഴടങ്ങിയ സുനില്‍കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കേസിലെ പ്രധാന പ്രതി മലയം സ്വദേശി ചൂഴാറ്റുകോട്ട അമ്പിളിയുടെ അറസ്റ്റിന് പിന്നാലെ ചോദ്യം ചെയ്യാന്‍ തമിഴ് നാട് പൊലീസ് വിളിപ്പിച്ചതോടെയാണ് ഒളിവില്‍ പോയ സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.
സുനിലിന്റെ സുഹൃത്ത് പ്രദീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കീഴടങ്ങാനുള്ള തീരുമാനമുണ്ടായത്. നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജികല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന സുനില്‍കുമാര്‍ നല്‍കിയ സര്‍ജികല്‍ ബ്ലെയ്ഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
കൊലപാതകം നടന്ന 24ന് രാത്രി പാറശാലയില്‍ എത്തിയ അമ്പിളി ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ജികല്‍ ബ്ലെയ്ഡ് നല്‍കിയതെന്നാണ് സുനില്‍കുമാര്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ലക്ഷ്യമിടുന്ന കാര്യം അപ്പോള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരും സുനിലിന്റെ കാറില്‍ കളിയിക്കാവിളയില്‍ എത്തി. ഒരു ജോഡി ഡ്രസ് വാങ്ങി നല്‍കി വൈകിട്ടോടെ അലയത്ത് അമ്പിളിയുടെ വീട്ടില്‍ എത്തിച്ചു.
അവിടെനിന്ന് നെയ്യാറ്റിന്‍കരയ്ക്ക് തിരികെ വരുന്ന വഴി മദ്യപാനത്തിനിടെയാണ് രാത്രി കൊലപാതകം നടത്തുമെന്ന് അമ്പിളി പറഞ്ഞത്. അതിനായി കളിയിക്കാവിള എത്തിക്കാനും സംഭവത്തിനുശേഷം തിരിച്ച് വീട്ടില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുനില്‍ കുമാര്‍ പറയുന്നു.
ഇതോടെ സുഹൃത്തായ കേരള പൊലീസിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടു. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വാഹനം കയറ്റാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും സുനില്‍ കുമാര്‍ മൊഴിയില്‍ പറയുന്നു. യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയില്‍നിന്ന് സുഹൃത്ത് പ്രദീപ് ചന്ദ്രനെ കൂടി കാറില്‍ കയറ്റി. കളിയിക്കാവിളയില്‍ കാത്തുനില്‍ക്കാമെന്ന് ഉറപ്പു നല്‍കി അമ്പിളിയെ അമരവിള ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് പ്രദീപിനൊപ്പം മദ്യപിച്ച ശേഷം ഫോണ്‍ സ്വിച് ഓഫ് ചെയ്ത് വീട്ടില്‍ പോയി. പിറ്റേന്നാണ് ദീപുവിനെ കൊലപ്പെടുത്തിയ വിവരം അറിയുന്നതെന്നും സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞു. ആരെയാണു കൊല്ലാന്‍ ലക്ഷ്യമിടുന്നതെന്ന് അമ്പിളി പറഞ്ഞിരുന്നില്ലെന്നും സുനില്‍ പറഞ്ഞു. കൊലയ്ക്കു ശേഷം അമ്പിളി ഒരു മണിക്കൂര്‍ പ്രദേശത്ത് തുടര്‍ന്നത് സുനില്‍കുമാറിനെ കാത്താണെന്നാണ് പൊലീസ് നിഗമനം. ദീപുവിന്റെ കാറില്‍ ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്പിളി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം നടത്തിയതാണെന്നും പൊലീസ് സംശയിക്കുന്നു.