വാഹനങ്ങളുടെ കറുത്ത ഗ്ലാസ് നീക്കുന്ന നടപടിയില്‍ ആശയകുഴപ്പം

 


വാഹനങ്ങളുടെ കറുത്ത ഗ്ലാസ് നീക്കുന്ന നടപടിയില്‍ ആശയകുഴപ്പം
കാസര്‍കോട്: വാഹനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ കറുത്ത ഗ്ലാസ് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പോലീസിലും മോട്ടോര്‍വാഹന വകുപ്പിലും ആശയകുഴപ്പം രൂക്ഷം. സണ്‍കണ്‍ട്രോള്‍ നിരോധനം നടപ്പാക്കുന്നതിലുള്ള ആശയകുഴപ്പവും അവ്യക്തതയും ഉദ്യോഗസ്ഥ തലത്തില്‍ രൂക്ഷമായതിനാല്‍ നിരോധനം ഏങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതയും ഉടലെടുത്തു. നിരോധനം ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ ഹെല്‍മറ്റ്‌വേട്ടയുടെ ഗതിതന്നെ നേരിടേണ്ടി വരുമെന്നാണ് സൂചനകള്‍.

സണ്‍ഗ്ലാസ് നിരോധനം പുതിയ നിര്‍ദ്ദേശമല്ലെന്നും 1989 ലെ മോട്ടോര്‍ വാഹന നിയമത്തില്‍ വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമും സുതാര്യമല്ലാത്ത മറ്റ് ഫിലിമുകളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ഫിലിമുകള്‍ ഒട്ടിച്ചുപോകുന്ന വാഹനങ്ങളില്‍ ഭീകരപ്രവര്‍ത്തനവും, തട്ടികൊണ്ടുപോകലും, അനാശാസ്യ പ്രവര്‍ത്തനവും തുടങ്ങി 12ഓളം കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. 2002ല്‍ നിയമം കര്‍ശനമായി നടപ്പിലാക്കുകയും പിന്നീട് നിരോധനത്തിന്റെ കാര്യത്തില്‍ നടപടി നിര്‍ത്തിവയ്ക്കുകയുമാണ് ഉണ്ടായത്. ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതോടെയാണ് നിരോധനം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമത്തിലെ 177 വകുപ്പ് പ്രകാരം ഏറ്റവും കുറഞ്ഞ പിഴ 100 രൂപയാണ്. രണ്ട് ഭാഗത്തെയും ഗ്ലാസുകളില്‍ കൂളിംഗ് ഒട്ടിച്ചിട്ടുണ്ടെങ്കില്‍ 200 രൂപ പിഴ ഈടാക്കും. പിടികൂടുന്ന വാഹനങ്ങളില്‍ നിന്നും കൂളിംഗ് സ്റ്റിക്കര്‍ അഴിച്ചുമാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കൂളിംഗ് സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ വാഹന ഉടമ വിസമ്മതിക്കുകയോ തടസ്സം നില്‍ക്കുകയോ ചെയ്താല്‍ വാഹനം കസ്റ്റഡിയിലെടുക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 70 ശതമാനം സുതാര്യത ഗ്ലാസിനുണ്ടായിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വാഹനത്തിനകത്തിരിക്കുന്നവരെ വ്യകത്മായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കും. തുടക്കത്തില്‍ ചില ഇളവുകള്‍ നല്‍കുമെങ്കിലും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതുപോലെ നിയമം ശക്തമായി തന്നെ നടപ്പിലാക്കുമെന്ന് പോലീസും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

സണ്‍ ഫിലിം ഒട്ടിച്ച വാഹനം വര്‍ക്ക്‌സ്‌ഷോപ്പിലോ വാഹനഷോറൂമിലോ കൊണ്ടുപോകാതെ നീക്കം ചെയ്താല്‍ ഫിലിം പൂര്‍ണ്ണമായി ഇളക്കിമാറ്റാന്‍ കഴിയില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ശാസ്ത്രീയപരിശീലനമില്ലാത്ത ഉദ്യോഗസ്ഥര്‍ ഫിലിം ഇളക്കിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിന് കേടുപാടുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശനങ്ങള്‍ ഏങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. സണ്‍ ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാതിരിക്കാനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഇപ്പോള്‍ പ്രധാനമായും കാറുകള്‍ക്ക് മാത്രമാണ് സണ്‍ ഗ്ലാസ് പതിച്ചിരിക്കുന്നത്. അതുകൊണ്ട് നടപടി ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നത് കാര്‍ ഉടമകള്‍ക്കായിരിക്കും.

Keywords: Kerala, Kasaragod, Vehicles, Cooling glass, , Supreme Court, Sun Glass Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia