(ബാര്‍ ലൈസന്‍സ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ സാക്ഷി മൊഴി)
തിരുവനന്തപുരം: (www.kvartha.com 28.04.2014) വി.എം. സുധീരനും വി.ഡി. സതീശനും ചേര്‍ന്നു സംസ്ഥാന കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി കണക്കുകൂട്ടുമ്പോള്‍ കാര്യങ്ങള്‍ അതിനു വിപരീതമാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളുമായാണു സുധീരന്‍ എ.കെ. ആന്റണിയെ സമീപിച്ചതെന്നു വ്യക്തമായി.
ഗ്രൂപ്പ്, സമുദായം, പണം തുടങ്ങിയ ഘടകങ്ങള്‍ പലതും എല്ലാത്തരം തീരുമാനങ്ങളെയും സ്വാധീനിക്കുന്നതുകൊണ്ട് പാര്‍ട്ടിയെ നയിക്കാന്‍ ഇതിനെയൊക്കെ മറികടക്കാന്‍ ഇഛാശക്തിയുള്ള നേതാക്കളെന്ന നിലയ്ക്കാണ് ഇവരെ അയച്ചതെന്നാണു പുറത്തുവന്ന വിവരം. പക്ഷേ, കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നും വ്യക്തമാക്കുന്ന ഒരു ദൃക്‌സാക്ഷി മൊഴിയാണ് ഈ റിപ്പോര്‍ട്ട്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതിയുടെ ആദ്യയോഗം ചേര്‍ന്നതിന്റെ പിറ്റേന്ന്, ഏപ്രില്‍ 24ന് വി.എം. സുധീരനും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ ഫോണ്‍ സംഭാഷണം. ആന്റണി പ്രതിരോധ മന്ത്രി മാത്രമല്ലല്ലോ. കോണ്‍ഗ്രസിന്റെ അത്യുന്നത നേതാവു കൂടിയാണ്. കേരളകാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ മുന്നിലെ അവസാന വാക്കുമാണ് അദ്ദേഹം.
സുധീരന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ഉണ്ടായിരുന്നത്. നാലുപേര് കേട്ടുകൊള്ളട്ടെ എന്ന മട്ടില്‍തന്നെ സുധീരന്‍ ചില കാര്യങ്ങള്‍ ആന്റണിയോടു തുറന്നു പറയുകയായിരുന്നുവെന്നു വ്യക്തം. ഇന്ദിരാഭവനില്‍ സന്ദര്‍ശകരുടെ വലിയ തിരക്കുണ്ടായിരുന്നില്ല അപ്പോള്‍. നേരത്തേ, ചിലപ്പോള്‍ തലേന്ന് നടത്തിയ സംഭാഷണത്തിന്റെ തുടര്‍ച്ചയായിരുന്നു അതെന്നു കരുതാവുന്ന വിധത്തിലായിരുന്നു ബാര്‍ ലൈസന്‍സ് കാര്യത്തിലേക്ക കടന്നത്. സുധീരന് ശക്തി പകര്‍ന്നുകൊണ്ട് ആന്റണി കൂടെത്തന്നെയുണ്ട് എന്നു വ്യക്തമാക്കുന്നതുകൂടിയായിരുന്നു ആ സംസാരം.
'അതെയതെ, എല്ലാവരും ബാറുടമകള്‍ക്കു വേണ്ടിയങ്ങ് വാദിക്കുകയാ' എന്നു സുധീരന്‍ പറഞ്ഞത് ആന്റണിയുടെ ചോദ്യത്തിനു മറുപടിയെന്ന നിലയിലാകണം. മറ്റെന്തോ കാര്യം ആന്റണിയോടു സംസാരിക്കാന്‍ സുധീരന്‍ ആദ്യം അങ്ങോട്ടു വിളിച്ചു. ആന്റണിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പ്രതാപനെയാണു കിട്ടിയത്. കാര്യം പറഞ്ഞു ഫോണ്‍വച്ചു. അല്പം കഴിഞ്ഞപ്പോള്‍ ആന്റണി തിരിച്ചുവിളിക്കുകയായിരുന്നു.
'ഉമ്മന്‍ചാണ്ടിയും രമേശുമൊന്നും ബാബുവുമൊന്നും പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തിയില്ല, കേട്ടോ എകെ..' സുധീരന്‍ വിഷയത്തിന്റെ മര്‍മത്തിലേക്കു കടക്കുകയാണ്. 'സതീശന്‍, സതീശന്‍ പോലും അവര്‍ക്കു വേണ്ടി വാദിക്കുന്നതു കേട്ടപ്പോ ശരിക്കും അത്ഭുതപ്പെട്ടു പോയി.' സതീശന്‍ വി.ഡി. സതീശനാണ്. അവര്‍ക്കു വേണ്ടി എന്നു പറഞ്ഞത് ബാറുടമകളുടെ കാര്യമാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മറ്റൊരു സതീശനുള്ളത് സതീശന്‍ പാച്ചേനിയാണ്. പക്ഷേ, അദ്ദേഹം കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ഇല്ല. താന്‍ സതീശനില്‍ നിന്ന് അത്തരം പ്രതികരണം പ്രതീക്ഷിച്ചില്ല എന്നും സുധീരന്‍ തുടര്‍ന്നു പറഞ്ഞു.
'ആര്യാടന്‍ അവരുടെ ചാമ്പ്യനല്ലേ' എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് സുധീരന്‍ പറഞ്ഞത്. ബാറുടമകള്‍ക്കു വേണ്ടി ഓട്ടം നയിക്കുന്ന ആള്‍ എന്നാണോ അതോ ആര്യാടന്‍ ഉള്‍പ്പെടുന്ന പഴയ ആന്റണി ഗ്രൂപ്പിന്റെ തന്ത്രങ്ങളുടെ ചാമ്പ്യന്‍ എന്ന നിലയിലാണോ അത് എന്ന് വ്യക്തമല്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.