Controversy | അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെ സുധാകരന്‍
● അറിഞ്ഞുകൊണ്ട് പിവി അന്‍വറിനെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല
● സംരക്ഷണം കൊടുക്കാന്‍ അദ്ദേഹത്തിന്റെ അണികളുണ്ട്
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ അക്ഷരാര്‍ഥത്തില്‍ കുടഞ്ഞെറിയുകയായിരുന്നു അന്‍വര്‍.
അറിഞ്ഞുകൊണ്ട് പിവി അന്‍വറിനെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ സുധാകരന്‍ പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാര്‍ഥ്യമാണെന്നും വ്യക്തമാക്കി. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തോട്, അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നായിരുന്നു സുധാകരന്റെ മറുപടി.
അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതു പാര്‍ട്ടിയോട് കൂടി ആലോചിച്ച് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയത്തില്‍ ശരിയുടെ ഭാഗത്താണെന്നാണ് തന്റെ തോന്നല്‍. അദ്ദേഹം പഴയ കോണ്‍ഗ്രസുകാരനാണ്, കുടുംബം കോണ്‍ഗ്രസാണ്. പിതാവ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. താന്‍ ആ വീട്ടിലൊക്കെ പോയിട്ടുണ്ട്, അന്‍വറിന്റെ ഉമ്മ തന്ന ഭക്ഷണം കഴിച്ചിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിബന്ധമുണ്ട്. അതൊക്കെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇന്ന് നടക്കുന്ന സംഭവങ്ങളുടെ ഏകദേശ രൂപമാണ് അന്‍വര്‍ അവതരിപ്പിച്ചത്. എല്‍ഡിഎഫിന്റെ ഗുണം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്, ദോഷം പറയേണ്ടിടത്ത് അതും പറഞ്ഞിട്ടുണ്ട്. കേവലമൊരു വാര്‍ത്താസമ്മേളനമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയതീരുമാനം പറയാനുള്ള വേദിയായാണ് അന്‍വര്‍ അത് ഉപയോഗിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
അന്‍വറിനെ മറ്റൊരു തരത്തില്‍ അപ്രോച്ച് ചെയ്യാന്‍ സിപിഎം തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജില്ലയിലും മണ്ഡലത്തിലും നല്ല പിന്തുണ സിപിഎമ്മില്‍ തന്നെയുണ്ട്. ഇന്നലെയുണ്ട്, ഇന്നുമുണ്ട്, നാളെയുമവര്‍ ഉണ്ടാവും. സംരക്ഷണം കൊടുക്കാന്‍ അദ്ദേഹത്തിന്റേതായ അണികളുണ്ട്. അതിനപ്പുറത്ത് എന്തെങ്കിലും സഹായം വേണമെങ്കില്‍ ഞങ്ങളൊക്കെ ചെയ്യും എന്നും സുധാകരന്‍ പറഞ്ഞു.
നെക്സസുണ്ടെന്ന ആരോപണത്തില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. പറയാന്‍ തന്റേടമുള്ള ആളുകള്‍ പറയും, ഇല്ലാത്തവര്‍ പറയില്ല. വസ്തുതകള്‍ തുറന്നുപറയണമെങ്കില്‍ അതിന്റേതായ ആര്‍ജവവും വ്യക്തിത്വവും വേണം. ആ ആര്‍ജവം അന്‍വറിന് ഉള്ളതുകൊണ്ടാണ് അദ്ദേഹമത് പറഞ്ഞതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
#Sudhakaran #Anwar #KeralaPolitics #Congress #LDF #PoliticalDebate |