Inspiration | സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് ലഭിക്കും: ജില്ലാ കളക്ടര്‍
● പ്രസക്തമായ നിരവധി ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.
● ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടി കളക്ടറേറ്റിൽ വെച്ച് നടന്നു.
വയനാട്: (KVARTHA) സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സ്കൂൾ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. കളക്ട്രേറ്റില്‍ കബനിഗിരി നിർമ്മല എച്ച്.എസിലെ വിദ്യാർത്ഥികളുമായുള്ള ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കലക്ടർ. സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പത്രവായന ഒരു ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ജില്ലാ കളക്റ്റര്‍ മേഘശ്രീ അഭിപ്രായപ്പെട്ടു.
ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്?, വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവുമോ?, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്?, വയനാട് ജില്ലയിലെ പിന്നാക്ക വിഭാങ്ങള്‍ക്ക് ഭരണഘടനാപരമായും നിയമപരമായും ലഭിക്കേണ്ട സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?, ലഹരി ഉപഭോഗം തടയുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമോ? തുടങ്ങി പ്രസക്തമായ ചോദ്യങ്ങളാണ് കുട്ടികള്‍ ജില്ലാ കളക്റ്റര്‍ മുമ്പാകെ ഉന്നയിച്ചത്. കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ കൃത്യമായി മറുപടി പറഞ്ഞു.
എക്സൈസ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായത്തോടെ വ്യാപകമായ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. വയനാട് മെഡിക്കൽ കോളേജിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇത് ജില്ലയിലെ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുമെന്നും കളക്ടർ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകളെ എകോപിച്ച് കൊണ്ട് പദ്ധതികള്‍ നടപ്പാക്കും. താമസ സൗകര്യം, കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നതിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാനും ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാനുമാകൂ.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പ്രശ്നമാണ്. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുകയും കാട്ടിൽ തന്നെ അവയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ചൂരൽമല-മുണ്ടക്കൈയിലുണ്ടായ ദുരന്തം ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, ജനങ്ങളെല്ലാം ഒന്നിച്ചു പ്രവര്‍ത്തിച്ചു. രക്ഷാപ്രവർത്തനം മുതൽ പുനരധിവാസം വരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടവരാണ്. അതിനാൽ പഠനത്തോടൊപ്പം നേതൃഗുണങ്ങൾ, അച്ചടക്കം എന്നിവയും വളർത്തിയെടുക്കണം. പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നത് സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കും. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനും സർവ്വകക്ഷിയായ സമീപനം ആവശ്യമാണ്. ഇന്നത്തെ വിദ്യാർത്ഥികൾ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പ്രധാന പങ്കു വഹിക്കും.
#CivilService, #Education, #Wayanad, #StudentInspiration, #DRMeghashree, #KeralaNews