അട്ട കടിച്ചെന്നാണ് ആദ്യം കേട്ടത്, ഒരു അട്ട കടിച്ചാല്‍ ഇത്രേം ചോര വരുമോ? ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെ സാര്‍ പറഞ്ഞു; ഷഹലയ്ക്ക് കസേരയില്‍ നേരെ ഇരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല; 3 തവണ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവള്‍ പറഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല; ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച 10വയസുകാരിയുടെ സഹപാഠിയുടെ വെളിപ്പെടുത്തല്‍

 


സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 22.11.2019) കഴിഞ്ഞദിവസം ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്‍ (10) മരിച്ച സംഭവത്തില്‍ സഹപാഠി നിദ ഫാത്ത്വിമയുടെ വെളിപ്പെടുത്തല്‍ തുറന്നുകാട്ടുന്നത് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനമാണ്. തന്നെ പമ്പു കടിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ഷഹല മൂന്നു പ്രാവശ്യം പറഞ്ഞെന്നും എന്നാല്‍ അധ്യാപകര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നുമാണ് സഹപാഠി നിദ ഫാത്ത്വിമ പറയുന്നത്.

നിദയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ;

'ഞങ്ങള്‍ക്കു ഷണ്‍മുഖന്‍ സാര്‍ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണു സാറിനെ വിളിക്കുന്നു എന്നാരോ വന്നു പറഞ്ഞത്. സാര്‍ അങ്ങോട്ടു പോയി. ഏതോ കുട്ടിയെ അട്ട കടിച്ചെന്നാണ് ആദ്യം കേട്ടത്. ഞങ്ങളു പോയി നോക്കി. ഒരു അട്ട കടിച്ചാല്‍ ഇത്രേം ചോര വരുമോയെന്നു ഞങ്ങളാലോചിച്ചു. അതിനിടെ ഷജില്‍ സാര്‍ ഞങ്ങളെ തിരിച്ചു ക്ലാസില്‍ കയറ്റി.

അട്ട കടിച്ചെന്നാണ് ആദ്യം കേട്ടത്, ഒരു അട്ട കടിച്ചാല്‍ ഇത്രേം ചോര വരുമോ? ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെ സാര്‍ പറഞ്ഞു; ഷഹലയ്ക്ക് കസേരയില്‍ നേരെ ഇരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല; 3 തവണ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവള്‍ പറഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല; ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച 10വയസുകാരിയുടെ സഹപാഠിയുടെ വെളിപ്പെടുത്തല്‍

അപ്പോഴും ഷഹലയുടെ കാലില്‍ നിന്നു ചോര വരുന്നുണ്ടായിരുന്നു. ബഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞത്. ഷഹലയ്ക്ക് കസേരയില്‍ ശരിക്ക് ഇരിക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു. പിന്നെ ക്ലാസ് ടീച്ചര്‍ വന്നു വെള്ളം തളിക്കുകയൊക്കെ ചെയ്തു. വയ്യെന്നും ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും ഷഹല മൂന്ന് തവണ പറഞ്ഞു. പക്ഷേ, അവളുടെ ഉപ്പ വന്നിട്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയത് '-നിദ പറയുന്നു.

അതേസമയം സംഭവത്തില്‍ വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണം. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ബുധനാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ അധ്യാപകരുടെ അനാസ്ഥകാരണം കുട്ടിയുടെ പിതാവ് വന്നതിനുശേഷം അഞ്ച് മണിക്കാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ അവിടെ എത്തിക്കും മുമ്പ് നില മോശമായി ചേലോട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും 6.05 ന് മരണം സംഭവിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ ഷജിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പാമ്പുകടിയേറ്റ് മൂന്നു മണിക്കൂര്‍ തികയുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉഗ്രവിഷമുള്ള പാമ്പായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കില്‍ മാത്രമേ ഇത്രവേഗം മരണം സംഭവിക്കൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, കുട്ടിയെ കടിച്ച പാമ്പേതാണെന്നു തിരിച്ചറിയുന്നതു പോയിട്ട്, കുട്ടിയെ പാമ്പു കടിച്ചതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ക്കായിട്ടില്ല.

ക്ലാസ് മുറിയില്‍ ഏതാണ്ട് രണ്ട് മീറ്ററോളം ആഴത്തിലായിരുന്നു മാളം. തറയുടെ അടിയില്‍ മണ്ണിളകിപ്പോയിടത്തുകൂടി വേറെയും പൊത്തുകളുണ്ട്. ഇവിടെനിന്നു പാമ്പിനെ പിടിച്ചെന്നു കുട്ടികള്‍ പറയുന്നുണ്ടെങ്കിലും പിടിച്ചില്ലെന്നു തന്നെയാണു സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Student's death of snake bite: Teacher suspended, News, Trending, Dies, Snake, Injured, Hospital, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia