Clash | ഓണം അടുത്തതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 'ഓണത്തല്ലും' പതിവായി; ജൂനിയേഴ്‌സ് മുണ്ടുടുത്ത് വന്നതിന് നിലമ്പൂരില്‍ സീനീയർസിന്റെ വക ഉഗ്രന്‍ തല്ല്; ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തിനിടെ ആറ്റിങ്ങലിലും ചേരിതിരിഞ്ഞുള്ള സംഘര്‍ഷം

 


തിരുവനന്തപുരം/മലപ്പുറം: (www.kvartha.com) ഓണം അടുത്തതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 'ഓണത്തല്ലും' പതിവായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെയാണ് ആഘോഷത്തിന് 'പൊലിമ കൂട്ടാന്‍' തെരുവില്‍ വിദ്യാര്‍ഥികളുടെ 'ഓണത്തല്ലും' നടന്നത്. 

Clash | ഓണം അടുത്തതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 'ഓണത്തല്ലും' പതിവായി; ജൂനിയേഴ്‌സ് മുണ്ടുടുത്ത് വന്നതിന് നിലമ്പൂരില്‍ സീനീയർസിന്റെ വക ഉഗ്രന്‍ തല്ല്; ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തിനിടെ ആറ്റിങ്ങലിലും ചേരിതിരിഞ്ഞുള്ള സംഘര്‍ഷം

കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂരിലും തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലുമാണ് ഓണാഘോഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ തെരുവില്‍ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവം ഇങ്ങനെ:

നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പൊതുമധ്യത്തില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട് ധരിച്ചെത്തിയത് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. ഓണാഘോഷത്തിന് മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് അറിയുന്നത്.

എന്നാല്‍ ഇത് വകവെയ്ക്കാതെ ചില പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വന്നതാണ് സീനീയർസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സീനീയർസ് മുണ്ടുടുത്ത് വന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. സംഘര്‍ഷം സ്‌കൂളില്‍ നിന്നും സമീപത്തെ റോഡിലേക്കും ടൗണിലേക്കും നീണ്ടു.

തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശി വിദ്യാര്‍ഥികളെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഈ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കമാണ് ഈ സംഘര്‍ഷത്തിനും കാരണമായതെന്നാണ് വിവരം. എന്നാല്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരാണ് ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിദ്യാര്‍ഥികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.

രണ്ടുദിവസം മുമ്പ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. പട്ടാമ്പി പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Keywords: Students clash at Nilambur and Attingal after Onam celebration, Thiruvananthapuram, News, Students, Clash, Police, CCTV, Onam, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia