Concerns | ആനകളെ ഉപയോഗിക്കുന്നത് മതപരമായ ചടങ്ങുകള്‍ക്ക് മാത്രം,  എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം, തലപൊക്ക മത്സരം വേണ്ട; ശുപാര്‍ശ ചെയ്തത് കര്‍ശന നിയന്ത്രണങ്ങള്‍

 
Strict Restrictions Proposed for Using Elephants in Kerala Ceremonies
Strict Restrictions Proposed for Using Elephants in Kerala Ceremonies

Photo Credit: Website / Kerala Tourism

● ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിലോ 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടോ പോകരുത് 
● സ്വകാര്യ ചടങ്ങുകള്‍, ഉദ് ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത് 
● 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്
● അസുഖം ബാധിച്ചതോ തളര്‍ന്നതോ പരുക്കേറ്റതോ അംഗലവൈകല്യം വന്നതോ മദമിളകിയതോ ആയ ആനകളെ മാറ്റി നിര്‍ത്തണം

കൊച്ചി: (KVARTHA) ആനകളെ ഇനി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. ആനകളെ എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളിപ്പ്, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യല്‍, ആവശ്യത്തിന് വിശ്രമം ലഭിക്കാതെ നീണ്ട യാത്രകള്‍ തുടങ്ങിയവ മൂലം ആനകള്‍ വലിയ കഷ്ടതകള്‍ അനുഭവിക്കുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തില്‍ ആനകളുടെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകള്‍, ഉദ് ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നു. 


രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിലോ 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടോ പോകരുത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അസുഖം ബാധിച്ചതോ തളര്‍ന്നതോ പരുക്കേറ്റതോ അംഗലവൈകല്യം വന്നതോ മദമിളകിയതോ ആയ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കരുത്. ആനയ്ക്ക് ആരോഗ്യമുണ്ടെന്ന് യാത്ര തുടങ്ങുന്നതിന് 12 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. രാവിലെ 11നും വൈകിട്ട് നാലിനും ഇടയില്‍ ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. രാത്രി 10നും പുലര്‍ച്ചെ നാലിനും ഇടയിലുള്ള യാത്രയും ഒഴിവാക്കണം.

ഉത്സവ സമയങ്ങളില്‍ ഒരു ദിവസം തന്നെ അനേകം കിലോമീറ്ററുകള്‍ ആനകളെ കൊണ്ടുപോകാറുണ്ട്. പലപ്പോഴും തളര്‍ച്ച മൂലമുള്ള ക്ലേശത്തിനും ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കാനും ഇത്തരം യാത്രകള്‍ കാരണമാകാറുണ്ട്. സംസ്ഥാനാനന്തര യാത്രകള്‍ക്കു കര്‍ശന വ്യവസ്ഥകള്‍ വേണം. യാത്രാസമയം ആനകള്‍ക്കു നല്‍കുന്ന വിശ്രമ സമയമായി കണക്കാക്കരുത്. ഓരോ എഴുന്നള്ളിപ്പിനുശേഷവും 24 മണിക്കൂര്‍ വിശ്രമം കര്‍ശനമായി അനുവദിക്കണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആവശ്യമായ സ്ഥലമോ എമര്‍ജന്‍സി എക്‌സിറ്റോ ഇല്ലാത്ത സ്ഥലങ്ങളിലാണ് എഴുന്നള്ളിപ്പ് എങ്കില്‍ ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകണം. സ്ഥലസൗകര്യം, ആനകളും ജനങ്ങളും തമ്മിലും വാദ്യോപകരണങ്ങളും തീവെട്ടിയും അടക്കമുള്ള കാര്യങ്ങള്‍ എവിടെയായിരിക്കും എന്നതിനും വിശദമായ പദ്ധതി രൂപരേഖ ഉണ്ടായിരിക്കണം. എഴുന്നള്ളിപ്പിനു മൂന്നു ദിവസം മുന്‍പെങ്കിലും വനംവകുപ്പിന്റെ ഫ് ളൈയിങ് സ്‌ക്വാഡിന് ഇക്കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് ആനകളില്‍ കൂടുതല്‍ എഴുന്നള്ളിക്കുന്ന സ്ഥലത്താണെങ്കില്‍ 24 മണിക്കൂറെങ്കിലും മുന്‍പ് ആനകളെ സ്ഥലത്ത് എത്തിച്ച് മെഡിക്കല്‍ പരിശോധന അടക്കമുള്ളവ നടത്തുകയും വേണം. എഴുന്നള്ളിപ്പുകള്‍ക്കു നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്കു സമീപത്തുനിന്നു 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. 

ആനകളുടെ അടുത്തുനിന്ന് അഞ്ച് മീറ്ററെങ്കിലും അകലത്തിലേ തീവെട്ടി അനുവദിക്കാവൂ. എട്ടു മീറ്ററില്‍ കുറവുള്ള പൊതുവഴികളില്‍ കൂടി പ്രദക്ഷിണവും എഴുന്നള്ളിപ്പും അനുവദിക്കരുത്. വെടിക്കെട്ട് നടക്കുന്നുണ്ടെങ്കില്‍ അതിന് 100 മീറ്ററെങ്കിലും അകലെ മാത്രമേ ആനകളെ നിര്‍ത്താവൂ.

തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ആനകള്‍ തല പൊക്കുന്നതു മറ്റൊരു ആനയ്ക്കു മുകളിലുള്ള അധീശത്വം കാണിക്കാനാണ്. എന്നാല്‍ ഒരു നാട്ടാനയെക്കൊണ്ട് ഇത് നിരന്തരം ചെയ്യിച്ചുകൊണ്ടിരുന്നാല്‍ ആനകളുടെ അബോധ മനസ്സിനെ അതു ബാധിക്കുകയും അസാധാരണമായ വിധത്തില്‍ പെരുമാറുന്നതിനു കാരണമാകുകയും ചെയ്യും. ആനകളോടു ക്രൂരത കാട്ടുന്നുണ്ടോ എന്ന് അറിയിക്കുന്നതിന് ആരാധനാലയങ്ങളില്‍ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.

ഏതെങ്കിലും രോഗത്തിന് ചികിത്സയിലിരിക്കുന്ന ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഏതെങ്കിലും കണ്ണിനു കാഴ്ചക്കുറവുണ്ടെങ്കിലും എഴുന്നള്ളിക്കരുത്. ജില്ലാ കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നല്‍കുന്നതിനു മുന്‍പ് ആനയ്ക്ക് ആരോഗ്യമുണ്ടെന്ന് മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. ആനകളെ കൊണ്ടുപോകുന്ന ഓരോ സ്ഥലത്തും ജോലി രജിസ്റ്റര്‍, യാത്രാ രജിസ്റ്റര്‍, ഭക്ഷണ രജിസ്റ്റര്‍ എന്നിവ ഒപ്പമുണ്ടാവുകയും അതതു സമയങ്ങളില്‍ തന്നെ അവ രേഖപ്പെടുത്തുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#Elephants, #Kerala, #AnimalWelfare, #FestivalRestrictions, #ElephantRights, #KeralaLaw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia