Human Trafficking | 'അതീവ ഗൗരവമായി കാണുന്നു'; മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

 



തിരുവനന്തപുരം: (www.kvartha.com) മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അനൂപ് ജേകബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

സര്‍കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ആന്‍ഡി ഹ്യൂമന്‍ ട്രാഫികിംഗ് യൂനിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ സ്വീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പൊലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു.

വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നതിന് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിംഗ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്നും മറ്റു രാജ്യങ്ങളില്‍ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്മെന്റ് ഏജന്‍സികളുടെ രീതി. അതിനാല്‍ സ്പോന്‍സറെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എല്ലാത്തരം വിദേശ റിക്രൂട്മെന്റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റുവാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചാല്‍ മാത്രമേ ഇത്തരം ചൂഷണങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകരമാകും.

Human Trafficking | 'അതീവ ഗൗരവമായി കാണുന്നു'; മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി


വ്യാജ റിക്രൂട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്‍ഡ്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നോര്‍ക വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

നിയമാനുസൃതമല്ലാത്ത റിക്രൂട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നോര്‍ക വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി  ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തി 'ഓപറേഷന്‍ ശുഭയാത്ര' എന്ന ദൗത്യം ആരംഭിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Thiruvananthapuram,CM,Chief Minister,Pinarayi-Vijayan,Top-Headlines, Strict monitoring system to prevent human trafficking - Chief Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia