യുവതിയെ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയത് എട്ട് മണിക്കൂര്‍ സാഹസത്തിനൊടുവില്‍
Aug 14, 2012, 22:13 IST
കാസര്‍കോട്: മാതാവിനോടൊപ്പം പുഴഭംഗി ആസ്വദിക്കുമ്പോള്‍ തൂക്കുപാലത്തില്‍ നിന്നും പുഴയിലേക്ക് വീണ ഗള്‍ഫുകാരന്റെ ഭാര്യയായ ജില്ലാ നീന്തല്‍താരത്തെ രക്ഷപ്പെടുത്തിയത് നീണ്ട എട്ടുമണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനൊടുവില്‍. ഫയര്‍ഫോഴ്സും, നാട്ടുകാരും, പോലീസും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മുള്ളരിയ അടുക്കത്തൊട്ടിയിലെ ഇന്ദിരയുടെ മകള്‍ സുജിതയെ(21) യാണ് മണിക്കൂറുകള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സാഹസികമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
ജില്ലാ നീന്തല്‍ താരമായ സുജിതയും, ഗള്‍ഫുകാരനായ രാജനും ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വിവാഹിതരായത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതായിരുന്നു സുജിത. തിങ്കളാഴ്ച വൈകുന്നേരം 4.30ന് മാതാവ് ഇന്ദിരക്കൊപ്പം പുഴയിലെ വെള്ളച്ചാട്ടം കാണാനാണ് സുജിത കടുവനം അടുക്കാത്തൊട്ടി തൂക്കുപാലത്തില്‍ എത്തിയത്. ഇതിനിടയില്‍ സുജിത കാല്‍വഴുതി പുഴയിലേക്ക് വീണു. ഇതുകണ്ടു നിന്ന മാതാവ് ബോധരഹിതയായി. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ആദൂര്‍ സി.ഐ. എ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
നാട്ടുകാരും, പോലീസും തിരച്ചില്‍ തുടരുന്നതിനിടയില്‍ കാസര്‍കോട്ടു നിന്നും ഫയര്‍ഫോഴ്സുമെത്തി. കുത്തൊഴുക്കില്‍ ജീവന് പണയം വച്ചായിരുന്നു ഫയര്‍ഫോഴ്സിന്റെ തിരച്ചില്‍. ഏഴര മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും സുജിതയെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഇരുട്ട് കനക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ഫയര്്ഫോഴ്സ് മടങ്ങാനൊരുങ്ങുന്നതിനിടയിലാണ് അടുക്കത്തൊട്ടി തൂക്കുപാലത്തിനു കിലോമീറ്ററുകളകലെ പുഴയിലെ തുരുത്തിലെ ചെറിയ മരത്തില്‍ ഒരു യുവതി പിടിച്ചു നില്ക്കുന്നതായുള്ള വിവരം ലഭിച്ചത്. ഇതോടെ ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും സജ്ജമായി.
ഇതിനിടയില്‍ കാസര്‍കോട്ടുനിന്നു നീന്തല്‍ വിദഗ്ദ്ധന്മാര് അടങ്ങുന്ന കോസ്റ്റല്‍ പോലീസ് സംഘവും സ്ഥലത്തെത്തി. യുവതിയെ കാണപ്പെട്ട ഭാഗത്ത് വാഹനങ്ങള്‍ക്കെത്താന്‍ സാധിക്കില്ല. ഇതേ തുടര്‍ന്ന് നാല് കിലോമീറ്ററോളം ദൂരം കൊടും കാട്ടിലൂടെയാണ് ഉദ്യോഗസ്ഥരും, നാട്ടുകാരുമടങ്ങുന്ന നൂറുകണക്കിനു പേര് യുവതിയെ കണ്ടതായി അറിയിച്ച സ്ഥലത്തെത്തിയത്. സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങുന്ന സ്ഥലമായതിനാല്‍ കടുത്ത ജാഗ്രതയോടെയായിരുന്നു യാത്ര.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സംഘം പകുതി വഴിയിലെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം ചിന്നം വിളിച്ചു. ശക്തിയേറിയ ടോര്‍ച്ച് വെളിച്ചം കണ്ടതാണ് കാട്ടാനകളെ പ്രകോപിപ്പിച്ചത്. എന്നാല്‍ കാട്ടാന കൂട്ടത്തിന്റെ ഭീഷണി വകവയ്ക്കാതെ ദൗത്യ സംഘം യാത്ര തുടര്‍ന്നു. ടോര്‍ച്ചു വെളിച്ചത്തില്‍ പുഴയുടെ മധ്യഭാഗത്തായുള്ള ചെറിയൊരു തുരുത്തുപോലെ തോന്നിക്കുന്ന സ്ഥലത്ത് ചെറിയ മരത്തില്‍ പിടിച്ചു നില്ക്കുന്ന നിലയില്‍ സുജിതയെ കണ്ടു. ഇതിനിടയില്‍ കാസര്‍കോട് എ.എസ്. പി. ടി.കെ. ഷിബുവും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനെത്തിയിരുന്നു.
കനത്ത ഒഴുക്കായിരുന്നു പുഴയില്‍. പുഴയിലിറങ്ങി നീന്തി സുജിതയുടെ സമീപത്തെത്താനായിരുന്നു ആദ്യത്തെ ആലോചന. എന്നാല്‍ ശക്തമായ കുത്തൊഴുക്കു കാരണം പുഴ മുറിച്ചു നീന്താന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദൗത്യ സംഘം . ഒടുവില്‍ ഫയര്മാന്മാരായ കയ്യൂരിലെ കെ.വി. സന്തോഷ്, തിരുവനന്തപുരം സ്വദേശി ആര്. സന്തോഷ് കുമാര്‍, ഹോം ഗാര്‍ഡുമാരായ ടി.പി. സുധാകരന്, വി.പി. മോഹനന് എന്നിവര്‍ പുഴയിലിറങ്ങാന്‍ തയ്യാറായി. പുഴയുടെ കരയില്‍ 1500ഓളം ആളുകള്‍ തടിച്ചു കൂടിയിരുന്നു. കെ.വി. സന്തോഷാണ് ആദ്യം ജീവന് പണയം വെച്ച് ലൈഫ് ജാക്കറ്റുമണിഞ്ഞ് യുവതിയുടെ അടുക്കല്‍ നീന്തിയെത്തിയത്. ഇതിനു ശേഷമാണ് ഫയര്‍ഫോഴ്സ് പുഴയ്ക്ക് കുറുകെ കയറു കെട്ടിയത്. ഈ കയറു പിടിച്ചാണ് മറ്റു മൂന്നു പേരും യുവതിയുടെ അടുക്കല്‍ നീന്തിയെത്തിയത്. കരയിലുണ്ടായിരുന്നവര്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുകയായിരുന്നു.
പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്ന യുവതി മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശയായിരുന്നു. നീന്തല്‍ വിദഗ്ദ്ധയാണെങ്കിലും കരയിലേക്ക് തിരിച്ച് നീന്താനുള്ള സ്ഥിതിയിലല്ലായിരുന്നു സുജിത. യുവതിയെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കുകയും തുടര്‍ന്ന് സാവകാശത്തില്‍ വടവുമായി ബന്ധിപ്പിച്ച ലൈഫ് ജാക്കറ്റിനെ കരയിലേക്ക് വലിച്ചടുപ്പിക്കുകയുമായിരുന്നു. സുജിതയുമായി ദൗത്യസംഘം കരയിലേക്കെത്തുമ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു. കരയിലെത്തിച്ച യുവതിയെ ഉടന്‍ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചാണ് ദൗത്യസംഘം മടങ്ങിയത്. സുജിതയുടെ മാതാവ് ഇന്ദിരയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
നീന്തല്‍ താരമായതു കൊണ്ട് മാത്രമാണ് സുജിതയ്ക്കു ജീവന് തിരികെ ലഭിച്ചത്. കനത്ത കുത്തൊഴുക്കാണ് പുഴയില്‍ ഉണ്ടായിരുന്നത്. വെള്ളത്തില്‍ വീണ സുജിതയ്ക്ക് അതുകൊണ്ടാണ് കരയിലേക്ക് നീന്തിക്കയറാന്‍ കഴിയാതിരുന്നത്. ഒടുവില്‍ ജീവിതത്തില്‍ തിരിച്ചു വരവിനു ഇടയാക്കി ചെറിയൊരു തുരുത്തില് കയറാന്‍ സുജിതയ്ക്ക് കഴിഞ്ഞത് നീന്തല്‍ രംഗത്തുണ്ടായിരുന്ന നേട്ടം കൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. സുജിത മരത്തില്‍ പിടിച്ചു നിന്ന തുരുത്തിനു താഴെ വന്‍ വെള്ളച്ചാട്ടമാണ്. ഇതില്‍ അകപ്പെട്ടിരുന്നുവെങ്കില്‍ ജീവപായം തന്നെ സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മണിക്കൂറുകളോളം കൊടുംവനത്തിനകത്ത് ജീവന് പണയംവെച്ച് കഠിന പ്രയത്നം നടത്തേണ്ടി വന്നുവെങ്കിലും ഒരു പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമാണ് ഫയര്മാന്മാരായ കെ.വി. സന്തോഷിനും, ആര്. സന്തോഷിനും, ഹോംഗാര്‍ഡുമാരായ വി.പി. മോഹനനും, ടി.പി. സുധാകരനും ഉള്ളത്. അഭിമാനത്തോടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ഈ ദൗത്യം കരുത്ത് പകര്‍ന്നതായി ഇവര്‍ പറഞ്ഞു.
Keywords: River, Kasaragod, Fre force, Home-guard, Swimming, Police, Mulleria.
Related News:
ഫയര്‍ഫോഴ്സ് രക്ഷകരായി; പുഴയില്‍ വീണ യുവതിക്ക് പുതുജീവന്‍
Related News:
ഫയര്‍ഫോഴ്സ് രക്ഷകരായി; പുഴയില്‍ വീണ യുവതിക്ക് പുതുജീവന്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.