Vishu & Kanikonna | വിഷുവിന് കണിക്കൊന്ന വയ്ക്കുന്നതിന് പിന്നിലെ ഐതിഹ്യം അറിയാം

 


കൊച്ചി: (KVARTHA) വിഷുവിന് കണിയൊരുക്കാന്‍ കണിക്കൊന്ന വളരെ പ്രധാനമാണ്. വിഷുക്കണി ഒരുക്കാന്‍ എല്ലാ സാധനങ്ങളും ഉണ്ടെങ്കിലും ചിലപ്പോള്‍ കണിക്കൊന്ന കിട്ടാറില്ല. അവസാന നിമിഷമാകും ഇക്കാര്യം പലരും ഓര്‍ക്കുന്നത്. പിന്നെ നെട്ടോട്ടമായിരിക്കും. ഇന്ന് വിപണികളിലും കണിക്കൊന്ന സുലഭമാണ്. വിഷുക്കാലത്താണ് കണിക്കൊന്ന പൂക്കാറുള്ളത്.

എന്നാല്‍ എന്തുകൊണ്ടാണ് വിഷുവിന് കണിക്കൊന്ന ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാകുന്നത് എന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ?

Vishu & Kanikonna | വിഷുവിന് കണിക്കൊന്ന വയ്ക്കുന്നതിന് പിന്നിലെ ഐതിഹ്യം അറിയാം

കൊന്നമരവും ശ്രീരാമന്റെ ബാലിവധവും

ത്രേതായുഗത്തില്‍ രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ അന്വേഷിക്കുന്ന സമയത്ത്, ശ്രീരാമന്‍ സുഗ്രീവനുമായി സീതാന്വേഷണത്തിനുവേണ്ടി സഖ്യത്തിലേര്‍പ്പെട്ടു. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവാക്കുക എന്നതായിരുന്നു സീതാന്വേഷണത്തിനു സുഗ്രീവന്‍ വെച്ച നിബന്ധന. അത് അംഗീകരിച്ച രാമന്‍, സുഗ്രീവനോട് ബാലിയെ യുദ്ധം ചെയ്യാന്‍ വെല്ലുവിളിക്കാന്‍ ആവശ്യപ്പെടുകയും, നേരിട്ട് യുദ്ധം ചെയ്യാന്‍ പറ്റാത്തതു കൊണ്ട് മരത്തിനു പിന്നില്‍നിന്നും അമ്പെയ്തു ബാലിയെ വധിക്കാം എന്നറിയിക്കുകയും ചെയ്തു.

സുഗ്രീവന്‍ രാമന്റെ പിന്‍ബലത്തില്‍ കിഷ്‌കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മില്‍ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്തു വധിക്കാന്‍ ശ്രമിച്ച രാമനു സഹോദരന്മാര്‍ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാന്‍ സാധിച്ചില്ല. ബാലിയുടെ മര്‍ദനത്താല്‍ അവശനായ സുഗ്രീവന്‍ ഓടി രക്ഷപ്പെട്ടു.

സുഗ്രീവനെ യുദ്ധത്തിനിടയില്‍ തിരിച്ചറിയാന്‍ വേണ്ടി രാമന്‍ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട്, ബാലിയുടെ പത്‌നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയില്‍ ബാലിയെ രാമന്‍ ഒളിയമ്പെയ്തു. മരണക്കിടക്കയില്‍ കിടന്നു കൊണ്ടു, മര്യാദ പുരുഷോത്തമനായ രാമന്‍ തന്നെ ഒളിയമ്പെയ്തതു മൂലം അധര്‍മം പ്രവര്‍ത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമര്‍ശിക്കുന്നു.

ഇക്കാണുന്ന ഭൂമി മുഴുവന്‍ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴില്‍, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്‌നിയെ കാമാന്ധനായി ബലപൂര്‍വം അപഹരിച്ചു അധര്‍മം പ്രവര്‍ത്തിച്ച ബാലിയെ ശിക്ഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമന്‍ ഉണര്‍ത്തിച്ചു. രാമന്റെ യുക്തിപൂര്‍വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപ വിവശനായി. ബാലിയുടെ അവസാന നിമിഷങ്ങള്‍ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു.

ബാലി തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ താമരമാല സുഗ്രീവനെ അണിയിച്ചിട്ടു കിഷ്‌കിന്ധയുടെ രാജാധികാരവും തന്റെ പത്‌നി താരയുടെയും പുത്രന്‍ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏല്‍പിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂര്‍വം സംസ്‌കരിച്ചു. സുഗ്രീവന്‍ കിഷ്‌കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു.

ഒരു മരത്തിന് പിന്നില്‍ മറഞ്ഞുനിന്നുകൊണ്ടാണ് ഭഗവാന്‍ ശ്രീരാമന്‍ ബാലിയെ വധിക്കുന്നത്. പിന്നീട് എല്ലാവരും ഈ മരം കാണുമ്പോള്‍ ബാലിയെ കൊന്നമരം എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അത് കൊന്നമരമായത്. ഇതില്‍ മനംനൊന്ത ആ മരം ഒരു തെറ്റും ചെയ്യാത്ത താന്‍ ബാലിയെ കൊന്നതിന്റെ പഴി കേള്‍ക്കേണ്ടി വരികയാണെന്ന സങ്കടം ഭഗവാന്‍ ശ്രീരാമനോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ജന്മത്തില്‍ കൊന്നമരം ഒരു തെറ്റും ചെയ്യാത്ത ഒരു മഹാത്മാവില്‍ ചെയ്യാത്ത കുറ്റം ആരോപിച്ചിരുന്നുവെന്നും പിന്നീട് തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയെങ്കിലും അതിന്റെ കര്‍മഫലമാണ് ഇപ്പോള്‍ കൊന്നമരം അനുഭവിക്കുന്നതെന്നും ശ്രീരാമന്‍ പറഞ്ഞു.

അതുകൊണ്ട് കൊന്നമരമെന്ന പേര് വിട്ടുപോകുകയില്ലെന്നും എന്നാല്‍ ശ്രീരാമനുമായുള്ള സംഗമത്തിലൂടെ കൊന്നമരത്തിന് സൗഭാഗ്യം കൈവരുമെന്നും ഈശ്വരസ്മരണയില്‍ കാലം കഴിക്കാനും ശ്രീരാമന്‍ അരുള്‍ ചെയ്ത് അപ്രത്യക്ഷനായി. പിന്നീട് കലികാലം ആരംഭിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഗുരുവായൂരില്‍ കുറൂരമ്മയും വില്വമംഗലം സ്വാമിയും ഉള്‍പെടെ നിരവധി ഭക്തര്‍ക്ക് മുമ്പില്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു.

ഭഗവാനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു ഉണ്ണി ഉണ്ടായിരുന്നു. ആ കുട്ടിക്കൊപ്പം ഭഗവാന്‍ പാടത്തും തൊടിയിലും ഒക്കെ കളിക്കാന്‍ പോയിരുന്നു. ഒരു ദിവസം ഒരു ഭക്തന്‍ ശ്രീകൃഷ്ണന് മാല സമര്‍പ്പിച്ചു. അന്ന് ഉണ്ണിയോടൊപ്പം ആ മാല ധരിച്ചാണ് ഭഗവാന്‍ കളിക്കാന്‍ പോയത്. മാല ഇഷ്ടപ്പെട്ട ഉണ്ണിക്ക് ഭക്തവത്സലനായ കൃഷ്ണന്‍ മാല ഊരി നല്‍കി. വൈകുന്നേരം നട തുറന്നപ്പോള്‍ ഭഗവാന്റെ വിഗ്രഹത്തില്‍ മാല ഇല്ലെന്ന് കണ്ട് എല്ലാവരും മാലയ്ക്കായി അന്വേഷണം ആരംഭിച്ചു.

അപ്പോഴാണ് ഉണ്ണിയുടെ കയ്യില്‍ ആ മാല കണ്ടെത്തുന്നത്. ഭഗവാന്‍ തനിക്ക് ഊരിനല്‍കിയതാണ് മാല എന്ന് ഉണ്ണി പറഞ്ഞുവെങ്കിലും ആരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. അവര്‍ ആ കുട്ടിയെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. ഇതില്‍ മനംനൊന്ത കുട്ടി അങ്ങ് തന്നെയല്ലേ എനിക്ക് മാല തന്നതെന്നും എന്നിട്ട് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ രക്ഷപ്പെടുത്താന്‍ എത്തിയില്ലല്ലോ എന്നും ഭഗവാനോട് സങ്കടപ്പെട്ട് ആ മാല ദൂരേക്ക് വലിച്ചെറിഞ്ഞു.

ഒരു കൊന്നമരത്തിലാണ് ആ മാല വന്നുവീണത്. അതോടെ ആ മരം മുഴുവന്‍ സ്വര്‍ണവര്‍ണത്തിലുള്ള പൂക്കളാല്‍ നിറഞ്ഞു. ഈ സമയം ശ്രീകോവിലില്‍ നിന്നും ഭഗവാന്റെ അശരീരി ഉണ്ടായി. ആ കുട്ടി തന്റെ ഭക്തനാണെന്നും കൊന്നമരത്തിന് ആ ഭാഗ്യം നല്‍കാനുള്ള നിയോഗം കുട്ടിക്കായിരുന്നുവെന്നും ഭഗവാന്‍ പറഞ്ഞു. ഈ പൂക്കള്‍ വീടുകളില്‍ വയ്ക്കുകയും കണി കാണുകയും ചെയ്യുന്നത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നല്‍കുമെന്നും ഈ പൂവ് കണികണ്ടാല്‍ ദുഷ്‌കീര്‍ത്തി ഉണ്ടാകില്ലെന്നും ഭഗവാന്‍ പറഞ്ഞു.

അന്നുമുതലാണത്രേ വിഷുവിന് കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്നയും കണിയ്ക്കൊപ്പം വെക്കാന്‍ ആരംഭിച്ചത്. ഇതൊരു ഐതിഹ്യം മാത്രമാണെങ്കിലും നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന മനസ്സിന് കുളിര്‍മ്മയും സന്തോഷവും നല്‍കുന്ന കാഴ്ചയാണ്.

Keywords: Story of the Origin of Kanikonna Flower, Kochi, News, Kanikonna, Vishu, Festival, Celebration, Religion, Battle, Story, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia