Inspection | സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു; 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ബുധനാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 3500 ല്‍ അധികം കച്ചവട സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നത്. 

1500 ല്‍ അധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ല്‍ അധികം വരുന്ന ഹോടെലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. ഇതിനായി 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ സ്‌കോഡും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പെടുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഓരോ ടീമിനും പ്രത്യേകമായി വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകള്‍ അടങ്ങിയ ചെക് ലിസ്റ്റ്, പ്രത്യേക റൂട്, മാപ് എന്നിവ തയാറാക്കിയിട്ടുണ്ട്. പരിശോധന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഹോടെലുകള്‍ ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണം പാചകം ചെയ്ത് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും റെഗുലേഷനുകളും സര്‍കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് ഈ സംസ്ഥാനതല പരിശോധനയുടെ പ്രധാനപ്പെട്ട ഉദ്ദേശം.

നിയമപ്രകാരമുള്ള ലൈസന്‍സ് നേടിയിട്ടുണ്ടോ, ലൈസന്‍സ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികള്‍ നല്‍കുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ പ്രധാന സ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും തന്നെ മെഡികല്‍ ഫിറ്റ്നസ് സര്‍ടിഫികറ്റ് നേടിയിട്ടുണ്ടോ, കുടിവെള്ളം പരിശോധിച്ച റിപോര്‍ട് കരസ്ഥമാക്കിയിട്ടുണ്ടോ, ഭക്ഷണസാധനങ്ങള്‍ പാര്‍സലായി നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം തന്നെ രണ്ടുമണിക്കൂറിനകം ഉപയോഗിക്കണം എന്ന് ലേബല്‍ പാകേജുകള്‍ പതിക്കുന്നുണ്ടോ എന്നിവ പ്രാഥമികമായി പരിശോധിക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ വസ്തുക്കളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയില്‍ വീഴ്ചകള്‍ കാണുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കോംപൗന്‍ഡിംഗ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ നടക്കുന്ന പരിശോധനകള്‍ എല്ലാം തന്നെ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകമായി ഉദ്യോഗസ്ഥരെ ഓരോ ജില്ലാ ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്.

Inspection | സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു; 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും

ഒരേസമയം നടത്തുന്ന പരിശോധനകളിലൂടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒട്ടുമുക്കാലും ഒരു ദിവസം തന്നെ കവര്‍ ചെയ്യാന്‍ സാധിക്കുന്നതിലൂടെ ഈ സ്ഥാപനങ്ങളിലുള്ള വിവിധ പ്രശ്നങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കി അവരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരികയും, പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കേണ്ടവരെ അതിനു വിധേയരാക്കുകയും ചെയ്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം എത്തിക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം.

Keywords:  State-wide food safety department inspections launched, Thiruvananthapuram, News, Food Safety Department, Inspection, Health, Health Minister, Veena George, Vehicles, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia