Inspection | ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പമ്പയിലെത്തി സംസ്ഥാന പൊലീസ് മേധാവി; ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് 

 
State Police Chief Reviews Sabarimala Pilgrimage Preparations at Pampa
State Police Chief Reviews Sabarimala Pilgrimage Preparations at Pampa

Photo Credit: Facebook / Kerala Police

● സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കും
● പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കരുത്
● പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് മെച്ചപ്പെട്ട താമസ - ഭക്ഷണ സൗകര്യങ്ങള്‍
● തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി

പത്തനംതിട്ട: (KVARTHA) ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പമ്പ സന്ദര്‍ശിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 

ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

 

തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പൊലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്നും അദ്ദേഹം പറഞ്ഞു. 

 

ശബരിമല തീര്‍ഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈല്‍ ഫോണ്‍ മോഷണം, ലഹരി പദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട താമസ - ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ - ഭക്ഷണസൗകര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി.

#Sabarimala #Pilgrimage #KeralaPolice #SafetyMeasures #Devotees #PampaReview

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia