സ്ഥിതി സങ്കീര്‍ണം; പൂന്തുറയിലെ ടെസ്റ്റ്‌പോസിവിറ്റി 21 ശതമാനം സംസ്ഥാനത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി 2.2 %

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2020) ജില്ലയുടെ തീരദേശമേഖലയായ പൂന്തുറയിലെ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സ്ഥിതി സങ്കീര്‍ണമായി. സംസ്ഥാനത്തെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാകാനുള്ള സാധ്യത 2.2 ശതമാനം മാത്രമാണെങ്കില്‍ പൂന്തുറയിലേത് 21 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പൂന്തുറയില്‍ 27 പേര്‍ക്കാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ 300 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ 64 പേര്‍ക്ക് പോസിറ്റീവായി എന്നുള്ളതാണ് കണക്കുകള്‍. അങ്ങനെ വരുമ്പോള്‍ ടെസ്റ്റ്‌പോസിവിറ്റി 21 ശതമാനമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി 18% ആണ്. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാകണം കമാന്‍ഡോകളെയും തീരദേശസേനകളെയും വിന്യസിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥിതി സങ്കീര്‍ണം; പൂന്തുറയിലെ ടെസ്റ്റ്‌പോസിവിറ്റി 21 ശതമാനം സംസ്ഥാനത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി 2.2 %


തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 50 ശതമാനത്തിലധികവും പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ് നഗരസഭാ വാര്‍ഡുകളിലാണ്. ജനസാന്ദ്രത കൂടിയ മേഖലയായതിനാല്‍ ജില്ലാഭരണകൂടവും നഗരസഭാ അധികൃതരും നിതാന്തജാഗ്രത പുലര്‍ത്തുന്നു. ഈ നാല് വാര്‍ഡുകളുടെ സമീപപ്രദേശങ്ങളായ മുട്ടത്തറ, ബീമാപള്ളി വാര്‍ഡുകളില്‍ 35 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ജില്ലയിലെ 70 ശതമാനവും കൊവിഡ് കേസുകള്‍ ഈ ആറ് വാര്‍ഡുകളിലാണ്. ഇവിടങ്ങളില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടെന്ന് സ്ഥലം എം.എല്‍.എയായ വി.എസ് ശിവകുമാര്‍ പറഞ്ഞു. ഒരു ക്ലസ്റ്റര്‍ അതായത് ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് അധികമായി റിപ്പോര്‍ട്ട് ചെയ്താല്‍ ആ പ്രദേശം സാമൂഹിക വ്യാപകമായി കാണണമെന്നാണ് ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറിന്റെയും പഠനങ്ങള്‍ തെളിയിക്കുന്നതെന്നും എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നു.


ജനസാന്ദ്രത കൂടിയ തീരപ്രദേശങ്ങളും, നഗരത്തിലെ കോളനികളും തന്ത്രപ്രധാനമായ അഭ്യന്തര രാജ്യാന്തര എയര്‍പോര്‍ട്ടുകള്‍ ,തമ്പാനൂര്‍ - പേട്ട റെയില്‍വേ സ്റ്റേഷനുകള്‍, തമ്പാനൂര്‍ കെഎസ്ആര്‍ടിസി , കിഴക്കേകോട്ട , പത്മഭാനസ്വാമിക്ഷേത്രം സെക്രട്ടറിയേറ്റ് , വഞ്ചിയൂര്‍ കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതിചെയ്യുന്നത് പൂന്തുറയില്‍ നിന്ന് വിളിപ്പാടകലെയാണ്. അനൗദ്യോഗികമായി നൂറിലേറെ പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായാണ് വിവരമെന്ന് സൂചനയുണ്ടെന്ന് എം.എല്‍.എ പറയുന്നു. മേഖലയില്‍ ഡോര്‍ ടു ഡോര്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് യുദ്ധകാലടിസ്ഥാനത്തില്‍ നടത്തി ഫലം എത്രയും വേഗം അറിയിക്കണമെന്ന ആവശ്യം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ചിട്ടുണ്ട്.


രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം തടയാന്‍ കഴിയില്ല. പ്രദേശങ്ങളില്‍ ആവശ്യത്തിനുള്ള കട്ടിയുള്ള മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍, സോപ്പുകള്‍ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ട്രിപ്പിള്‍ലോക്ഡൗണിനെ തുടര്‍ന്ന് സാധാരണക്കാര്‍ അടക്കമുള്ളവരുടെ ജീവനോപാധി നിലച്ചിരിക്കുകയാണ്. അക്കാര്യം സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് രാഷ്ട്രീയഭേദമന്യേ എല്ലാവരും ആവശ്യപ്പെടുന്നു. ട്രോളിംഗ് നിരോധനം വന്നതോടെ തീരമേഖല വറുതിയിലാണ്. വലിയ ബോട്ടുകാരും വ്യാപാരികളും തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യം വാങ്ങി വിറ്റാണ് ഭൂരിപക്ഷം പേരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. എന്നാല്‍ കന്യാകുമാരിയില്‍ നിന്ന് മത്സ്യം വാങ്ങിവന്ന കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ അതും വെള്ളത്തിലായി. നഗരവാസികളില്‍ ഭൂരിപക്ഷവും ഭയന്ന് മത്സ്യം വാങ്ങാത്ത സാഹചര്യമാണുള്ളത്.



Keywords:State covid test positivity 2.2%, In Poonthura 21%, Poonthura, V.S Sivakumar Mla, Beemapally, Glows, Antigen test, Soap, ICMR, WHO, Rapid test, Mask
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia