സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ റാസ്പ്‌ബെറി പൈ ശില്‍പശാല

 


കൊച്ചി: (www.kvartha.com 13.05.2014) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റാസ്പ്‌ബെറി പൈ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്‌കൂളില്‍ നിന്നു തന്നെ ആപ്ലിക്കേഷനുകളുടെ കോഡിംഗും ഡെവലപ്പിംഗും ഉള്‍പ്പെടെയുള്ള സാങ്കേതികകാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുകയാണ് പരിശീലനപരിപാടിയുടെ ലക്ഷ്യം.

എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായി മെയ് 19 മുതല്‍ 30 വരെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. startupvillage.in/raspi എന്നതാണ് വെബ്‌സൈറ്റ് വിലാസം.

റാസ്പ്‌ബെറി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ വികസിപ്പിച്ചെടുത്ത വിലകുറഞ്ഞതും ക്രെഡിറ്റ് കാര്‍ഡ് വലിപ്പത്തിലുള്ളതുമായ സിംഗിള്‍ ബോര്‍ഡ് കംപ്യൂട്ടറാണ് റാസ്പ്‌ബെറി പൈ. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും പ്രോഗ്രാമുകളെപ്പറ്റിയും യുവാക്കളെ പഠിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തതാണിത്.

ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഹൈ ഡെഫനിഷനിലുള്ള വിഡിയോ, സ്‌പ്രെഡ് ഷീറ്റുകളുടെ നിര്‍മാണം, വേര്‍ഡ് പ്രോസസിംഗ്, വിവിധ ഗെയിമുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഡെസ്‌ക് ടോപ് കംപ്യൂട്ടറില്‍ സാധ്യമാകുന്നതെല്ലാം റാസ്പ്‌ബെറിയും ചെയ്യും. കുട്ടികളുടെ ജിജ്ഞാസ വളര്‍ത്താനും ഭാവിയിലെ സാങ്കേതികവിദ്യയെപ്പറ്റി അവരെ പഠിപ്പിക്കാനും ഉപയോഗിക്കുന്ന അധ്യയന ഉപാധി എന്ന നിലയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് റാസ്പ്‌ബെറി പൈ. സ്‌കൂളിലും വീടുകളിലും റാസ്പ്‌ബെറി എങ്ങിനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി കുട്ടികള്‍ക്ക് വിശദീകരിക്കുന്നതിനൊപ്പം കംപ്യൂട്ടര്‍ സയന്‍സിന്റെ അടിസ്ഥാനവും പുതിയ പ്രോഗ്രാമുകള്‍ എങ്ങിനെ വികസിപ്പിച്ചെടുക്കണമെന്നു പഠിപ്പിക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ശില്‍പശാലയിലൂടെ ഉദ്ദേശിക്കുന്നത്.

നൂറുകണക്കിനു വിദ്യാര്‍ഥികള്‍ നൂതനമായ സാങ്കേതികവിദ്യ അധ്യയനത്തിന് ഉപയോഗിക്കുമ്പോള്‍ ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകളുടെ ഒരു സഞ്ചയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യകളെപ്പറ്റി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതിനൊപ്പം അതേപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ശില്‍പശാലയിലൂടെ സാധിക്കുമെന്ന് ശ്രീ സഞ്ജയ് ചൂണ്ടിക്കാട്ടി.

സംരംഭകരുടെ വരുംതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതിയുടെ മുന്നോടിയാണ് ഈ ശില്‍പശാലയെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി ഒ ഒ ശ്രീ പ്രണവ് സുരേഷ് പറഞ്ഞു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ബോധനാവസരമൊരുക്കുന്നതിനായി തയ്യാറാക്കുന്ന വിവിധ പരിപാടികളിലെ ആദ്യത്തേതാണിത്. സാങ്കേതിക വിദ്യയെപ്പറ്റിയും സംരംഭകത്വത്തെപ്പറ്റിയും അവര്‍ക്ക് വേണ്ടത്ര അവബോധമൊരുക്കുന്നതിനായി ഇതിനെതുടര്‍ന്നും അനവധി പരിപാടികളുണ്ടാകും. ഈ മേഖലകളിലെ ഭാവിവളര്‍ച്ചയ്ക്ക് അവരുടെ സംഭാവനകള്‍ ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണവ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ റാസ്പ്‌ബെറി പൈ ശില്‍പശാല
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Startup Village is conducting a free workshop for schoolchildren to familiarise them with the Raspberry Pi computer and encourage them to start coding and developing apps right from school.
The workshop from May 19 –30 is open to students from Classes VIII to XII. The first 30 students registering online via www.startupvillage.in/raspi will be selected to attend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia