അഴിമതിയാരോപണം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജനശക്തി പിളര്‍ന്നു

 


അഴിമതിയാരോപണം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജനശക്തി പിളര്‍ന്നു
Alphose Kannanthanam
കോഴിക്കോട്: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുക, നല്ല സമൂഹം കെട്ടിപ്പെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഐ.എ.എസ് ഓഫീസറും മുന്‍ എം.എല്‍.എ.യുമായ അല്‍ഫോണ്‍സ് കണ്ണന്താനം രൂപം കൊടുത്ത ജനശക്തി സംഘടന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കൂത്തരങ്ങായി മാറിയെന്നു ആരോപണം. സംഘടനക്കുള്ളില്‍ നിന്നു തന്നെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആരോപണമുന്നയിച്ചവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എം.ഡി.ഐസക്കിന്റെ നേതൃത്വത്തില്‍ ജനശക്തി കേരള എന്ന പുതിയ സംഘടന രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.

അല്‍ഫോണ്‍സ് കണ്ണന്താനം ഡെല്‍ഹി കമ്മിഷണറായിരുന്ന കാലത്ത് അഴിമതിക്കും അനീതിക്കുമെതിരെ നടത്തിയ ശക്തമായ നടപടികള്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അധികാരം കൈയാളിയിരുന്ന മാഫിയ സംഘങ്ങളില്‍ നിന്ന് ശാരീരികമായ ആക്രമണം പോലും അദ്ദേഹം നേരിടേണ്ടതായി വന്നു. തുടര്‍ന്നാണ് അഴിമതി, അനീതി, കെടുകാര്യസ്ഥത എന്നിവക്കെതിരെ പൊതുമനസ്സിനെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം ജനശക്തി എന്ന സംഘടന രൂപീകരിച്ചത്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് സ്വമേധയാ വിരമിച്ച് ജന്മനാടായ കേരളത്തിലെത്തിയപ്പോള്‍ ഇവിടെയും ജനശക്തിയുടെ പ്രവര്‍ത്തനം സജീവമാക്കി. അഴിമതിക്കെതിരെ കേരളയാത്ര നടത്തി അദ്ദേഹം സംഘടനയുടെ പ്രവര്‍ത്തനം വിപുലമാക്കുകയുമുണ്ടായി. വ്യക്തിപരമായി ക്ലീന്‍ ഇമേജുണ്ടായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജനശക്തിയിലേക്ക് ആത്മാര്‍ഥതയും അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരുമായ ഏറെ പേര്‍ ആകര്‍ഷിക്കപ്പെട്ടു. പിന്നീട് അഡ്വ.സി.അനന്തപ്പന്‍ പ്രസിഡന്റും എം.ഡി.ഐസക്ക് ജനറല്‍ സെക്രട്ടറിയുമായി ഏറെക്കാലം ജനശക്തി തുടര്‍ന്നു. വിവരാവകാശ നിയമം വേണ്ടവിധം ഉപയോഗപ്പെടുത്തുകയായിരുന്നു എം.ഡി.ഐസക്കിന്റെ നേതൃത്വത്തില്‍ ജനശക്തി നടത്തിയ സമരതന്ത്രം. 2006 ല്‍ അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ വോട്ടുപിടിക്കാന്‍ 'ജനശക്തി'യെയും ഉപയോഗിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ ഊഴമിട്ട് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണരംഗത്തു സജീവമായിരുന്നു.

എന്നാല്‍ ക്രമേണ ജനശക്തിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായി. സംഘടന മര്യാദകളൊന്നും പാലിക്കാതെ സ്വാര്‍ഥതാത്പര്യത്തിനു വേണ്ടി സംഘടനയെ ഉപയോഗിക്കുന്നതായി പ്രസിഡന്റി്‌നെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നത്. അദ്ദേഹത്തിന്റെ തോന്നലുകള്‍ക്കനുസരണമായാണ് സംഘടനയെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു.
അഴിമതിയാരോപണം: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജനശക്തി പിളര്‍ന്നു
2010ല്‍ കോട്ടയത്ത് ചേര്‍ന്ന ജനശക്തിയുടെ 16ാം സംസ്ഥാന സമ്മേളനം നടന്‍ സുരേഷ് ഗോപി ചെയ്തപ്പോള്‍ (ഫയല്‍ ചിത്രം).

2010 ല്‍ കോട്ടയത്ത് സംഘടനയുടെ സംസ്ഥാന സമ്മേളനം ചേര്‍ന്നു പത്തു മാസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാത്തത് പ്രസിഡന്റിന്റെ വീഴ്ചയായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, '94 മുതല്‍ക്ക് ജനശക്തിയുടെ പ്രവര്‍ത്തനം കൊണ്ട് ചില നേതാക്കന്മാര്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചതെന്നും ആരോപണമുയര്‍ന്നു. സ്ഥാപക പ്രസിഡന്റ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ 'കൈവയ്പ്' വഴി മാത്രമാണ് ഇത്തരമൊരാള്‍ ജനശക്തി സംഘടനയുടെ തലപ്പത്തെത്തിയതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനശക്തി ലൈഫ്‌മെമ്പര്‍മാരുടെ യോഗം കോഴിക്കോട്ടു വിളിച്ചു ചേര്‍ത്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഇതിനു മുന്‍കൈ എടുത്തത്. ഈ യോഗം പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു. ഇതോടൊപ്പം ജനശക്തി എന്ന സംഘടന തന്നെയും തെറ്റായ വഴിയിലാണ് നീങ്ങുന്നതെന്ന് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

1994 ല്‍ ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും ജനശക്തിയുടെ നിയമാവലിയില്‍ സംസ്ഥാന ഘടകത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ല. ഡെല്‍ഹിയിലെ സംഘടനയുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭരണഘടനയനുസരിച്ച് ജനറല്‍ബോഡിയില്‍ നിന്നാണ് ഗവേണിങ് കൗണ്‍സിലിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇവിടെയാകട്ടെ പ്രസിഡണ്ടിനെയും മറ്റു ഭാരവാഹികളെയും കമ്മിറ്റിയെയും നോമിനേറ്റു ചെയ്യുകയാണ്. അല്‍ഫോണ്‍സ് കണ്ണന്താനമാണ് അഡ്വ.പി.സി.അനന്തപ്പനെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തത്. പിന്നീട് അംഗങ്ങളല്ലാത്തവരെപ്പോലും സംസ്ഥാന പ്രസിഡന്റ് സ്‌റ്റേറ്റ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തുവത്രേ. അഴിമതിക്കെതിരെ പടപൊരുതുന്നു എന്നു എന്നവകാശപ്പെടുന്ന സംഘടനയുടെ അധികാരസ്ഥാനങ്ങളില്‍ ഇങ്ങനെ അഴിമതിക്കാര്‍ കയറിപ്പറ്റി എന്നും ആരോപണമുയര്‍ന്നു.

ഈ സാഹചര്യത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സംഘടനയിലെ സജീവാംഗങ്ങള്‍ ചേര്‍ന്ന് ജനശക്തി കേരള എന്ന പേരില്‍ സംഘടന രജിസ്റ്റര്‍ (രജി.നം. ട. 695/11) ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ പി.വാസു പ്രസിഡന്റ്, എം.ഡി.ഐസക് ജനറല്‍ സെക്രട്ടറി, കെ.രഘുനാഥ് ട്രഷറര്‍, റിട്ട. പോലീസ് സൂപ്രണ്ട് പി അബൂബക്കര്‍ വൈസ് പ്രസിഡന്റ്, ഇടുക്കിയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മത്തായി റീജിയണല്‍ സെക്രട്ടറി, കെ.ശിവാനന്ദന്‍ ആശാരി, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പള്‍ സണ്ണി വി ജോസഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് ജനശക്തി കേരളയുടെ ഭാരവാഹികള്‍.

നേരിട്ടറിയുന്നതും പൊതുജനങ്ങളില്‍ നിന്ന് പരാതി മുഖേന ലഭിക്കുന്നതുമായ അഴിമതികളെക്കുറിച്ച് വിവരാവകാശ നിയമമനുസരിച്ച് പോരാടുന്ന സമരമുറ കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി.ഐസക് അറിയിച്ചു.

- ജെഫ്രി റെജിനോള്‍ഡ്.എം

Summary: Janasakthi is an organization formed by Rtd.I.A.S. Officer and Ex.M.L.A. Alphonse Kannanthanam. Latter members of organization alleged that the organization itself was used for some vested interst of its leaders. Its governing body was nominated also pointed out as unethical. Members formed a mew registered organization named Janasakthi Kerala (Reg.No.S.695/11). Vetteran Freedom Fighter P.Vasu elected as President, Mr.M.D.Issac as General secretary Mr.K.Reghunath as Treasurer.


Keywords: Alphose Kannanthanam, Janasakthi, alleged, corrupt, Janasakthi Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia