സര്‍ക്കാര്‍ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു

 



സ്വന്തം ലേഖകന്‍
  സര്‍ക്കാര്‍ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നു. കേസന്വേഷണത്തില്‍ നിന്ന് പൊലീസുകാരെ പിന്തിരിപ്പിക്കാന്‍ അവരുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നതു തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയുടെ പരിധിയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണിത്. പെലീസുകാര്‍ക്കു മാത്രമായി ഇത്തരത്തില്‍ ഒരു നിയമഭേദഗതി ക്കൊണ്ടുവന്നാല്‍ അതിന് നിയമപ്രാബല്യം ലഭിക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമയം 332, 353 എന്നിവയിലേതെങ്കിലും ഒരു വകുപ്പ് ഭേദഗതി ചെയ്യുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധക്കേസ് എന്നിവ അന്വേഷിക്കുന്ന പൊലീസുകാരുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നിയമം നിലവില്‍ വന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഏഴുവര്‍ഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും. നശിപ്പിക്കുന്ന സ്വത്തുവകകളുടെ തുകയുടെ ഇരട്ടി കോടതിയില്‍ കെട്ടിവയ്ക്കുകയും വേണമെന്നാണ് വ്യവസ്ഥ. തുക കെട്ടിവയ്ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

ഏതെങ്കിലുംസര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന അന്വേഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തുകയോ അത്തരത്തില്‍ പോസ്റ്ററുകളോ ലഘു ലേഖകളോ ഇറക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ആക്രമണം നടന്നാല്‍ ആക്രമണത്തിനിരയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏതെങ്കിലും അന്വേഷണത്തിനു താന്‍ ചുമതലപ്പെടുത്തിയിരുന്നതായി സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേകിച്ച് പൊലീസുകാര്‍ ഈ നിയമം ദുരപയോഗപ്പെടുത്തുന്നത് തടയാനാണ് ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുന്നതിനെതിരെ നിലവില്‍ നിയമമുണ്ട്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ പേരില്‍ പിന്നീട് പൊലീസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്രമണം വര്‍ധിക്കുകയും അവരുടെ സ്വത്തുവകകളും കൃഷിയും നശിപ്പിക്കുന്നത് വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസുകാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതിനുമാത്രമായി ഒരു നിയമഭേദഗതി കെണ്ടുവരാന്‍ സക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ കരട് തയ്യാറാക്കുന്ന വേളയിലാണ് പെലീസിനു മാത്രമായി നിയമ ഭേദഗതി പറ്റില്ലെന്നും മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും നിയോമപദേശം ലഭിച്ചത്. നിയമ ഭേദഗതി ഉടന്‍ പ്രാബല്യത്തിലാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia